ശബരിമല ആഞ്ഞടിച്ച കഴക്കൂട്ടം സസ്പെൻസ് ത്രില്ലർ, 'സുരേന്ദ്രേട്ടൻ ബ്രില്യൻസ്' വിജയിക്കുമോ?

By Web Team  |  First Published Apr 30, 2021, 10:27 PM IST

ശോഭാ സുരേന്ദ്രനും കടകംപള്ളി സുരേന്ദ്രനും. ഏറ്റവുമൊടുവിൽ വന്നിറങ്ങിയ ശോഭാ സുരേന്ദ്രൻ പാർട്ടിയുടെ സജീവപിന്തുണയില്ലാതെയും കടകംപള്ളിക്ക് മുന്നിലുയർത്തുന്നത് കടുത്ത വെല്ലുവിളി. മണ്ഡലം ഉള്ളം കയ്യിലെന്ന പോലെ പരിചിതമായ കടകംപള്ളി മറികടക്കുമോ ആ കടമ്പ?


തിരുവനന്തപുരം: കോന്നിയിലോ, പത്തനംതിട്ടയിലോ മഞ്ചേശ്വരത്തോ അല്ല, ഇങ്ങ് തെക്ക് കഴക്കൂട്ടത്താണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല നിന്ന് കത്തിയത്. ശോഭാ സുരേന്ദ്രന്‍റെ തീപ്പൊരി പ്രചാരണം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മുന്നിലുയർത്തിയത് ചെറിയ വെല്ലുവിളിയല്ല. കഴിഞ്ഞ തവണ വി മുരളീധരൻ നേടിയ വോട്ടുകളേക്കാൾ കൂടുതൽ വോട്ട് വാരുമോ ഇത്തവണ ശോഭാ സുരേന്ദ്രൻ? പാർട്ടിയിലെ പടലപ്പിണക്കങ്ങൾക്കെല്ലാമൊടുവിൽ സ്ഥാനാർത്ഥിയായി കഴക്കൂട്ടത്ത് വന്നിറങ്ങിയ ശോഭ പാർട്ടിയുടെ സജീവപിന്തുണയില്ലാതെയും കടകംപള്ളിക്ക് മുന്നിലുയർത്തുന്നത് കടുത്ത വെല്ലുവിളി. മണ്ഡലം ഉള്ളം കയ്യിലെന്ന പോലെ പരിചിതമായ കടകംപള്ളി മറികടക്കുമോ ആ കടമ്പ?

പോളിംഗ് പിറ്റേന്നും പാർട്ടി നടത്തിയ വിലയിരുത്തലിൽ കഴക്കൂട്ടം ഉറപ്പിച്ചിരുന്നു എൽഡിഎഫ്. 15,000 വോട്ടുകൾക്കെങ്കിലും ജയിക്കുമെന്നാണ് കടകംപള്ളിയുടെ വിലയിരുത്തൽ. എന്നാൽ ഫലമെന്താകും?

Latest Videos

undefined

കടകംപള്ളിക്ക് മത്സരം കടുക്കും

ശോഭാ സുരേന്ദ്രൻ കടകംപള്ളി സുരേന്ദ്രന് കടുത്ത വെല്ലുവിളിയാകുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പോസ്റ്റ് പോൾ സർവേ പ്രവചിക്കുന്നത്. എന്നാൽ നേരിയ മേൽക്കൈ കടകംപള്ളി സുരേന്ദ്രനുണ്ട്. ശബരിമല ശക്തമായ പ്രചാരണവിഷയമായി കത്തിയ തെരഞ്ഞെടുപ്പിൽ വികസനപ്രവർത്തനങ്ങൾ ഉ‍യർത്തിക്കാട്ടിയാണ് കടകംപള്ളി തിരിച്ചടിച്ചത്. മണ്ഡലത്തിന്‍റെ മുക്കും മൂലയും അറിയാവുന്ന കടകംപള്ളി ആ സ്വാധീനം കൊണ്ട് തന്നെ മണ്ഡലം തിരിച്ചുപിടിക്കുമെന്നും സർവേ പ്രവചിക്കുന്നു. 

