കളക്ടർമാരുടെ യോഗം; തദ്ദേശ അഡീ. ചീഫ് സെക്രട്ടറിയോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടി

By Web Team  |  First Published Mar 21, 2021, 8:59 PM IST

ക്ലീൻ കേരള കമ്പനി വഴി മാലിന്യനിർമാർജന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്റെ സ്ഥലമെടുപ്പ് പുരോഗതി സംബന്ധിച്ച യോഗമാണ് തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറി 23 ന് ഓൺലൈനായി വിളിച്ച് കളക്ടർമാർക്ക് കത്തയച്ചത്. 


തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീഷണൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ക്ലീൻ കേരള കമ്പനി വഴി മാലിന്യനിർമാർജന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്റെ സ്ഥലമെടുപ്പ് പുരോഗതി വിലയിരുത്തനായിരുന്നു യോഗം വിളിച്ചത്. ഇത് തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശദീകരണം തേടിയത്.

അനുമതി വാങ്ങാതെ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ വിശദമായി മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും സെക്രട്ടറിമാർക്കും വകുപ്പ് മേധാവികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരുന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരായ കളക്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ നിർദ്ദേശങ്ങൾ നൽകരുതെന്ന് നേരത്തെ അഡീ.ചീഫ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും മറ്റ് സെക്രട്ടറിമാർക്കും ചീഫ് സെക്രട്ടറി കത്ത് നൽകിയിരുന്നതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. യോഗം വിളിക്കേണ്ടതോ നിർദ്ദേശം നൽകേണ്ടതോ ആയ അടിയന്തിര സാഹചര്യമാണെങ്കിൽ അതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി വാങ്ങേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Videos

click me!