സീറ്റ് വിഭജനം മുതൽ ഉടലെടുത്ത കേരള കോൺഗ്രസ് എം - സിപിഐ ഭിന്നതയാണ് തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ വീണ്ടും മറനീക്കി പുറത്ത് വരുന്നത്.
കോട്ടയം: കോട്ടയം ജില്ലയിലടക്കം പാർട്ടി മത്സരിച്ച ചില മണ്ഡലങ്ങളിൽ സിപിഐ നിസഹകരിച്ചെന്ന് കേരളാ കോൺഗ്രസ്. പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് വിമർശനം. ആരോപണം അടിസ്ഥാന രഹിതമെന്ന് സിപിഐ നേതാക്കൾ പ്രതികരിച്ചു
സീറ്റ് വിഭജനം മുതൽ ഉടലെടുത്ത കേരള കോൺഗ്രസ് എം - സിപിഐ ഭിന്നതയാണ് തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ വീണ്ടും മറനീക്കി പുറത്ത് വരുന്നത്. ജോസ് കെ മാണി മത്സരിച്ച പാലാ,റാന്നി, ഇരിക്കൂർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ സിപിഐ നിശബ്ദമായിരുന്നുവെന്നാണ് കേരളാ കോൺഗ്രസിൻറെ വിമർശനം. സ്റ്റിയറിംഗ് കമ്മിറ്റിയിൽ യോഗത്തിൽ പാർട്ടി സ്ഥാനാർത്ഥികൾ ഇക്കാര്യം ചെയർമാൻ ജോസ് കെ മാണിയെ അറിയിച്ചു.
undefined
ഇരിക്കൂറിൽ പലയിടത്തും പ്രചാരണത്തിന് സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണമുണ്ടായിരുന്നില്ല. റാന്നിയിലെ സ്ഥാനാർത്ഥി പ്രമോദ് നാരായണനും സമാനമായ ആരോപണം ഉന്നയിച്ചു. എന്നാൽ കേരളാ കോൺഗ്രസിൻറെ ആരോപണങ്ങളെ സിപിഐ നേതാക്കൾ പരസ്യമായി തള്ളുന്നു.
കേരളാ കോൺഗ്രസ് ഇടത് മുന്നണിയിലെത്തിയപ്പോൾ സിപിഐയ്ക്ക് അവർ മത്സരിച്ചിരുന്ന പല സീറ്റുകളും നഷ്ടമായി. ഇതിൽ പ്രവർത്തകർക്ക് നീരസമുണ്ടായിട്ടുണ്ടെന്ന് സിപിഐ നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നുണ്ട്. പക്ഷേ ഒരിടത്തും കാല് വാരൽ ഉണ്ടായിട്ടില്ലെന്നും സിപിഐ അടിവരയിടുന്നു. തെരഞ്ഞെടുപ്പ് ഫലം എന്ത് തന്നെയായാലും സിപിഐ- കേരളാ കോൺഗ്രസ് തർക്കം ഒന്ന് കൂടി ശക്തിയാർജ്ജിക്കും എന്നതിൻ്റെ സൂചനയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളിലൂടെ പുറത്ത് വരുന്നത്.