സീറ്റ് വിഭജന ചർച്ചകൾക്ക് ശേഷം മലമ്പുഴ സീറ്റിൽ ഭാരതീയ ജനതാദളിനെ മത്സരിപ്പിക്കാനായിരുന്നു യുഡിഎഫ് തീരുമാനം
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റിന് വേണ്ടി കോൺഗ്രസ് വൃത്തികെട്ട കളികൾ കളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ നേമത്ത് ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിനെ ജയിപ്പിച്ചത് കോൺഗ്രസാണെന്നും ഇത്തവണ അത് മലമ്പുഴയിൽ ആവർത്തിക്കാനാണ് നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"സീറ്റിനു വേണ്ടി കോൺഗ്രസ്സ് വൃത്തികെട്ട കളികൾ കളിക്കുന്നു. കഴിഞ്ഞ തവണ നേമത്ത് ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ്സണ്. തൊട്ടടുത്ത സീറ്റിൽ ജയിക്കാനാണ് നേമത്ത് ബിജെപിക്ക് കോൺഗ്രസ്സ് വോട്ട് മറിച്ചത്. ഇത്തവണ മലമ്പുഴയിൽ ബിജെപിയെ ജയിപ്പിക്കാനാണ് നീക്കം. കഴിഞ്ഞ തവണ നേമത്ത് നടത്തിയത് ഇക്കുറി മലമ്പുഴയിൽ ആവർത്തിക്കാനാണ് ധാരണ. മലമ്പുഴയിലേക്ക് കച്ചവടമാണെന്ന് കോൺഗ്രസ്സ് നേതാവ് തന്നെയാണ് വെളിപ്പെടുത്തിയത്. കേരളത്തിൽ ആർക്കും അറിയാത്ത പാർട്ടിക്കാണ് മലമ്പുഴ സീറ്റ് കൊടുത്തത്," എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സീറ്റ് വിഭജന ചർച്ചകൾക്ക് ശേഷം മലമ്പുഴ സീറ്റിൽ ഭാരതീയ ജനതാദളിനെ മത്സരിപ്പിക്കാനായിരുന്നു യുഡിഎഫ് തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ കോൺഗ്രസാണ് മത്സരിച്ചിരുന്നത്. പക്ഷെ മൂന്നാം സ്ഥാനത്തായിരുന്നു കോൺഗ്രസ്. ബിജെപി രണ്ടാമത് എത്തിയപ്പോൾ സിപിഎം വിജയിച്ചു. ഈ സീറ്റിൽ ഭാരതീയ ജനതാദളിനെ മത്സരിപ്പിക്കാനുള്ള തീരുമാനം ബിജെപിക്ക് സഹായകരമാകുമെന്ന ആരോപണം ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതോടെ രമേശ് ചെന്നിത്തല ഭാരതീയ ജനതാദളിൽ നിന്ന് സീറ്റ് തിരികെ വാങ്ങി. എങ്കിലും ഈ വിവാദം ആയുധമാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി.