'ഭാര്യ ഉപയോഗിക്കുന്ന ഐ ഫോണ്‍ പണം കൊടുത്തുവാങ്ങിയത്';സ്വർണക്കടത്ത് വിവാദം പാർട്ടിയെ ശിഥിലമാക്കാനെന്ന് കോടിയേരി

By Web Team  |  First Published Mar 13, 2021, 3:55 PM IST

ചികിത്സ തുടരേണ്ട സാഹചര്യം തന്നെയാണ് ഇപ്പോഴുള്ളതെന്ന് കോടിയേരി. ഇടക്കിടെ ആശുപത്രിയിൽ പോകേണ്ടതുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ചികിത്സ മാത്രമായി കഴിയാനാകില്ലെന്നും കോടിയേരി പറഞ്ഞു.


തിരുവനന്തപുരം: വിനോദിനി ഉപയോഗിക്കുന്ന ഐ ഫോണ്‍ പണം കൊടുത്തുവാങ്ങിയതെന്ന് കോടിയേരി ബാലകൃഷ്ണൻ. വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് കിട്ടിയിട്ടില്ലെന്നും സ്വർണക്കടത്ത് വിവാദത്തിലൂടെ പാർട്ടിയെ ശിഥിലമാക്കാനുള്ള ശ്രമമെന്ന് കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടി നേതാക്കൾ കൊള്ളരുതാത്തവർ എന്ന് വരുത്താനുള്ള ശ്രമാണ് ഇപ്പോൾ നടക്കുന്നത്. സന്തോഷ് ഈപ്പനെ അറിയില്ലെന്നും സ്വപ്ന സുരേഷിനെ കണ്ടിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. കസ്റ്റംസ് ആരോപണത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിനോദിനി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

വിനോദിനിക്ക്  കസ്റ്റംസ് നോട്ടീസ് അയച്ചു എന്ന പത്രവാര്‍ത്ത മാത്രമാണ് ഇപ്പോഴുള്ളത്. പ്രത്യേക കോഡ് നമ്പറിലുള്ള ഫോണിനെ കുറിച്ചാണ് ഇപ്പോൾ വിവാദം. ആ കോഡ് നമ്പറിലെ ഫോൺ കൈവശമുണ്ടെന്ന് സന്തോഷ് ഈപ്പൻ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെങ്ങനെ അത് വിനോദിനിയുടെ കയ്യിലെന്ന് പറയാൻ കഴിയുമെന്ന് കോടിയേരി ചോദിച്ചു. ഉണ്ടാക്കിയെടുക്കുന്ന കഥയും പ്രചാരണവുമാണ് ഇപ്പോഴുള്ളത്. ഇമെയിലായോ വാട്സ്ആപ്പ് വഴിയോ നോട്ടീസ് അയച്ചെന്ന് പറയുന്നതിലും കഥയില്ല. അത്തരമൊന്ന് കിട്ടിയിട്ടില്ല. കിട്ടുമ്പോൾ ബാക്കി നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

undefined

സന്ദീപ് നായരുടെ കത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ പാര്‍ട്ടി നേതൃത്വം എല്ലാവര്‍ക്കും എതിരെ ആസൂത്രിത നീക്കം നടക്കുന്നു. എല്ലാവരേയും മോശക്കാരാക്കി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്. സന്തോഷ് ഈപ്പനെന്ന് കേൾക്കുന്നത് വിവാദം വന്നപ്പോഴാണ്. സ്വപ്ന സുരേഷിനെ ഒരു പരിചയവും ഇല്ല. ഒരിക്കലും കണ്ടിട്ടില്ല. പിന്നെങ്ങനെയാണ് ഫോൺ കിട്ടുക. മാത്രമല്ല ആ ഫോൺ കയ്യിലുണ്ടെന്ന് സന്തോഷ് ഈപ്പൻ തന്നെ പറയുന്നു. വിവാദങ്ങൾക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുത അറിയണം. ഫോൺ വിവാദത്തിന് പിന്നിലെ വസ്തുത വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേർത്തു. 