വിജയിച്ചില്ലെങ്കിലും ശോഭാ സുരേന്ദ്രൻ ഇവിടെ മികച്ച പ്രകടനം തന്നെ നടത്താനാണ് സാധ്യത. 2016-ലെ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മണ്ഡലത്ത് വിജയിച്ചുവന്നിരുന്ന എം എ വാഹിദിനെ പിന്തള്ളി ഇപ്പോഴത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരൻ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് കഴക്കൂട്ടം ശ്രദ്ധ നേടുന്നത്. 2011-ൽ വെറും 7508 വോട്ടുണ്ടായിരുന്ന ഇടത്താണ് 42,732 എന്ന വമ്പൻ മുന്നേറ്റം വി മുരളീധരൻ കാഴ്ച വച്ചത്. ഇതോടെ ബിജെപിയുടെ എ പ്ലസ് മണ്ഡലമായി കഴക്കൂട്ടം. മണ്ഡലത്തിൽ വീണ്ടും വി മുരളീധരൻ മത്സരിക്കാനെത്തണമെന്ന് ആവശ്യമുയർന്നെങ്കിലും, കേന്ദ്രമന്ത്രിപദവി വഹിക്കുന്ന അദ്ദേഹം തൽക്കാലം സംസ്ഥാനരാഷ്ട്രീയത്തിലേക്ക് തിരികെ വരേണ്ടതില്ലെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനം. 

വി മുരളീധരനോട് ഇ‍ടഞ്ഞുനിന്ന ശോഭാ സുരേന്ദ്രനെ ഏറെ തർക്കങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കുമൊടുവിൽ മണ്ഡലത്തിൽ മത്സരിക്കാനിറക്കിയപ്പോൾ അതിൽ പാർട്ടിയുടെ സജീവപിന്തുണയുണ്ടാകില്ലെന്ന് വരെ പ്രചാരണമുയർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം എത്തിയ പ്രചാരണയോഗത്തിൽ ഒറ്റക്കെട്ടാണെന്ന് നേതാക്കൾ പറഞ്ഞപ്പോഴും അന്തച്ഛിദ്രങ്ങൾ പാർട്ടിയെ അലട്ടുന്നുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. ഇത് ശോഭയ്ക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. 

വി മുരളീധരന് നല്ല ഭൂരിപക്ഷം നൽകിയ കഴക്കൂട്ടത്തെ ഒരു ടെക്കി വോട്ടുബാങ്കിൽ ഭൂരിപക്ഷം പേരും ഇപ്പോൾ വർക്ക് ഫ്രം ഹോമാണെന്നതും ഇത്തവണ ബിജെപിയുടെ വോട്ടുബാങ്കിലെ പ്രതീക്ഷകൾ കുറയ്ക്കുന്നുണ്ട്. പക്ഷേ, മത്സരം കടുക്കുമെന്ന് തന്നെയാണ് സർവേ വിലയിരുത്തുന്നത്. 

യുഡിഎഫ് ഇവിടെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് സർവേ ഫലം പറയുന്നത്. യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‍യുവിന് ആകെ രണ്ട് ചെയർമാൻമാരേ ഉണ്ടായിട്ടുള്ളൂ. അതിലൊരാളായ ഡോ എസ് എസ് ലാൽ, കോൺഗ്രസിന്‍റെ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്‍റ് കൂടിയാണെങ്കിലും ഫലത്തിൽ അത് പ്രതിഫലിക്കാനിടയില്ല. മണ്ഡലത്തിലെ സുപരിചിതനായ കടകംപള്ളിയുടെയും ബിജെപിയുടെ പോരാട്ടവീര്യമുള്ള സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രന്‍റെയും ബലാബലത്തിൽ മൂന്നാം സ്ഥാനത്തേക്ക് എസ് എസ് ലാൽ പിന്തള്ളപ്പെട്ടേക്കാം. 

ചരിത്രം നോക്കിയാൽ യുഡിഎഫിന് വലിയ സ്വാധീനമുണ്ടായിരുന്ന കഴക്കൂട്ടം 2016-ലാണ് കടകംപള്ളിയിലൂടെ എൽഡിഎഫ് പിടിച്ചെടുത്തത്. 2001 മുതൽ 2011 വരെ ഇവിടെ വിജയിച്ചത് കോൺഗ്രസിന്‍റെ എം എ വാഹിദാണ്. മണ്ഡലം യുഡിഎഫിന് നഷ്ടമാവാൻ കാരണം ബിജെപിയുടെ വോട്ട് വിഹിതത്തിലെ വർദ്ധന കൂടിയാണെന്നത് വ്യക്തം.

click me!