എ കെ ശശീന്ദ്രനെ സ്ഥാനാർത്ഥിയാക്കരുത് എന്നാവശ്യപ്പെട്ടാണ് കോഴിക്കോട്ട് നടന്ന ജില്ലാ നേതൃയോഗത്തിൽ ബഹളമുണ്ടായത്. ബഹളം മൂത്ത് കയ്യാങ്കളിയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. എലത്തൂരിൽ ശശീന്ദ്രൻ വന്നാൽ എതിരെ വരിക കാപ്പന്‍റെ പാർട്ടി സ്ഥാനാർത്ഥിയാകും.
കോഴിക്കോട്: എലത്തൂർ സീറ്റിൽ മന്ത്രി എ കെ ശശീന്ദ്രൻ മത്സരിക്കരുതെന്നാവശ്യപ്പെട്ട് കോഴിക്കോട് നടന്ന എൻസിപി നേതൃയോഗത്തിൽ ബഹളവും കയ്യാങ്കളിയും. ശശീന്ദ്രനെ വീണ്ടും എലത്തൂരിൽ നിന്ന് സ്ഥാനാർത്ഥിയാക്കരുതെന്ന ആവശ്യം രാവിലെ ചേർന്ന യോഗത്തിലുയർന്നു. ഇത് പരിഗണിക്കാതെ ചർച്ച തുടർന്നതോടെ ശശീന്ദ്രനെ എതിർക്കുന്ന കോഴിക്കോട്ടെ ഒരു വിഭാഗം നേതാക്കൾ ബഹളം തുടങ്ങി. ഹളം മൂത്ത് കയ്യാങ്കളിയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. എലത്തൂരിൽ ശശീന്ദ്രൻ വന്നാൽ എതിരെ വരിക കാപ്പന്‍റെ പാർട്ടി സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ശശീന്ദ്രൻ ഇനിയും മത്സരിച്ചാൽ എലത്തൂരിൽ ജയസാധ്യതയില്ലെന്നാണ് ശശീന്ദ്രനെ എതിർക്കുന്ന ഒരു വിഭാഗം നേതാക്കൾ പറയുന്നത്.
പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകുന്നതിൽ പ്രതിഷേധിച്ച് മാണി സി കാപ്പൻ എൻസിപി വിട്ടിരുന്നു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്ന പുതിയ പാർട്ടി രൂപീകരിക്കുകയും ചെയ്തു. നേരത്തേ തന്നെ എ കെ ശശീന്ദ്രനെതിരെ കോഴിക്കോട് ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തുണ്ട്. അന്തച്ഛിദ്രത്തിൽ വലയുന്ന എൻസിപിയിൽ ഒടുവിൽ സ്ഥാനാർത്ഥിനിർണയത്തിനായി ചേർന്ന യോഗത്തിൽത്തന്നെ അടിപിടിയുണ്ടായത് പാർട്ടിക്കും നാണക്കേടായി.