സ്വര്‍ണത്തിന് പിന്നാലെ പോയി ഒന്നും നടക്കാതിരുന്നപ്പോഴാണ് ഐ ഫോണിൽ പിടിച്ചത്. നോട്ടീസ് കിട്ടിയാൽ നിയമപരമായി സഹകരിക്കും. ബിനീഷിന്റെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ ഭാര്യ ഉപയോഗിക്കുന്ന ഫോണാണ് പിടിച്ചെടുത്തത്. വിനോദിനി ഉപയോഗിക്കുന്നത് പൈസ കൊടുത്ത വാങ്ങിയതാണ്. അതിന്റെ ബില്ലും കയ്യിലുണ്ട്. ബോധപൂര്‍വം പുകമറയുണ്ടാക്കുന്നു. പ്രതിപക്ഷ നേതാവിന് ഫോൺ കൊടുത്തെന്ന് പറഞ്ഞത് സന്തോഷ് ഈപ്പനാണ്. അതിൽ കഥയില്ലെന്ന് കണ്ടപ്പോൾ ആരോപണം ഉപേക്ഷിക്കുകയും ചെയ്തു. ലക്ഷ്യം സര്‍ക്കാരിനെ അട്ടിമറിക്കലാണ്. അഞ്ചാറ് മാസമായി അതിനുള്ള ശ്രമം നടക്കുന്നു. ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ തന്നെയാണ്. അങ്ങനെയാണ് ഓഫീസിലേക്ക് വിവാദം എത്തിയത്. മറ്റ് പല സംസ്ഥാനങ്ങളിലും കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭരണം ശിഥിലമാക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് തന്നെയാണ് കേരളത്തിലും നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പല സംസ്ഥാനങ്ങളിലും പ്രയോഗിച്ച തന്ത്രമാണ് കേരളത്തിലും പയറ്റിയത്. ജയിൽ കാണിച്ച് വിരട്ടാമെന്ന് കരുതിയാൽ കേരളത്തിലുള്ളവരെ അതിന് കിട്ടില്ല. ജയിലാര്‍ക്കും പുതിയ അനുഭവമല്ല. രാഷ്ട്രീയവും നിയമപരവുമായി ഇതിനെനേരിടും. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരോട് വിരട്ടൊന്നും നടക്കില്ലെന്നും കോടിയേരി പറഞ്ഞു.

ജോസ് കെ മാണി കേരളാ കോൺഗ്രസ് എമ്മാണ്. നാൽപത് കൊല്ലമായി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായ പാര്‍ട്ടിയാണ്. ദീര്‍ഘകാലം യുഡിഎഫിനൊപ്പം നിന്നവര്‍ അസംതൃപ്തരായപ്പോൾ അതിൽ സിപിഎം ഇടപെടുകയായിരുന്നു. ഇടതുമുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താനും യുഡിഎഫിനെ ശിഥിലമാക്കാനും ഇത്തരം അവസരങ്ങൾ ഉപയോഗിക്കുക എന്നത് നയപരമായ തീരുമാനം ആണ്. യുഡിഎഫിന് ഒപ്പം ഉണ്ടായിരുന്നപ്പോൾ 15 സീറ്റാണ് ഉണ്ടായിരുന്നത്. അത്രയും വേണമെന്നായിരുന്നു ആവശ്യം. പലവട്ടം ചര്‍ച്ചകൾക്ക് ശേഷമാണ് സീറ്റ് 13 ആക്കിയത്. മുന്നണി വിപുലീകരിക്കണമെന്ന തീരുമാനം അനുസരിച്ചാണ് മാന്യമായ പരിഗണന നൽകിയത്. അവരുമായുള്ള ധാരണയും അതായിരുന്നുവെന്ന് കോടിയേരി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റിരുന്നെങ്കിൽ തുടര്‍ഭരണ മുദ്രാവാക്യം തന്നെ ഉണ്ടാകുമായിരുന്നില്ല. ആ സാഹചര്യം കണ്ടില്ലെന്ന് നടിക്കാനാകില്ല. മൊത്തത്തിൽ മുന്നണിക്ക് ഗുണമുണ്ടോ എന്നാണ് നോക്കേണ്ടത്. അല്ലാതെ ഏതെങ്കിലും സീറ്റിൽ സ്വാധീനം ഉണ്ടോ ഇല്ലയോ എന്നതല്ല. കേരളാ കോൺഗ്രസിന് ചില മേഖലകളിൽ സ്വാധീനം ഉണ്ട്. യുഡിഎഫിനെ നിസ്സാരമായി കാണുന്നില്ല. മൂന്നോ നാലോ പാര്‍ട്ടികളുള്ള മുന്നണിയായല്ല യുഡിഎഫിനെ കാണുന്നത്. കേരള കോൺഗ്രസിന്റെ വരവ് യുഡിഎഫിനെ ശിഥിലമാക്കിയിട്ടുണ്ട്. യുഡിഎഫ് തകര്‍ന്നാൽ അതിന്റെ ഗുണം ബിജെപിക്ക് അല്ല. എൽഡിഎഫിനാണ്. കാരണം ഇവിടെ കരുത്ത് ഇടത് മുന്നണിക്ക് ആണെന്നും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

