'പാർട്ടിയെ സ്നേഹിക്കുന്നവർ അംഗീകരിക്കണം', പി നന്ദകുമാറിന് വേണ്ടി ടി എം സിദ്ധീഖ്

By Web Team  |  First Published Mar 10, 2021, 1:04 PM IST

പാർട്ടിയില്ലെങ്കിൽ, ടിഎം സിദ്ധീഖ് എന്ന ഞാനില്ല. പാർട്ടിയാണ് എന്റെ വിലാസവും ശക്തിയും. വ്യക്തികളല്ല, പാർട്ടിയും പാർട്ടിയുടെ നയപരിപാടികളുമാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്- എന്ന് ടി എം സിദ്ധീഖ്.


മലപ്പുറം: പൊന്നാനിയിൽ പ്രതിഷേധങ്ങൾക്കും കൂട്ടരാജിക്കുമൊടുവിൽ പി നന്ദകുമാറിനെത്തന്നെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ നന്ദകുമാറിന് പിന്തുണയുമായി ടി എം സിദ്ധീഖ് രംഗത്ത്. സിദ്ധീഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പൊന്നാനിയിൽ വൻ പ്രതിഷേധ പ്രകടനം നടന്നത്. ഇതിന് പിന്നാലെയാണ് പൊന്നാനിയിൽ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചത്. ടി കെ മഷൂദ്, നവാസ് നാക്കോല, ജമാൽ എന്നിവരാണ് ലോക്കൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. 

എന്നാൽ പാർട്ടിയെടുത്തത് ഉചിതമായ തീരുമാനമാണെന്നും, സ്ഥാനാർത്ഥികളുടെ മതവും ജാതിയും ദേശവും വോട്ട് ചെയ്യാനോ ചെയ്യാതിരിക്കാനോ മാനദണ്ഡമായ മണ്ഡലമല്ല പൊന്നാനിയെന്നും, പാർട്ടിയില്ലെങ്കിൽ, ടിഎം സിദ്ധീഖ് എന്ന ഞാനില്ലെന്നും സിദ്ധീഖ് പ്രസ്താവനയിലൂടെ പറയുന്നു. 

Latest Videos

undefined

സിദ്ധീഖിന്‍റെ പ്രസ്താവനയിങ്ങനെ:

''പ്രിയപ്പെട്ട സഖാക്കളേ, പൊന്നാനിയിലെ വോട്ടർമാരേ.. 

പൊന്നാനി നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി സഖാവ് പി നന്ദകുമാറിനെ പാർട്ടി നിശ്ചയിച്ചിരിക്കുകയാണ്. എല്ലാ ഘടകങ്ങളും പരിശോധിച്ച് നിരന്തരമായ പരിശോധനകൾക്കും കൂടിയാലോചനകൾക്കും അഭിപ്രായ രൂപീകരണത്തിനും ശേഷമാണ് സിപിഐഎം പാർട്ടി ഒരു അന്തിമ തീരുമാനത്തിൽ എത്തുന്നത്. ആ തീരുമാനം ഉൾകൊള്ളാൻ എല്ലാ പാർട്ടി പ്രവർത്തകരും അനുഭാവികളും പാർട്ടിയെ സ്നേഹിക്കുന്നവരും ബാധ്യസ്ഥരാണ്. 

സഖാവ് നന്ദകുമാർ അൻപത് വർഷത്തെ തൊഴിലാളി രാഷ്ട്രീയ പാരമ്പര്യമുള്ള കേരളത്തിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ്. അദ്ധേഹത്തെ പൊന്നാനിയുടെ ജനപ്രതിനിധിയാകാൻ പാർട്ടി നിയോഗിക്കുന്നത് ഉചിതമായ കാര്യമാണ്. ഒരു തൊഴിലാളി നേതാവിനെ അർഹമായ രീതിയിൽ പരിഗണിക്കാൻ ഇടതുപക്ഷത്തിന് വിശിഷ്യാ സിപിഐഎമ്മിന് മാത്രമാണ് കഴിയുക. 

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളുടെ ചുവടുപിടിച്ച് പൊന്നാനിയിൽ സംഭവിച്ച നിർഭാഗ്യകരമായ പാർട്ടി സ്നേഹികളുടെ വികാര പ്രകടനങ്ങളെ വർഗ്ഗീയ വൽക്കരിച്ച് വലതുപക്ഷ ശക്തികൾ നടത്തുന്ന പ്രചരണത്തെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്. പൊന്നാനി രാജ്യത്തിന് മാതൃകയായ മതനിരപേക്ഷത കാത്തുസൂക്ഷിച്ചിട്ടുള്ള മണ്ണാണ്. ഈ നാടിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ ഏറെ സംഭാവനകൾ ചെയ്ത, അത് സംരക്ഷിക്കാൻ ഏറെ ത്യാഗങ്ങൾ സഹിച്ച പാർട്ടിയാണ് സിപിഐഎം. ഒരു മത വർഗ്ഗീയ ശക്തിയും പൊന്നാനിയിൽ നിലയുറപ്പിക്കാതിരിക്കാൻ പ്രതിജ്ഞാബദ്ധരാണ് പൊന്നാനിയിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർ. കേവലമായ രാഷ്ട്രീയ വൈകാരിക പ്രകടനങ്ങളെ വർഗ്ഗീയ വൽക്കരിക്കാനുള്ള ശ്രമങ്ങൾ നീചവും ക്രൂരവുമാണ്. 

ഇത്തരം പ്രചരണങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന പാരമ്പര്യമല്ല പൊന്നാനിയുടേത്. സഖാവ് നന്ദകുമാറിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് വലതുപക്ഷ വർഗ്ഗീയ ശക്തികളെ നിരായുധരാക്കാൻ കാത്തിരിക്കുകയാണ് പൊന്നാനിയിലെ ജനത. ആ പാരമ്പര്യമാണ് ഈ നാടിനുള്ളത്. സ്ഥാനാർത്ഥികളുടെ മതവും ജാതിയും ദേശവും വോട്ട് ചെയ്യാനോ ചെയ്യാതിരിക്കാനോ മാനദണ്ഡമായ മണ്ഡലമല്ല പൊന്നാനി. അത് വീണ്ടും തെളിയിക്കപ്പെടും.

ഇക്കാലമത്രയും പാർട്ടിക്ക് വിധേയനായി, പാർട്ടി നൽകിയ ഉത്തരവാദിത്തങ്ങൾ അംഗീകാരമായി കണ്ട് നിർവഹിച്ച എളിയ സിപിഐഎം പ്രവർത്തകനാണ് ഞാൻ. ഇനിയും എല്ലാ കാലവും അങ്ങനെ തന്നെയായിരിക്കും. പാർട്ടിയില്ലെങ്കിൽ, ടിഎം സിദ്ധീഖ് എന്ന ഞാനില്ല. പാർട്ടിയാണ് എന്റെ വിലാസവും ശക്തിയും. വ്യക്തികളല്ല, പാർട്ടിയും പാർട്ടിയുടെ നയപരിപാടികളുമാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. അത് തിരിച്ചറിയാനും ഉൾകൊള്ളാനും എല്ലാ പാർട്ടി അനുഭാവികളും പ്രവർത്തകരും തയ്യാറാവണം.

സഖാവ് പി നന്ദകുമാറിനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ സ്വ്പന തുല്യമായ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി എല്ലാവരും മുന്നിട്ടിറങ്ങാൻ അഭ്യർത്ഥിക്കുന്നു. അഭിവാദ്യങ്ങൾ...''

click me!