മുസ്ലീം ലീഗിനൊരു വനിതാ എംഎല്‍എ? ഖമറുന്നീസ അന്‍വര്‍ തോറ്റിടത്ത് നൂര്‍ബിന പോരാട്ടത്തിന് ഇറങ്ങുന്നു

By Web Team  |  First Published Mar 12, 2021, 5:27 PM IST

ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് 1996 ല്‍ ഖമറുന്നിസ അൻവര്‍ കോഴിക്കോട് മത്സരിച്ചതൊഴിച്ചാല്‍ അതിന് മുമ്പോ ശേഷമോ വനിതകളാരും മുസ്ലീം ലീഗിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല.


കോഴിക്കോട്: ഇരുപത്തിയഞ്ച് വർഷത്തിന് ശേഷം മുസ്ലീംലീഗിൽ വനിതാ സ്ഥാനാർത്ഥി. അഭിഭാഷകയായ നൂര്‍ബിന റഷീദാണ് മുസ്ലീംലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് സൗത്തില്‍ നിന്ന് മത്സരിക്കുന്നത്. 2018-ലാണ് ലീഗിന്‍റെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് നൂർബിന എത്തിയത്. ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിൽ വനിതാ നേതാക്കൾ ആദ്യമായി അംഗമാകുന്നതും അത്തവണയായിരുന്നു. നഗരമണ്ഡലമാണ് കോഴിക്കോട് സൗത്തെന്നതിനൊപ്പം അവിടെ എതിര്‍ സ്ഥാനാര്‍ത്ഥികളായി വരുന്നത് എല്‍ഡിഎഫില്‍ ഐഎന്‍എല്ലും എന്‍ഡിഎയില്‍ ബിഡിജെഎസ് ആണെന്നതും വനിതാ സ്ഥാനാര്‍ത്ഥിയെന്ന പരീക്ഷണത്തിന് ലീഗിന് ധൈര്യം നല്‍കുന്നുണ്ട്. 

ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് 1996 ല്‍ ഖമറുന്നിസ അൻവര്‍ കോഴിക്കോട് മത്സരിച്ചതൊഴിച്ചാല്‍ അതിന് മുമ്പോ ശേഷമോ വനിതകളാരും മുസ്ലീംലീഗിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. അന്ന് എളമരം കരീമിനോട് 8766 വോട്ടിനാണ് ഖമറുന്നിസ തോറ്റത്. പിന്നീട് എല്ലാ തെരഞ്ഞെടുപ്പുകളിലും ലീഗില്‍ വനിതാ സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചര്‍ച്ചകളുണ്ടായിട്ടുണ്ടെങ്കിലും ഖമറുന്നീസയ്ക്ക് പിന്‍ഗാമികളുണ്ടായില്ല. ഇത്തവണ സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്, സംസ്ഥാന സെക്രട്ടറി പി കുല്‍സു എന്നിവരുടെ പേരുകള്‍ സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കണമെന്ന് കാണിച്ച് വനിതാ ലീഗ് നേതൃത്വം നേരത്തെ തന്നെ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. 

Latest Videos

ലീഗിന്‍റെ പ്രധാന  വോട്ടു ബാങ്കായ ഇ കെ സുന്നി നേതൃത്വത്തിന്‍റെ എതിര്‍പ്പാണ് മുസ്ലീം സ്ത്രീകളെ നിയമസഭ/ലോക്സഭ തെരെഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കാതിരിക്കാൻ കാരണമായി ലീഗ് നേതൃത്വം ഇതുവരെ പറഞ്ഞിരുന്നത്. ഇതിന്‍റെ പേരില്‍ സമസ്തക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സമസ്ത സ്ത്രീ വിരുദ്ധ സംഘടനയാണെന്ന തരത്തിലും വലിയ പ്രചാരങ്ങളുണ്ടായി. ഇതോടെയാണ് മുസ്ലീം ലീഗ്  ലീഗ് വനിതകളെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ ഒരു പങ്കുമില്ലെന്ന വിശദീകരണവുമായി സമസ്ത നേതാക്കള്‍ രംഗത്തെത്തിയത്. 

click me!