തദ്ദേശതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പരീക്ഷണത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച ട്വന്‍റി ട്വന്‍റിയും, വി ഫോർ കേരളയും നിയമസഭ തെരഞ്ഞെടുപ്പിനും സജ്ജരായി കഴിഞ്ഞു
കൊച്ചി: രാഷ്ട്രീയബദലായി എറണാകുളത്ത് ഉയർന്നു വന്ന ട്വന്‍റി ട്വന്‍റിയും വി ഫോർ കേരളയും നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യത്തിനില്ല. നിഷ്പക്ഷ വോട്ടുകളുടെ ഭിന്നിപ്പ് ഒഴിവാക്കുന്നതിനുള്ള കൂട്ടുകെട്ടിനായി താല്‍പ്പര്യം അറിയിച്ചെങ്കിലും ട്വന്‍റി ട്വന്‍റി അംഗീകരിച്ചില്ലെന്ന് വി ഫോർ കേരള പറഞ്ഞു. വിഫോർ കേരളക്ക് സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ടാണ് ട്വന്‍റി ട്വന്‍റി സഖ്യത്തിന് തയ്യാറാകാതിരുന്നതെന്ന് വിഫോർ കേരള നേതാവ് നിപുൺ ചെറിയാൻ ആരോപിച്ചു.
തദ്ദേശതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പരീക്ഷണത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച ട്വന്‍റി ട്വന്‍റിയും, വി ഫോർ കേരളയും നിയമസഭ തെരഞ്ഞെടുപ്പിനും സജ്ജരായി കഴിഞ്ഞു. ട്വന്‍റി ട്വന്‍റി എറണാകുളം ജില്ലയിൽ മത്സരിക്കുക എട്ട് സീറ്റിൽ. വി ഫോർ കേരള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് മൂന്ന് സീറ്റിലും. വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളെ ചോദ്യം ചെയ്യുന്ന ഇരുസംഘടനകളും ഒരുമിച്ച് നിൽക്കണമെന്ന ആശയം ചർച്ചയായെങ്കിലും ഫലം കണ്ടില്ല. എറണാകുളം,കൊച്ചി,തൃക്കാക്കര ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ വി ഫോർ കേരളയ്ക്കും,ട്വന്‍റി ട്വന്‍റിക്കും സ്ഥാനാർത്ഥികളുണ്ട്.
നഗരമേഖലകളിലെ ട്വന്‍റി ട്വന്‍റിയുടെ ആദ്യ പരീക്ഷണമാണ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ്. പാർട്ടിയെന്ന നിലയിലേക്ക് വളരാൻ ശ്രമിക്കുന്നതിനിടെ കൂട്ടുകെട്ട് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് ട്വന്‍റിക്ക് ട്വന്‍റിക്ക്. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ രാഷ്ട്രീയ കക്ഷികളോട് താത്പര്യകുറവുള്ള വോട്ടർമാരുടെ നിലപാട് നിർണായകമാകും.