ഇഡിക്ക് പിണറായിയെ തൊടാനാവില്ല, തീയിൽ കുരുത്തത് വെയിലത്ത് വാടില്ല: മുഖ്യമന്ത്രിയെ പ്രശംസിച്ച് പിസി ചാക്കോ

By Web Team  |  First Published Mar 19, 2021, 5:57 PM IST

കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ചേർന്ന് ഒരു പുരോഗമന സഖ്യം ഉണ്ടാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നവെന്നും അദ്ദേഹം പറഞ്ഞു


പാലക്കാട്: കോൺഗ്രസിനെ നിശിതമായി വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് സർക്കാരിനെയും വാനോളം പ്രശംസിച്ചും പിസി ചാക്കോയുടെ പ്രസംഗം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിണറായി വിജയനെ തൊടാനാവില്ല. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. ജനങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ പിണറായിയെ കാത്തുസൂക്ഷിക്കും. കഴിഞ്ഞ പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങൾ പൂർത്തിയാക്കി സർക്കാരാണ് ഇടതുമുന്നണിയുടേത്. അതല്ലെന്ന് തെളിയിക്കാൻ ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും വെല്ലുവിളിക്കുന്നുവെന്നും ചാക്കോ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസിൽ ആഭ്യന്തര ജനാധിപത്യമില്ലെന്നും കൊള്ളമുതൽ പങ്കുവെക്കുന്നത് പോലെ സീറ്റ് വീതംവെക്കുകയാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് കോങ്ങാട് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുന്നതിന് തൊട്ടുമുൻപ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest Videos

undefined

ഇടതുപക്ഷം മാനസികമായി യോജിക്കാനാവുന്ന സഖ്യമാണ്. മുന്നണിയിൽ താൻ സംതൃപ്തനാണ്. 1980 മുതൽ കേരളത്തിലെ കോൺഗ്രസ് ഇടതുപക്ഷവുമായി സഹകരിച്ച് ബിജെപിക്കെതിരെ പ്രവർത്തിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. കേരളത്തിന്റെ മനസ് എപ്പോഴും വലതുപക്ഷത്തിനും ബിജെപിക്കും എതിരാണ്. അതുകൊണ്ട് കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ചേർന്ന് ഒരു പുരോഗമന സഖ്യം ഉണ്ടാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നവെന്നും അദ്ദേഹം പറഞ്ഞു. 

ഈ തെരഞ്ഞെടുപ്പിൽ ജയിക്കുമോ തോൽക്കുമോ എന്നതല്ല കോൺഗ്രസിനെ സംബന്ധിച്ച് പ്രധാന കാര്യം. കോൺഗ്രസ് പാർട്ടിക്കകത്തെ ആഭ്യന്തര ജനാധിപത്യം പൂർണമായി നശിച്ചുവെന്നതാണ് പ്രധാനം. ഇത് ജനാധിപത്യ രീതിയിൽ തീരുമാനമെടുക്കുന്ന ഒരു പാർട്ടിയായത് കൊണ്ടാണ് കോൺഗ്രസുകാരായി തന്നെ പലരും ഇപ്പോഴും നിൽക്കുന്നത്. എന്നാൽ കേരളത്തിലെ കോൺഗ്രസ് രണ്ടു വ്യക്തികൾക്ക് വേണ്ടി പാർട്ടിയെ അടിയറവച്ചു. ആത്മാഭിമാനം ഉള്ളൊരാൾക്ക് കോൺഗ്രസിൽ തുടരാൻ കഴിയാത്ത നിലയായി. കേരളത്തിൽ കോൺഗ്രസ് തകർന്നു. ഈ തെരഞ്ഞെടുപ്പിൽ തോറ്റാലും പിടിച്ചുനിൽക്കാമെന്നോ തിരിച്ച് വരാമെന്നോ പറയാൻ കഴിയുന്ന ആന്തരിക ശേഷി കേരലത്തിലെ കോൺഗ്രസിനില്ലെന്നും അദ്ദേഹം വിമർശിച്ചു.

നിസ്സഹായരായ നിരവധി പ്രവർത്തകർ കോൺഗ്രസിൽ പിന്തള്ളപ്പെടുന്നു. ലതികാ സുഭാഷിനെ കോൺഗ്രസ് നേതൃത്വം അവഹേളിച്ചു. അതിനാരാണ് ഉമ്മൻചാണ്ടിക്ക് അധികാരം നൽകിയത്? ബൂത്ത് തലം മുതൽ കെപിസിസി വരെ എല്ലാം ഗ്രൂപ്പ് തിരിച്ച് വീതം വെക്കുന്ന ഒരു പാർട്ടിക്ക് നിലനിൽക്കാൻ എന്ത് അധികാരം? കോൺഗ്രസിന്റെ മഹാ തകർച്ചയുടെ ആരംഭമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

click me!