ആരെങ്കിലും തമാശ ഒപ്പിച്ചതാകാമെന്നാണ് ഉല്ലാസ് കോവൂർ പറയുന്നത്. ഏപ്രിൽ ഫൂൾ ഒക്കെയല്ലേ, എന്തെങ്കിലും തമാശയായിരിക്കാം. രാഷ്ട്രീയ എതിരാളികൾ തനിക്കെതിരെ കൂടോത്രമൊന്നും ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഉല്ലാസ് കോവൂർ.
കൊല്ലം: കൊല്ലത്തെ കുന്നത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന്‍റെ വീട്ടിലെ പറമ്പിൽ 'മുട്ട'. ഉല്ലാസിന്‍റെ വീട്ടുമുറ്റത്തെ കിണറിന് സമീപമുള്ള പ്ലാവിന്‍റെ ചുവട്ടിലാണ് വാഴയിലയിൽ വച്ച നിലയിൽ മുട്ടകളും നാരങ്ങയും കണ്ടെത്തിയത്. ഒരു മുട്ടയുടെ മേൽ ചുവപ്പ് നൂൽ ചുറ്റി വരിഞ്ഞിട്ടുണ്ട്. മുട്ടയുടെ ഒരു ഭാഗത്ത് ശത്രുവെന്നും മറുഭാഗത്ത് ഓം എന്നും എഴുതിയിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് മുട്ടകളും നാരങ്ങകളും കണ്ടെത്തിയത്.
ഇത് 'കൂടോത്ര'മാണെന്ന ആരോപണമാണ് യുഡിഎഫ് പ്രവർത്തകർ ഉയർത്തുന്നത്. ഉല്ലാസിനെ തോൽപ്പിക്കാനുള്ള നീക്കമാണെന്നും പ്രവർത്തർ ആരോപിക്കുന്നു.
undefined
എന്നാൽ ഉല്ലാസ് ഇതൊക്കെ ചിരിച്ച് തള്ളുകയാണ്. ആരെങ്കിലും തമാശ ഒപ്പിച്ചതാകാമെന്നാണ് ഉല്ലാസ് കോവൂർ പറയുന്നത്. ഏപ്രിൽ ഫൂൾ ഒക്കെയല്ലേ, എന്തെങ്കിലും തമാശയായിരിക്കാം. രാഷ്ട്രീയ എതിരാളികൾ തനിക്കെതിരെ കൂടോത്രമൊന്നും ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഉല്ലാസ് കോവൂർ പറയുന്നു.
''യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആണ് ഫോട്ടോ എടുത്ത് കൊണ്ടുപോയതെങ്കിലും ഇത് വാർത്തയാക്കരുതെന്ന് ഞാൻ പറഞ്ഞതാണ്. രാഷ്ട്രീയസംവാദം നടക്കുന്നതിനിടെ ഇത്തരം അന്ധവിശ്വാസങ്ങളെ വലിച്ചിഴയ്ക്കരുതെന്നായിരുന്നു എന്‍റെ നിലപാട്. പക്ഷേ എങ്ങനെയോ വാർത്തയും ഫോട്ടോസും ലീക്കായി. ഓൺലൈൻ മാധ്യമങ്ങളിൽ വന്നു. ആരെങ്കിലും തമാശയായി ചെയ്തതാകും. ഏപ്രിൽ ഫൂൾ കഴിഞ്ഞ മൂഡല്ലേ? ഇതിനിടയിൽ ഇവിടെയുള്ള ആരെങ്കിലും തന്നെ തമാശയ്ക്ക് ചെയ്തതാകും. അതല്ലാതെ എന്‍റെ രാഷ്ട്രീയ എതിരാളികൾ പോലും ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല'', എന്ന് ഉല്ലാസ് കോവൂർ പറയുന്നു.
എൽഡിഎഫ് സ്ഥാനാർത്ഥിയായി സ്വതന്ത്രൻ കോവൂർ കുഞ്ഞുമോനാണ് ഇവിടെ ഉല്ലാസ് കോവൂരിനെതിരെ മത്സരിക്കുന്നത്. ബിജെപിയുടെ സ്ഥാനാർത്ഥി രാജി പ്രസാദാണ്.