മുഖ്യമന്ത്രിയുടെ ശമ്പളം പറ്റുമ്പോള്‍ മറ്റൊരു പെന്‍ഷനും വാങ്ങാന്‍ പറ്റില്ല. എംഎല്‍എ ആയിരിക്കുമ്പോള്‍ എംഎല്‍എയുടെ നിലവിലുള്ള ശമ്പളമല്ലാതെ അതോടൊപ്പം എംഎല്‍എ പെന്‍ഷന്‍ വാങ്ങാന്‍ പറ്റില്ല.
തിരുവനന്തപുരം: തൻ്റെ ആസ്തിയും വരുമാനവും സംബന്ധിച്ച് ആരോപണം ഉയര്‍ത്തിയ അഭിഭാഷകൻ ഹരീഷ് വാസുദേവിന് മറുപടിയുമായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ സമര്‍പ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹരീഷ് വാസുദേവൻ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതിനാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ മറുപടി നൽകിയത്. 2015 നു ശേഷം ഉമ്മൻചാണ്ടി വരുമാന നികുതി അടയ്ക്കുകയോ റിട്ടേൺ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹരീഷ് വാസുദേവൻ ആരോപിച്ചിരുന്നു.
ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് -
undefined
തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമര്‍പ്പണത്തോട് അനുബന്ധിച്ച് ഞാന്‍ നല്കിയ സത്യവാങ്മൂലത്തില്‍ നിന്നുള്ള കണക്കുകള്‍ എടുത്ത് തെറ്റായി വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു.
ആക്ഷേപം ഒന്ന്: 2014-15ല്‍ വാര്‍ഷിക വരുമാനമായി കാട്ടിയത് വെറും 3,42,230 രൂപയാണ്. അതായത് പ്രതിമാസ വരുമാനം 28,600 രൂപ.
ഉത്തരം: 2014 ഏപ്രില്‍ 1ന് ലഭിച്ച നികുതി വിധേയമായ ശമ്പളം 27410 രൂപയാണ്. അടിസ്ഥാന ശമ്പളം 1000 രൂപ, ഡിഎ 26,410 രൂപ, കണ്‍വേയന്‍സ് അലവന്‍സ് 10,500, മണ്ഡല അലവന്‍സ് 12,000 രൂപ. ഇതില്‍ അടിസ്ഥാനശമ്പളവും ഡിഎയുമാണ് നികുതി വിധേയം. ഒരു മുഖ്യമന്ത്രിയുടെ അന്നത്തെ ശമ്പളം ഇത്രയുമൊക്കെയേ ഉള്ളൂ എന്ന് അറിയുക.
ആക്ഷേപം രണ്ട്: മുഖ്യമന്ത്രിയുടെ ശമ്പളം കൂടാതെ എംഎല്‍എ പെന്‍ഷനുണ്ടെങ്കിലും അതു രേഖപ്പെടുത്തിയില്ല.
ഉത്തരം: മുഖ്യമന്ത്രിയുടെ ശമ്പളം പറ്റുമ്പോള്‍ മറ്റൊരു പെന്‍ഷനും വാങ്ങാന്‍ പറ്റില്ല. എംഎല്‍എ ആയിരിക്കുമ്പോള്‍ എംഎല്‍എയുടെ നിലവിലുള്ള ശമ്പളമല്ലാതെ അതോടൊപ്പം എംഎല്‍എ പെന്‍ഷന്‍ വാങ്ങാന്‍ പറ്റില്ല.
ആക്ഷേപം മൂന്ന്: 2015നുശേഷം വരുമാന നികുതി അടയ്ക്കുകയോ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.
ഉത്തരം: 1.4.2020-ല്‍ എംഎല്‍എ എന്ന നിലയില്‍ 2000 രൂപയാണ് മാസശമ്പളം. മണ്ഡല അലവന്‍സ് 25,000 രൂപ, ടെലിഫോണ്‍ അലവന്‍സ് 11000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപ, അതിഥി അലവന്‍സ് 8000 രൂപ. അലവന്‍സുകള്‍ ആദായനികുത പരിധിയില്‍ വരില്ല. അതുകൊണ്ടാണ് ആദായ നികുതി അടയ്ക്കാത്തത്.
സത്യമേവ ജയതേ!!
ഹരീഷ് വാസുദേവൻ്റെ ഫേസ്ബുക്ക് പോസ്റ്റ് -
ഉമ്മൻചാണ്ടിയുടെ വരുമാനം.
2014-15 വർഷം ഉമ്മൻചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ വർഷമാണ് അദ്ദേഹം വരുമാന നികുതി റിട്ടേൺ അവസാനമായി നൽകിയത്. ഒരു മുഖ്യമന്ത്രിക്ക് ശമ്പളം എത്രയാണെന്ന് അറിയാമല്ലോ. എന്നാൽ അദ്ദേഹം 2014-15 ലെ റിട്ടേണിൽ വാർഷിക വരുമാനമായി കാണിച്ചത് വെറും 3,42,230 രൂപ !!!
അതായത്, മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം വെറും 28,600 രൂപ !!!
50 വർഷമായി അദ്ദേഹം പുതുപ്പള്ളി MLA ആണ്. 50 വർഷത്തെ MLA പെൻഷൻ ഒരാൾക്ക് പ്രതിമാസം ഏതാണ്ട് 50,000 രൂപ കിട്ടുമെന്നു നിയമസഭാ വെബ്‌സൈറ്റ് പറയുന്നു.
2015 നു ശേഷം ഉമ്മൻചാണ്ടി വരുമാന നികുതി അടയ്ക്കുകയോ റിട്ടേൺ സമർപ്പിക്കുകയോ ചെയ്തിട്ടില്ല !!
മകൻ ചാണ്ടി ഉമ്മൻ വക്കീലാണ്. 2020 റിട്ടേൺ അനുസരിച്ച് പ്രതിമാസ വരുമാനം 11,811 രൂപ !!
മലയാളമനോരമ എത്ര തള്ളിയാലും, ഉടുപ്പ് കീറി നടന്നാലും, വസ്തുതകൾ സ്വന്തം ഒപ്പുള്ള സത്യവാങ്മൂലമായി ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ വരും.
സത്യം നമ്മെ നോക്കി പല്ലിളിക്കും 😬
അരിയാഹാരം കഴിക്കുന്നവരിൽ എത്രപേർ ഈ കണക്ക് വിശ്വസിക്കും???
ഒരേ സമയം സ്വന്തം ജനതയോട് കള്ളം പറയുകയും, അതേസമയം നികുതി വെട്ടിക്കുകയും ചെയ്യുന്ന ഒരാൾ മാന്യനായി, ഒരു വലിയ ജനതയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഒക്കെയായി മാറുന്നെങ്കിൽ, ആ ജനത അടിസ്ഥാനപരമായി തട്ടിപ്പിന് കൂട്ടുനിൽക്കുന്ന, ഇന്റഗ്രിറ്റി ഇല്ലാത്ത ജനത ആയിരിക്കണം. അല്ലെങ്കിൽ അയാളുടെ ഈ മുഖം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടാൻ മറ്റു പാർട്ടികൾ പരാജയപ്പെട്ടത് കൊണ്ടാവണം.
പൊതുജീവിതത്തിൽ അടിസ്ഥാന സത്യസന്ധത കാണിക്കാത്ത മനുഷ്യരെങ്ങനെയാണ് ഒരു സംസ്ഥാനത്തെ സത്യത്തിന്റെ മാർഗ്ഗത്തിൽ നയിക്കുന്നത്?
അഡ്വ.ഹരീഷ് വാസുദേവൻ.