ജിൽസ് പെരിയപ്പുറത്തിനെ തഴഞ്ഞ് സിപിഎം ഉഴവൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗം സിന്ധുമോള്‍ ജേക്കബിന് പിറവത്ത് സീറ്റ് നല്‍കിയതിലാണ് പ്രതിഷേധം.
പിറവം: സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് പിറവത്ത് ജോസ് കെ മാണിയുടെ കോലം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു. സിന്ധുമോള്‍ പ്രചാരണം നടത്തിയതിന് പിന്നാലെയാണ് കോലം കത്തിച്ചത്. ജിൽസ് പെരിയപ്പുറത്തിനെ തഴഞ്ഞ് സിപിഎം ഉഴവൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗം സിന്ധുമോള്‍ ജേക്കബിന് പിറവത്ത് സീറ്റ് നല്‍കിയതിലാണ് പ്രതിഷേധം.
യാക്കോബായ വിഭാഗത്തിന്‍റെ പിന്തുണയുള്ള സ്ഥാനാർത്ഥിയെ പിറവത്ത് രംഗത്തിറക്കാനായിരുന്നു ഇടതു മുന്നണിയുടെ നീക്കം. ജോസ് കെ മാണി വിഭാഗത്തോട് യാക്കോബായ സഭ നിർദേശിക്കുന്നയാളെ പിറവത്ത് മത്സരിപ്പിക്കണമെന്ന് സിപിഎം അറിയിച്ചിരുന്നു. എന്നാല്‍ യാക്കോബായ സഭ ബിജെപി അനുകൂല നിലപാടിലേക്ക് മാറിയതോടെയാണ് പിറവത്ത് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ജോസ് കെ മാണി വിഭാഗത്തിന് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാമെന്ന സാഹചര്യം അതോടെ വന്നു. പിന്നാലെ യാക്കോബായ വിഭാഗത്തിൽ പെട്ട ഡോക്ടർ സിന്ധുമോൾ ജേക്കബിനെ സ്ഥാനാര്‍ത്ഥി ആക്കുകയായിരുന്നു.
എന്നാല്‍ സിപിഎം- ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ മാത്രമറിഞ്ഞ സിന്ധുമോളുടെ സ്ഥാനാര്‍ത്ഥിത്വം ഉഴവൂരിലെ സിപിഎം നേതാക്കളെ ചൊടിപ്പിച്ചു. രാവിലെ തന്നെ കമ്മിറ്റി കൂടി സിന്ധുമോളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി, പോസ്റ്ററും ഒട്ടിച്ചു. സിപിഎം അംഗമാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്വതന്ത്രയായാണ് അവര്‍ മത്സരിച്ചിരുന്നത്.