പ്രചാരണത്തിന്‍റെ തുടക്കം പോലെ വഴിയാകെ സ്വീകരണങ്ങളേറ്റുവാങ്ങിയാണ് പിണറായി വിജയൻ കണ്ണൂരിലെ വീട്ടിലേക്കെത്തിയത്.
കണ്ണൂര്‍: എതിരാളികൾ ആരെന്നറിയും മുമ്പെ സ്വന്തം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി. ഇന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗവും മണ്ഡലത്തിലെ പ്രമുഖർക്കൊപ്പമിരുന്ന് മാനിഫെസ്റ്റോ ചർച്ചയും നടത്തുന്ന പിണറായി നാളെ മുതൽ ബൂത്തുതല പര്യടനം തുടങ്ങും.
പ്രചാരണത്തിന്‍റെ തുടക്കം പോലെ വഴിയാകെ സ്വീകരണങ്ങളേറ്റുവാങ്ങിയാണ് പിണറായി വിജയൻ കണ്ണൂരിലെ വീട്ടിലേക്കെത്തിയത്. ഇന്നലത്തെ രാഷ്ട്രീയ പ്രസംഗത്തിന് പിന്നാലെ ഇന്ന് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റിയോഗം ചേർന്നു. ഇനിയങ്ങോട്ടുള്ള പ്രചാരണ പ്രവർത്തനത്തിന്‍റെ രൂപരേഖയുണ്ടാക്കി. മണ്ഡലത്തിലെ പൗര പ്രമുഖരെ ഒപ്പമിരുത്തി അഞ്ച് വർഷം നടപ്പാക്കിയ കാര്യങ്ങളും വരാനിരിക്കുന്ന കാലത്തേക്കുള്ള മാനിഫെസ്റ്റോ ചർച്ചയും സംഘടിപ്പിച്ചു.
undefined
നാളെ മുതൽ ആറ് ദിവസം മണ്ഡലത്തിലാകെ മുഖ്യമന്ത്രി പര്യടനം നടത്തും. മൂന്ന് മുതൽ അഞ്ച് ബൂത്തികളിലുള്ളവരെ ഒരുമിച്ചിരുത്തിയാകും വോട്ടുചോദിക്കൽ. ഈ ദിവസങ്ങളിൽ കാനം രാജേന്ദ്രൻ, ഇപി ജയരാജൻ ഉൾപ്പെടെ എൽഡിഎഫിലെ പ്രമുഖ നേതാക്കളും മുഖ്യമന്ത്രിക്കായി പ്രചാരണത്തിനുണ്ടാകും.
കഴിഞ്ഞ തവണത്തെ 36905 ലീഡുയർത്തി മിന്നും ജയം നേടാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. എതിർ ക്യാംപിൽ മുഖ്യമന്ത്രിക്കെതിരെ ആരെ ഇറക്കണം എന്ന ചർച്ച നടക്കുന്നതേയുള്ളു. യുഡിഎഫിൽ ഡിസിസി ജന സെക്രട്ടറി രഘുനാഥിന്‍റെ പേര് സജീവമായി കേൾക്കുന്നു. ബിജെപിയാണെങ്കിൽ ഒരു മുതിർന്ന നേതാവിനെ ഇറക്കി സംസ്ഥാനം ശ്രദ്ധിക്കുന്ന പോരാട്ടം നടത്താനാണ് ആലോചിക്കുന്നത്.