യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലാണെന്നും തർക്കങ്ങൾ ഇല്ലാതെ സീറ്റ് വിഭജനം പരിഹരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മുസ്ലീം ലീഗ് സ്ഥാനാർത്ഥികളെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായെന്നും പ്രഖ്യാപനം ഒമ്പതിനോ പത്തിനോയെന്ന് ഉണ്ടാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ലോക്സഭാ ഉപതെരെഞ്ഞെടുപ്പ് സ്ഥാനാർത്ഥിയേയും നിയമസഭാ സ്ഥാനാർത്ഥികളേയും ഒരുമിച്ചായിരിക്കും പ്രഖ്യാപിക്കുക. സ്ഥാനാർത്ഥി നിർണയതിനായി ഈ മാസം ഏഴിന് വീണ്ടും യോഗം ചേരും. ജില്ലാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലാണെന്നും തർക്കങ്ങൾ ഇല്ലാതെ സീറ്റ് വിഭജനം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിൽ ഉഭയകക്ഷി ചർച്ച തുടരുകയാണ്. ജോസഫ് വിഭാഗത്തിന്‍റെ കടുംപിടുത്തം മൂലമാണ് സീറ്റ് വിഭജനം നീണ്ട് പോകുന്നത്. ഇതിൽ കോൺഗ്രസിന് കടുത്ത അതൃപ്തിയുണ്ട്. ഇന്ന് പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് കോൺഗ്രസ്. ഓരോ സീറ്റും നിർണ്ണായകമാണെന്ന് ബോധ്യപ്പെടുത്തി ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനാകും കോൺഗ്രസിന്‍റെ ശ്രമം. ഉഭയകക്ഷി ചർച്ചകൾക്കിടെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയചർച്ചകളും നടക്കുകയാണ്. എച്ച് കെ പാട്ടിലിന്‍റെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം വൈകിട്ട് ചേരും.