വടകര മണ്ഡലത്തിൽ ആര്‍എംപിയെ യുഡിഎഫ് പിന്തുണക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ആര്‍എംപിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമക്കിയിട്ടില്ല
ദില്ലി: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കോൺഗ്രസ് നേതൃത്വം. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസമല്ലെന്നും, കേന്ദ്ര നേതൃത്വം എതിര്‍ക്കില്ലെന്നും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ദില്ലിയില്‍ വ്യക്തമാക്കി. മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വ വിഷയം നേരത്തെ ചർച്ചയായിരുന്നു.
വടകര മുൻ എംപിയെന്ന നിലയിൽ വടകര അസംബ്ലി മണ്ഡലത്തിൽ നിന്ന് മുല്ലപ്പള്ളിയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാൻ ആലോചിക്കുന്നതായാണ് വാർത്ത പുറത്ത് വന്നത്. കല്‍പ്പറ്റയോ കൊയിലാണ്ടിയോ സീറ്റിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിനിടെയാണ് സ്വന്തം തട്ടകമായ വടകരയില്‍ മത്സരിക്കാനുള്ള താല്‍പര്യം പരോക്ഷമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രകടിപ്പിക്കുന്നത്. രണ്ട് തവണ ഇടതു മുന്നണിയെ പിന്തള്ളി വടകരയില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്സഭയിലേക്ക് ജയിച്ചിരുന്നു.
അതേസമയം വടകര മണ്ഡലത്തിൽ ആര്‍എംപിയെ യുഡിഎഫ് പിന്തുണക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ആര്‍എംപിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് തന്നെ വടകരയില്‍ ഇറങ്ങിയാൽ ആർഎംപിയും കൂടി രംഗത്തിറങ്ങുകയാണെങ്കിൽ, ശക്തമായ ത്രികോണ മത്സരത്തിനും സാധ്യതയുണ്ട്.