നേമത്ത് വ്യക്തിഗത മികവില്‍ കെ മുരളീധരന് തന്നെയാണ് മുന്‍തൂക്കം. മുരളീധരന്‍റെ വ്യക്തിപ്രഭാവം കൂടിയാകുമ്പോള്‍ നേമത്ത് നേരിയ മുന്‍തൂക്കം മുരളീധരനാണ്.
തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമം. പതിറ്റാണ്ടുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ താമര വിരിഞ്ഞ മണ്ഡലം. നേമത്തെ മത്സരം ദേശീയ ശ്രദ്ധയാകർഷിക്കുന്നതും അതുകൊണ്ട് തന്നെ. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്നതും നേമത്താണ്. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയായി വടകര എം പിയായ കെ മുരളീധരന്‍ രംഗത്ത് എത്തിയത് നേമത്ത് തീപാറും പോരാട്ടമാക്കിയിട്ടുണ്ട്. മുരളീധരന് പുറമെ, സിറ്റിംഗ് സീറ്റ് നിലനിർത്താന്‍ കുമ്മനം രാജശേഖരനും കഴിഞ്ഞ തവണ കൈവിട്ട ജയം തിരിച്ചുപിടിക്കാൻ വി ശിവന്‍കുട്ടിയുമാണ് മത്സര രംഗത്തുള്ളത്. ഫലമറിയാൻ മണിക്കൂറുകളെണ്ണി കാത്തിരിക്കുമ്പോൾ നേമത്തെ പോര് ഇഞ്ചോടിഞ്ചെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോൾ സര്‍വേ ഫലം പറയുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ വി ശിവന്‍കുട്ടി 59,142 വോട്ടുകളും ബിജെപിയുടെ ഒ രാജഗോപാല്‍ 67,813 വോട്ടുകളുമാണ് കഴിഞ്ഞ തവണ നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ വി സുരേന്ദ്രന്‍ പിള്ളക്ക് ആകെ ലഭിച്ചത് 13,860 വോട്ടുകളാണ്. ബിജെപിയും സിപിഎമ്മും പോരാട്ടം കടുപ്പിച്ചപ്പോള്‍ യുഡിഎഫ് കാഴ്ചക്കാരായി എന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനെ മറികടക്കാനായി ഏറെ ചര്‍ച്ചകള്‍ക്കും നാടകീക രംഗങ്ങള്‍ക്കും ഒടുവിലാണ് യുഡിഎഫ് തങ്ങളുടെ നേമത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
നേമത്ത് വ്യക്തിഗത മികവില്‍ കെ മുരളീധരന് തന്നെയാണ് മുന്‍തൂക്കം. ശരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സർക്കാരിനോട് നേരിട്ട് ഏറ്റുമുട്ടിയ മുരളീധരന് ബിജെപിക്ക് ലഭിച്ച ഹിന്ദു വോട്ടുകള്‍ സ്വാധീനിക്കാനുള്ള കഴിവുണ്ട്. മുരളീധരന്‍റെ വ്യക്തിപ്രഭാവം കൂടിയാകുമ്പോള്‍ നേമത്ത് നേരിയ മുന്‍തൂക്കം മുരളീധരനാണ്. സര്‍വേ ഫലവും ഇത് തന്നെയാണ് പ്രവചിക്കുന്നത്. ബിജെപിയില്‍ നിന്ന് നേമം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ബിജെപി രണ്ടാം സ്ഥാനത്തും സിപിഎം മൂന്നാമതും പോകുമെന്നാണ് പ്രവചനം.