ഷംസീറിനെ തോല്‍പ്പിക്കാന്‍ ബിജെപിയുടെ വോട്ട് ആവശ്യപ്പെടില്ല. എല്ലാ മതേതര ജനാധിപത്യ വിശ്വാസികളുടെയും വോട്ട് സ്വീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലീബീ ആരോപണത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിക്ക് വിഷയദാരിദ്രമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ഷംസീറിനെ തോല്‍പ്പിക്കാന്‍ ബിജെപിയുടെ വോട്ട് ആവശ്യപ്പെടില്ല. എല്ലാ മതേതര ജനാധിപത്യ വിശ്വാസികളുടെയും വോട്ട് സ്വീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളത്തിലെ ബിജെപി- കോൺഗ്രസ് ധാരണ പൂർവ്വാധികം ശക്തി പ്രാപിക്കുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണം.
ഗുരുവായൂരിൽ ബിജെപിയുമായി യുഡിഎഫ് കച്ചവടമുറപ്പിച്ച് കഴിഞ്ഞുവെന്ന് പറഞ്ഞ മുഖ്യമന്ത്രി കെ എൻ എ ഖാദർ ചില കാര്യങ്ങളിൽ അനുകൂലമായി സംസാരിക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും ആരോപിക്കുന്നു. പഴയ 'കോലീബി' സഖ്യത്തിന്റെ വിശാലമായ രൂപമാണ് കേരളത്തിലുള്ളതെന്നും യുഡിഎഫും ബിജെപിയും ഒരേ ധാരണയിലാണ് കാര്യങ്ങൾ നീക്കിയതെന്നും പിണറായി വിജയൻ ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമിച്ച് നീങ്ങാം എന്ന സർക്കാർ നിലപാടിനെ കോൺഗ്രസ് അംഗീകരിക്കാതിരുന്നത് ഇത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.