കത്തോലിക്ക സമുദായംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡോളി കുര്യാക്കോസിന്റെ പേരാണ് പരിഗണനയിലുള്ളത്. അതിനിടെ സ്ഥാനാർത്ഥി നിർണയത്തിൽ വിശദീകരണവുമായി ഹൈക്കമാൻഡ് രംഗത്തെത്തി.
ദില്ലി: മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കനും മാത്യു കുഴൽനാടനും സീറ്റില്ലെന്ന് സൂചന. കത്തോലിക്ക സമുദായംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡോളി കുര്യാക്കോസിന്റെ പേരാണ് പരിഗണനയിലുള്ളത്. അതിനിടെ സ്ഥാനാർത്ഥി നിർണയത്തിൽ വിശദീകരണവുമായി ഹൈക്കമാൻഡ് രംഗത്തെത്തി. കേരളത്തിലെ നേതാക്കൾ നൽകുന്ന പട്ടികയിൽ നിർദ്ദേശങ്ങൾ മാത്രമാണ് നൽകുന്നതെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി.
പാർട്ടി നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് ജോസഫ് വാഴയ്ക്കന് മൂവാറ്റുപുഴയിൽ ജയസാധ്യത ഇല്ലെന്ന നിഗമനത്തിലേക്ക് എത്തിയതും പകരം മാത്യു കുഴൽനാടനെ പരിഗണിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വന്നതും. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ മാത്യു കുഴൽനാടന്റെ സ്ഥാനാർത്ഥിത്വത്തിന് വലിയ സാധ്യത ഉയരുകയും ചെയ്തു. പിന്നീട് നടന്ന ചർച്ചകളിൽ ഐ ഗ്രൂപ്പ് രംഗത്തു വരികയും രമേശ് ചെന്നിത്തല ശക്തമായി ജോസഫ് വാഴയ്ക്കന് വേണ്ടി വാദിക്കുകയും ചെയ്തിരുന്നു. കെ ബാബുവിന് വേണ്ടി എ ഗ്രൂപ്പ് സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ ജോസഫ് വാഴയ്ക്കനെ ആ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിർദ്ദേശമായിരുന്നു ഉണ്ടായിരുന്നത്.
undefined
എന്നാൽ, ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് പട്ടികയിൽ ഒരു വനിതയെ പരിഗണിക്കുന്നു എന്നുള്ളതാണ്. ഐ ഗ്രൂപ്പ് തന്നെ മുന്നോട്ട് വച്ചിരിക്കുന്ന പേരാണ് ഡോളി കുര്യാക്കോസിന്റേത്. ഇതിനിടെയാണ് സ്ഥാനാർത്ഥി പട്ടികയിൽ വിശദീകരണവുമായി ഹൈക്കമാൻഡ് രംഗത്തെത്തിയിരിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി ഗ്രൂപ്പടിസ്ഥാനത്തിൽ അസ്വാരസ്യങ്ങൾ തുടരുന്നതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ട്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുമ്പോട്ട് വച്ച പേരുകൾ പലതും സർവ്വേയുടെ അടിസ്ഥാനത്തിൽ പിന്തള്ളപ്പെടുന്ന സാഹചര്യവുമുണ്ട്. കേരളത്തിലെ നേതാക്കൾ നൽകുന്ന പേരുകൾ സംബന്ധിച്ച് ചില ഭേദഗതികൾ മാത്രമാണ് തങ്ങൾ മുന്നോട്ട് വെക്കുന്നതെന്നും പകരം പേരുകൾ നിർദ്ദേശിക്കുന്നില്ലെന്നുമാണ് ഹൈക്കമാൻഡിന്റെ വിശദീകരണം.
അതേസമയം, വൈക്കം സംവരണ സീറ്റിൽ വനിതാ സ്ഥാനാർത്ഥി മത്സരിക്കുമെന്ന് സൂചന പുറത്തുവന്നു. വൈക്കത്ത് വനിതാ സ്ഥാനാർത്ഥിയാണെങ്കിൽ കാഞ്ഞിരപ്പള്ളിയിൽ ലതിക സുഭാഷിൻ്റ സാധ്യത മങ്ങും. മാത്യു കുഴൽനാടനെ ചാലക്കുടിയിലേക്ക് മാറ്റാൻ ആലോചനയുണ്ടെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. നിലമ്പൂരിൽ വി.വി പ്രകാശിന് സാധ്യതയെന്നാണ് സൂചന. ഇരിക്കൂറിൽ സജീവ് ജോസഫും, സോണി സെബാസ്റ്റ്യനും അന്തിമ പട്ടികയിലുണ്ട്. തരൂരിൽ കെ.എ ഷീബ, തൃശൂരിൽ പദ്മജ വേണുഗോപാൽ, കഴക്കൂട്ടത്ത് ജെ എസ് അഖിൽ എന്നിങ്ങനെയാണ് നിലവിൽ ലഭിക്കുന്ന സൂചന.