കുണ്ടറയിൽ കടുത്ത മത്സരമില്ലെന്ന് മേഴ്സിക്കുട്ടിയമ്മ; ജനങ്ങളെ വെല്ലുവിളിക്കരുതെന്ന് വിഷ്ണുനാഥ്

By Web Team  |  First Published Mar 26, 2021, 10:20 AM IST

മണ്ഡലവുമായുളള ദീര്‍ഘകാല ബന്ധം ഇക്കുറിയും വിജയം കൊണ്ടുവരുമെന്ന പ്രതീക്ഷ മേഴ്സിക്കുട്ടിയമ്മ പങ്കുവയ്ക്കുമ്പോഴും വിഷ്ണുനാഥിന്‍റെ സ്ഥാനാര്‍ഥിത്വവും രാഷ്ട്രീയമായ പ്രചാരണങ്ങളും മണ്ഡലത്തിലെ മത്സരത്തിന് ഇക്കുറി ഇത്തിരി ആവേശം കൂട്ടിയിട്ടുണ്ടെന്നതാണ് വസ്തുത.


കൊല്ലം: മാധ്യമങ്ങൾ പറയും പോലൊരു കടുത്ത മത്സരം കുണ്ടറയിൽ താൻ നേരിടുന്നില്ലെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. മത്സരമില്ലെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥ്. കൊണ്ടും കൊടുത്തും മുന്നേറുകയാണ് കുണ്ടറയിലെ ഇടത് വലത് സ്ഥാനാർത്ഥികൾ.

മൂന്ന് വട്ടം വിജയ മധുരവും രണ്ട് വട്ടം പരാജയത്തിന്‍റെ കയ്പ്പും മേഴ്സിക്കുട്ടിയമ്മ കുണ്ടറയില്‍ നുണഞ്ഞിട്ടുണ്ട്. മുതിര്‍ന്ന മന്ത്രിമാരില്‍ പലരെയും സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പുറത്തേക്ക് കടത്തിയിട്ടും സിപിഎം വീണ്ടും അവസരം നല്‍കിയതോടെ കുണ്ടറയിലിത് മേഴ്സിക്കുട്ടിയമ്മയുടെ ആറാം മത്സരമാണ്. സംസ്ഥാനമെമ്പാടും യുഡിഎഫ് ഉന്നയിക്കുന്ന ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിന്‍റെ കേന്ദ്രബിന്ദുവായി കൂടിയാണ് മത്സരിക്കുന്നതെങ്കിലും കുണ്ടറയില്‍ കടുത്തൊരു മല്‍സരം തനിക്ക് അനുഭവപ്പെടുന്നില്ലെന്നാണ് മേഴ്സിക്കുട്ടിയമ്മയുടെ പക്ഷം.

Latest Videos

undefined

ഇത്തിരി വൈകിയാണ് വന്നതെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് പ്രചാരണത്തില്‍ എല്‍ഡിഎഫിനൊപ്പമെത്താന്‍ കഴിഞ്ഞതാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്. മന്ത്രിക്കെതിരെ രാഷ്ട്രീയ വിമര്‍ശനമുന്നയിച്ചാണ് കോണ്‍ഗ്രസിന്‍റെ യുവനേതൃനിരയിലെ പ്രമുഖന്‍ കുണ്ടറ പിടിക്കാന്‍ ശ്രമിക്കുന്നതും.

ബിജെപി നേതാക്കള്‍ പലരും നോട്ടമിട്ട മണ്ഡലത്തില്‍ ബിഡിജെഎസ് നേതാവ് വനജ വിദ്യാധരന്‍ സ്ഥാനാര്‍ഥിയായെത്തിയതിനെ തുടര്‍ന്ന് ബിജെപി അണികളിലും അനുഭാവികളിലും ഉണ്ടായ ആശയക്കുഴപ്പം വോട്ടിങ്ങിനെ എങ്ങിനെ സ്വാധീനിക്കുമെന്ന കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും തലപുകയ്ക്കുകയാണ്.

മുപ്പതിനായിരത്തിലധികം വോട്ടിനായിരുന്നു കുണ്ടറയില്‍ കഴിഞ്ഞ തവണ മേഴ്സിക്കുട്ടിയമ്മയുടെ വിജയം. മണ്ഡലവുമായുളള ദീര്‍ഘകാല ബന്ധം ഇക്കുറിയും വിജയം കൊണ്ടുവരുമെന്ന പ്രതീക്ഷ മേഴ്സിക്കുട്ടിയമ്മ പങ്കുവയ്ക്കുമ്പോഴും വിഷ്ണുനാഥിന്‍റെ സ്ഥാനാര്‍ഥിത്വവും രാഷ്ട്രീയമായ പ്രചാരണങ്ങളും മണ്ഡലത്തിലെ മത്സരത്തിന് ഇക്കുറി ഇത്തിരി ആവേശം കൂട്ടിയിട്ടുണ്ടെന്നതാണ് വസ്തുത.

click me!