'ക്യാപ്റ്റന്' ശരിവച്ച് വിജയരാഘവൻ, വിയോജിച്ച് കാനം, കൊള്ളിച്ച് ജയരാജൻ, തൊട്ടു തൊട്ടില്ല മട്ടിൽ കോടിയേരി

By Web Team  |  First Published Apr 3, 2021, 7:44 PM IST

വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ജയരാജൻ തുടക്കമിട്ട വിവാദം പാർട്ടിയിലും മുന്നണിയിലും ചർച്ചയായിട്ടുണ്ട്.


തിരുവനന്തപുരം: ക്യാപ്റ്റനെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്നതിനെച്ചൊല്ലി വ്യത്യസ്തനിലപാടുകളുമായി ഇടത് നേതാക്കൾ. രാവിലെ പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റോടെയാണ് തർക്കം തുടങ്ങിയത്. പിണറായിയെ പിന്തുണയക്കുന്നു എന്ന  മട്ടിൽ തുടങ്ങിയ ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പക്ഷെ പരോക്ഷവിമർശനം ക്യാപ്റ്റനെന്ന വിളിയെക്കുറിച്ചാണ്. പാർട്ടിയിൽ എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റനെന്നും ജയരാജൻ കുറിച്ചു. തന്നെക്കുറിച്ച് പണ്ട് പാട്ട് തയ്യാറാക്കിയത് വ്യക്തിപൂജയാണെന്ന് പാർട്ടി കണ്ടെത്തിയതിനെക്കുറിച്ചും ജയരാജൻ പോസ്റ്റിൽ പരോക്ഷമായി തള്ളിപ്പറയുന്നുണ്ട്.

പാർട്ടിയാണ് ക്യാപ്റ്റനെന്ന് ജയരാജന്‍റെ പരോക്ഷവിമർശനം വന്നതോടെ പിണറായിയെ തുണച്ച് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ രംഗത്തെത്തി. മികച്ച നേതൃപാടവമുളളയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ ജനങ്ങൾക്ക് ഇഷ്ടമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് പേരുകൾ നൽകുന്നത്. അത് മുഖ്യമന്ത്രിക്കുളള അംഗീകാരമാണെന്നും വിജയരാഘവൻ പറഞ്ഞുവച്ചു.

Latest Videos

അതേസമയം ജനങ്ങളാണ് വിശേഷണം നൽകിയതെന്ന് പറഞ്ഞ കൊടിയേരിയുടെ മറുപടി ക്യാപ്റ്റനെ പൂർണമായും തള്ളാതെയും കൊള്ളാതെയുമായിരുന്നു. എന്നാൽ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ ക്യാപ്റ്റൻസി പൂർണ്ണമായും തള്ളിക്കളഞ്ഞു. പിണറായിയെ സഖാവ് എന്നാണ് വിളിക്കാറുള്ളതെന്നും കമ്യൂണിസ്റ്റുകാർ ക്യാപ്റ്റനെന്ന് വിളിക്കാറില്ലെന്നായിരുന്നു കാനത്തിന്‍റെ മറുപടി. വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ജയരാജൻ തുടക്കമിട്ട വിവാദം പാർട്ടിയിലും മുന്നണിയിലും ചർച്ചയായിട്ടുണ്ട്.

click me!