ശബരിമല തെരഞ്ഞെടുപ്പിൽ ഘടകമാകുമോ എന്ന് നേരിട്ടുള്ള ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞവര്‍ തമ്മിൽ പത്ത് ശതമാനം വോട്ടിന്‍റെ വ്യത്യാസം ആണ് ഉള്ളത്. ഫലമെന്ത്? കാരണമെന്ത്? അറിയാം വിശദമായി.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ മുന്നണി വ്യത്യാസമില്ലാതെ ഒളിഞ്ഞും തെളിഞ്ഞും പ്രചാരണ വേദിയിൽ നിറയുന്ന ശബരിമല പ്രശ്നത്തിന് വോട്ടർമാര്‍ക്കിടയിൽ ഏത്രത്തോളം സ്വീകാര്യത ഉണ്ട്? ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഘടകമാണോ എന്ന ഏഷ്യാനെറ്റ് ന്യൂസ് സീ വോട്ടര്‍ സർവെയിലെ നേരിട്ടുള്ള ചോദ്യത്തിനോട് ഏതാണ്ട് പകുതിയോളം പേര്‍ പ്രതികരിച്ചത് അതൊരു തെരഞ്ഞെടുപ്പ് വിഷയമായിട്ടില്ലെന്നാണ്. ശബരിമല തെരഞ്ഞെടുപ്പ് ഘടകമല്ലെന്ന് സര്‍വെയിൽ അഭിപ്രായപ്പെട്ടത് 49 ശതമാനം പേരാണ്.
ആക്രമണമായും പ്രതിരോധമായും ശബരിമല മുന്നണികൾ പ്രചാരണ വേദിയിൽ പ്രയോഗിക്കുമ്പോൾ ശബരിമല തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന് അഭിപ്രായപ്പെട്ടവര്‍ 39 ശതമാനം ആണ്. ശബരിമല തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന് അറിയില്ലെന്ന് 12 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
ശബരിമല പ്രശ്നത്തിൽ സവർണഹിന്ദു ജനവിഭാഗം ഇപ്പോഴും ഇടതുമുന്നണിക്ക് എതിരാണോ എന്ന ചോദ്യത്തിന് ആണെന്ന് 47 ശതമാനം പേരും അല്ലെന്ന് 39 ശതമാനം പേരും അറിയില്ലെന്ന് 14 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു.
ശബരിമല പ്രശ്നത്തിൽ സവർണഹിന്ദു ജനവിഭാഗം ഇപ്പോഴും ഇടതുമുന്നണിക്ക് എതിരാണോ എന്ന ചേദ്യത്തിന് മുന്നോക്ക ഹിന്ദു വിഭാഗത്തിൽ നിന്ന് അഭിപ്രായം തേടിയപ്പോൾ എതിരാണെന്ന അഭിപ്രായം പറഞ്ഞതാകട്ടെ 55 ശതമാനം പേരാണ്. ഇടതുമുന്നണിയുമായി അകൽച്ചയില്ലെന്ന അഭിപ്രായം 34 ശതമാനം പേര്‍ പറഞ്ഞപ്പോൾ അറിയില്ലെന്ന് വോട്ടിട്ടത് 11 ശതമാനം ആളുകളാണ്.