'സീറ്റും സ്വാധീന കേന്ദ്രങ്ങളും വിട്ടുകൊടുക്കുമ്പോൾ പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. കുറ്റ്യാടിയിൽ അതാണ് ഉണ്ടായത്. ഒരു പഞ്ചായത്തിലെ പ്രവര്‍ത്തകരുടെ വികാരമാണ് കണ്ടത്. പാര്‍ട്ടി തീരുമാനിച്ചാൽ അവരത് നടപ്പാക്കും. അതിന് ചര്‍ച്ചകൾ നടക്കും. കുറ്റ്യാടിയിൽ ഇടതുമുന്നണി ജയിച്ചേ തീരു എന്ന ചിന്തയാണ് ഇപ്പോഴുള്ളത്. പ്രതിഷേധങ്ങളെ വിഭാഗീയതയായി കാണുന്നില്ല. വൈകാരികമായ പെട്ടെന്നുള്ള പ്രതിഷേധ സ്വരങ്ങളാണ്. അതിനെ അതിന്റെ ഭാഗമായി കണ്ടാൽ മതി. പ്രതിഷേധങ്ങൾ നടക്കുമ്പോൾ അതിൽ പരാമര്‍ശിക്കുന്ന വ്യക്തിക്ക് അതിൽ ബന്ധമുണ്ടോ എന്ന് മാത്രം കണ്ടാൽ മതി. പൊന്നാനിയിൽ അടക്കം അത്തരമൊരു കണ്ടെത്തൽ ഇല്ല. പൊന്നാനിയിൽ നന്ദകുമാറിനെ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. അവിടെ ജയിക്കും. പാലൊളി മാറി പി ശ്രീരാമകൃഷ്ണൻ വന്നപ്പോഴും ഇത്തരം പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു.'- കോടിയേരി പറയുന്നു.

മാറ്റാൻ വേണ്ടി എടുത്ത തീരുമാനത്തിന്റെ ഭാഗമായി ആരെയും മാറ്റി നിര്‍ത്തിയിട്ടില്ല. രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറി നിൽക്കുക എന്നത് പൊതുവായ തീരുമാനമാണ്. അതിൽ തിരുത്തൽ ആവശ്യപ്പെടരുതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വ്യക്തി കേന്ദ്രീകൃതമായി പാര്‍ട്ടി പോകുമ്പോൾ എളുപ്പത്തിൽ ജയിക്കാനാകുമായിരിക്കും. പക്ഷെ സംഘടനാ പരമായി അത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. പി ജയരാജൻ പ്രധാനപ്പെട്ട സംഘാടകനും നേതാവും ആണ്. രണ്ട് തവണ എംഎൽഎ ആയിട്ടുണ്ട് ജയിക്കുമെന്ന് കരുതി തന്നെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്.  പക്ഷെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ആണ് നടക്കാതിരുന്നത്. പി ജയരാജനെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല. പാർലമെന്ററി പ്രവര്‍ത്തനം മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം. പാര്‍ട്ടി പ്രവര്‍ത്തനം കൂടിയാണ്. ഒരിക്കൽ അവസരം കിട്ടിയില്ലെന്ന് കരുതി പിന്നീട് കിട്ടില്ലെന്ന് ഇല്ല. മാറി മാറി പാര്‍ട്ടി പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിൽ നിൽക്കുകയാണ് വേണ്ടതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

