മണ്ഡലം കമ്മിറ്റികളുടെ എതിർപ്പ് നിലനിൽക്കുമ്പോഴും ചടയമംഗലത്ത് സിപിഐ ദേശീയ കൗൺസിൽ അംഗം ചിഞ്ചുറാണിക്കും ഹരിപ്പാട് എഐഎസ്എഫ് സംസ്ഥാന ഭാരവാഹി സജിലാലിനുമാണ് സാധ്യത. ആദ്യഘട്ടത്തിൽ 21 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സിപിഐ ഒരു വനിതയ്ക്ക് മാത്രമാണ് സീറ്റ് നൽകിയത്.
തിരുവനന്തപുരം: നാല് മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാർത്ഥികളെ സംസ്ഥാന നേതൃത്വം ഇന്ന് പ്രഖ്യാപിച്ചേക്കും. മണ്ഡലം കമ്മിറ്റികളുടെ എതിർപ്പ് നിലനിൽക്കുമ്പോഴും ചടയമംഗലത്ത് സിപിഐ ദേശീയ കൗൺസിൽ അംഗം ചിഞ്ചുറാണിക്കും ഹരിപ്പാട് എഐഎസ്എഫ് സംസ്ഥാന ഭാരവാഹി സജിലാലിനുമാണ് സാധ്യത.
പറവൂർ മണ്ഡലത്തിൽ ആര് വേണമെന്നതും നാട്ടിക മണ്ഡലത്തിൽ ഗീതാ ഗോപിക്ക് വീണ്ടും അവസരം നൽകണോ എന്ന കാര്യത്തിലും സിപിഐ സംസ്ഥാനസെന്‍റർ ഇന്ന് തീരുമാനമെടുക്കും. ആദ്യ ഘട്ടത്തിൽ 21 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് സിപിഐ പ്രഖ്യാപിച്ചത്.ഇതിൽ ഒരു സീറ്റിൽ മാത്രമാണ് വനിത.
undefined
കൊല്ലം ജില്ലയിലെ സ്ഥാനാർത്ഥികളിൽ ഒരു വനിത വേണമെന്നാണ് സംസ്ഥാനനേതൃത്വത്തിന് വാശി. എന്നാൽ ചടയമംഗലം, കടയ്ക്കൽ മണ്ഡലം കമ്മിറ്റികളിൽ ഈ തീരുമാനം വലിയ എതിർപ്പിന് വഴിവച്ചിരുന്നു. രണ്ട് കമ്മിറ്റികളുടെയും സംയുക്തയോഗത്തിൽ വലിയ ഒച്ചപ്പാടും ബഹളവുമുണ്ടായി.
ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ വൻ പ്രതിഷേധമാണ് നടന്നത്. സ്ത്രീകളടക്കമുള്ളവർ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രാദേശിക നേതാവ് എ.മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്ന് പ്രാദേശിക ഘടകങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വനിതാ പ്രാതിനിധ്യം എന്ന നിലപാട് ഉയർത്തി നേതാക്കൾ പ്രാദേശിക നേതൃത്വത്തിന്‍റെ ആവശ്യം തള്ളുകയായിരുന്നു.