കോണ്‍ഗ്രസിന് ക്ഷീണം; പാര്‍ട്ടി വിട്ട പി സി ചാക്കോ എന്‍സിപിയില്‍, ഇന്ന് മുതല്‍ പ്രചാരണം

By Web Team  |  First Published Mar 17, 2021, 7:27 AM IST

ദേശീയാടിസ്ഥാനത്തില്‍ ബിജെപിക്കെതിരായ ചേരിയെ നയിക്കാന്‍ ശരദ് പവാറിനേ കഴിയൂവെന്ന് തിരിച്ചറിഞ്ഞാണ് എന്‍സിപിയിലെത്തുന്നതെന്ന് പി സി ചാക്കോ പറഞ്ഞു. ഇന്ന് മുതൽ കേരളത്തിൽ യുഡിഎഫിനെതിരെയുള്ള പ്രചാരണത്തിൽ ശക്തമാകുമെന്നും പിസി ചാക്കോ


ദില്ലി: കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാവ് പി സി ചാക്കോ എൻസിപിയിൽ ചേർന്നു. ദേശീയാടിസ്ഥാനത്തില്‍ ബിജെപിക്കെതിരായ ചേരിയെ നയിക്കാന്‍ ശരദ് പവാറിനേ കഴിയൂവെന്ന് തിരിച്ചറിഞ്ഞാണ് എന്‍സിപിയിലെത്തുന്നതെന്ന് പി സി ചാക്കോ പറഞ്ഞു. ഇന്ന് മുതൽ കേരളത്തിൽ യുഡിഎഫിനെതിരെയുള്ള പ്രചാരണത്തിൽ ശക്തമാകുമെന്ന് പിസി ചാക്കോ പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിർണ്ണയത്തിന് പിന്നാലെയാണ് കലാപക്കൊടി ഉയർത്തി കോണ്‍ഗ്രസ് വിട്ടത്. ദില്ലിയില്‍ എന്‍സിപി ദേശീയ നേതാക്കള്‍ അണിനിരന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ചാക്കോയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ചാക്കോടയുടെ കടന്നുവരവ് എന്‍സിപിക്ക് ദേശീയ തലത്തിലും കേരളത്തിലും മുതല്‍ക്കൂട്ടാകുമെന്ന് ശരദ് പവാര്‍ പറഞ്ഞു.

Latest Videos

undefined

ദേശീയ തലത്തില്‍ മൂന്നാംമുന്നണി രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണെന്നും ശരദ് പവാര്‍ വ്യക്തമാക്കി. പ്രചാരണത്തില്‍ ചാക്കോ സജീവമാകുന്നത് കോണ്‍ഗ്രസിന് ക്ഷീണമായേക്കും. അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം ദേശീയ തലത്തില്‍ ചാക്കോയ്ക്ക് ചുമതലകള്‍ നല്‍കാനാണ് എന്‍സിപി നേതൃത്വത്തിന്‍റെ തീരുമാനം.

പി സി ചാക്കോയ്ക്ക്  മുന്നണിയിലേക്ക് സ്വാഗതമെന്നും സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിൽ പറഞ്ഞു. ദില്ലിയിലെ എകെജി ഭവനിലെത്തി, ചാക്കോ യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം ഇരുവരും ചേർന്ന് സംയുക്തമായി വാർത്താസമ്മേളനം വിളിക്കുകയും ചെയ്തു. 

കാലങ്ങൾക്ക് ശേഷം എൽഡിഎഫ് പാളയത്തിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് യെച്ചൂരിക്കൊപ്പം നടത്തിയ സംയുക്തവാർത്താ സമ്മേളനത്തിൽ പി സി ചാക്കോ പറ‌ഞ്ഞു. ചാക്കോയുടെ പഴയ പാർട്ടി എൻസിപി ദേശീയനേതാവായി മടങ്ങാമെന്ന് പറഞ്ഞ് സ്വാഗതം ചെയ്തതോടെയാണ് അദ്ദേഹം പഴയ പാളയത്തിലേക്ക് തിരികെപ്പോകാൻ തീരുമാനിച്ചത്.

ബിജെപിയിലേക്ക് ചാക്കോ പോയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, കോൺഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിക്കുന്ന വാർത്താസമ്മേളനത്തിൽത്തന്നെ അത്തരം എല്ലാ സാധ്യതകളും ചാക്കോ എഴുതിത്തള്ളിയതാണ്. കെഎസ്‍യു, യൂത്ത് കോൺഗ്രസ്സുകളിലൂടെ രാഷ്ട്രീയം തുടങ്ങിയ പി സി ചാക്കോ കോൺഗ്രസ് പിളർപ്പിൽ എ കെ ആന്‍റണിക്കൊപ്പം ഇടതുചേരിയിലേക്ക് കുടിയേറിയിരുന്നതാണ്.

എൺപതുകളിൽ നായനാർ മന്ത്രിസഭയിൽ അംഗവുമായി. ആന്‍റണി കോൺഗ്രസ്സിലേക്ക് മടങ്ങിപ്പോയെങ്കിലും ചാക്കോ ശരത് പവാറിനൊപ്പം കോൺഗ്രസ്സ് എസ്സിൽ തുടർന്നു. 86-ൽ ഔറംഗാബാദിൽ നടന്ന എഐസിസിയുടെ പ്രത്യേക സമ്മേളനം വഴിയായിരുന്നു ചാക്കോയുടെ കോൺഗ്രസ്സിലേക്കുള്ള മടക്കം.

കേരളത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രമുഖ ഗ്രൂപ്പുകൾ പോക്കറ്റിലിട്ട് ദില്ലിക്ക് വണ്ടി കയറിയെന്ന് ആരോപിച്ചാണ് തീർത്തും അപ്രതീക്ഷിതമായി പി സി ചാക്കോയുടെ പാർട്ടി അംഗത്വവും ചുമതലകളും രാജിവച്ചത്. ഗ്രൂപ്പില്ലാതെ പാർട്ടിയിൽ നിൽക്കാൻ കഴിയാത്തതുകൊണ്ടാണ് രാജിയെന്ന് പറഞ്ഞ ചാക്കോ വി. എം. സുധീരനെ ഉൾപ്പടെ ഗ്രൂപ്പ് മാനേജര്‍മാര്‍ ആക്രമിച്ചുവെന്ന് തുറന്നടിച്ചു. ഹൈക്കമാന്‍റും ഈ ജനാധിപത്യവിരുദ്ധനിലപാട് തടയുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ ഉമ്മൻചാണ്ടിയോടുള്ള അതൃപ്തിയും ചാക്കോ മറച്ചുവെച്ചില്ല.

ചാക്കോയുമായുള്ള അഭിമുഖം കാണാം:

click me!