പാര്‍ട്ടി സെക്രട്ടറിമാര്‍ക്കും ഇത്തരം നിബന്ധനകൾ ബാധകമാണ്. ജയരാജൻമാരെ ഒഴിവാക്കി എന്ന ആരോപണത്തിൽ വസ്തുതയില്ല. എല്ലാവരും പ്രിയപ്പെട്ട സഖാക്കളും സഹപ്രവര്‍ത്തകരുമാണ്. ഒരു കൂട്ടം സഖാക്കൾ പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും മാറി മാറി പ്രവര്‍ത്തിക്കണം. മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇടതുമുന്നണി പുറത്തിറക്കിയിട്ടുള്ളത്. വിദ്യാസമ്പന്നരും കഴിവുള്ളവരും ആണ് പട്ടികയിലുള്ളത് നേമത്ത് ഇടതുമുന്നണി ജയിക്കും. ഒ രാജഗോപാലായത് കൊണ്ട് മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത്. കോൺഗ്രസിന്റെ വോട്ട് മുഴുവൻ പിടിക്കാൻ പറ്റുന്ന ഒരു സ്ഥാനാര്‍ത്ഥിയെ നിർത്തിയാൽ മാത്രം മതി ബിജെപിയെ തോൽപ്പിക്കാൻ. കോൺഗ്രസ് വോട്ട് മുഴുവൻ ഉറപ്പിച്ചാൽ തീരുന്ന പ്രശ്നമേ നേമത്ത് നിലവിലുള്ളുവെന്നും കോടിയേരി കൂട്ടിച്ചേർത്തു

കെ വി സുരേന്ദ്രനാഥ് കെ കരുണാകരനെ തോൽപ്പിച്ച സ്ഥലമാണ് തിരുവനന്തപുരം. ഉമ്മൻചാണ്ടിക്ക് നേമത്തെ കുറിച്ചും തിരുവനന്തപുരത്തെ കുറിച്ചും നന്നായി അറിയാം. ഇപ്പോഴത്തെ വിവാദങ്ങൾ കോൺഗ്രസിനകത്തെ പോരിന്റെ ഭാഗമാണ്. ആര്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്ന പോരാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും തമ്മിൽ നടക്കുന്നത്. അതിൽ നിന്നാണ് വിവാദങ്ങൾ പുറത്തുവരുന്നതെന്നും കോടിയേരി വിമർശിച്ചു.

ചികിത്സ തുടരേണ്ട സാഹചര്യം തന്നെയാണ് ഇപ്പോഴുള്ളതെന്നും കോടിയേരി പറഞ്ഞു. ഇടക്കിടെ ആശുപത്രിയിൽ പോകേണ്ടതുണ്ട്. നിമയസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ചികിത്സ മാത്രമായി കഴിയാനാകില്ല. അതുകൊണ്ടാണ് സജീവമായത്. കേരളമാകെ പോകാനാകില്ല. കിമോ തുടരുകയാണ്. തിരുവനന്തപുരത്ത് മാത്രമായി പ്രവര്‍ത്തനം പരിമിതപ്പെടുത്തുകയാണ്. ഡോക്ടറുടെ ഉപദേശം അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാനാകൂ. സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് വരേണ്ടകാര്യം വിലയിരുത്തേണ്ടത് പാര്‍ട്ടിയാണ്. ആരോഗ്യസ്ഥിതി വിലയിരുത്തി പാര്‍ട്ടി അക്കാര്യത്തിൽ തീരുമാനം എടുക്കും. വിജരാഘവന് സെക്രട്ടറി സ്ഥാനം നൽകിയത് ഇരട്ടപ്പദവിയായി കാണേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.

click me!