കളമശ്ശേരി കൈവിടുമോ? ആശങ്കയിൽ ലീ​ഗ്; മണ്ഡലത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും

By Web Team  |  First Published Mar 20, 2021, 6:39 AM IST

പാണക്കാട് തങ്ങൾ പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്കെതിരെ മുസ്ലിം ലീഗിൽ നിന്നുണ്ടായ അസാധാരണ പ്രതിഷേധം നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട മങ്കട എംഎൽഎ ടി.എ അഹമ്മദ് കബീറിന്‍റെ നേതൃത്വത്തിലായിരുന്നു വിമത നീക്കങ്ങളുടെ തുടക്കം. 


കൊച്ചി: കളമശ്ശേരിയിലെ വിമത നീക്കം തടയാനായെങ്കിലും മണ്ഡലം കൈവിടുമോയെന്ന ആശങ്കയിലാണ് മുസ്ലിം ലീഗ്. വിമത സ്വരമുയർത്തിയ 
നേതാക്കൾക്ക് പാർട്ടി പദവി നൽകി അനുനയിപ്പിക്കാനാണ് ശ്രമം. എറണാകുളം ജില്ല കമ്മിറ്റി ഉടൻ പുനസംഘടിപ്പിച്ച് പദവികൾ നൽകാമെന്നാണ് നേതൃത്വത്തിന്‍റെ ഉറപ്പ്.

പാണക്കാട് തങ്ങൾ പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്കെതിരെ മുസ്ലിം ലീഗിൽ നിന്നുണ്ടായ അസാധാരണ പ്രതിഷേധം നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട മങ്കട എംഎൽഎ ടി.എ അഹമ്മദ് കബീറിന്‍റെ നേതൃത്വത്തിലായിരുന്നു വിമത നീക്കങ്ങളുടെ തുടക്കം. അഹമ്മദ് കബീറിനെ അനുനിയിപ്പിച്ചെങ്കിലും ജില്ലയിലെ നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതിഷേധം പൂർണമായി തണുപ്പിക്കാൻ പാർട്ടിക്കായിട്ടില്ല. ഇതിന് പരിഹാരമായാണ് ജില്ല കമ്മിറ്റി പുനസംഘടിപ്പിക്കുന്നത്. കളമശ്ശേരി മണ്ഡലത്തിലെ സ്ഥാനാർത്ഥി വി.ഇ അബ്ദുൽ ഗഫൂറിനെ ജില്ല ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റും. വിമത സ്വരമുയർത്തിയ വിഭാഗത്തിലൊരാൾക്ക് പകരം ചുമതല നൽകുമെന്നാണ് പുതിയ വാഗ്ദാനം.

Latest Videos

പാലാരിവട്ടം പാലം സജീവ ചർച്ചയായ മണ്ഡലത്തിൽ വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ മകൻ അബ്ദുൽ ഗഫൂറിന് ജയ സാധ്യതയില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്‍റെ വിലയിരുത്തൽ. ഈ വാദങ്ങൾ മറികടക്കാൻ ഗഫൂറിന്‍റെ വിജയം നേതൃത്വത്തിന് അനിവാര്യമാണ്. മണ്ഡലത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്താനാണ് തീരുമാനം. യുഡിഎഫിലെ മുതിർന്ന നേതാക്കളെ പ്രചാരണത്തിനെത്തിച്ചും സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പുയർത്തി പ്രതിരോധം തീർക്കാനുമാണ് നീക്കം.

click me!