'തെരഞ്ഞെടുപ്പ് വിജയം തടയാൻ ചില ഹീന ശക്തികൾ ശ്രമിച്ചു'; കള്ളക്കേസുകൾ നൽകിയെന്നും ജി സുധാകരൻ

By Web Team  |  First Published May 4, 2021, 8:50 AM IST

നേതൃത്വത്തെ അംഗീകരിച്ച് പ്രവർത്തിക്കാൻ കഴിയാത്ത ഒരാൾക്കും പാർട്ടിയുടെ ഹൃദയത്തിൽ സ്ഥാനം ഉണ്ടാകില്ല. തെറ്റു പറ്റിയവർ തിരുത്തി യോജിച്ചു പോകണമെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.


ആലപ്പുഴ: ആലപ്പുഴയിൽ എൽഡിഎഫ് മിന്നും ജയം നേടിയതിന്‍റെ ക്രഡിറ്റ് ഏറ്റെടുത്തും പാർട്ടിയിലെ എതിർചേരിക്കെതിരെ വിമർശനങ്ങൾ ശക്തമാക്കിയും മുതിർന്ന സിപിഎം നേതാവ് ജി സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. തെരഞ്ഞെടുപ്പ് വിജയത്തിൽ തടസ്സമുണ്ടാക്കാൻ ചില ഹീന ശക്തികൾ ശ്രമിച്ചുവെന്നും തെറ്റുപറ്റിയവർ തിരുത്തി യോജിച്ച് മുന്നോട്ട് പോകണമെന്നാണ് സുധാകരൻ ഫേസ്ബുക്കില്‍ കുറിച്ചത്.

വോട്ടെണ്ണും മുൻപേ ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത, പരസ്യവിഴുപ്പലക്കലിലേക്ക് നീങ്ങിയിരുന്നു. വമ്പൻ വിജയത്തിന്‍റെ നെറുകയിൽ പാർട്ടി നിൽക്കുമ്പോഴും എതിർചേരിക്കെതിരായ പോരാട്ടം ശക്തമാക്കുകയാണ് ജി സുധാകരൻ.  അമ്പലപ്പുഴയിൽ എച്ച് സലാം നേടിയ വിജയത്തിന്‍റെ ശില്പി, താനാണെന്ന് ഫേസ്ബുക്കിലൂടെ സുധാകരൻ അക്കമിട്ട് നിരത്തുന്നു. വികസനം വോട്ടായി മാറിയെന്ന് പറഞ്ഞുതുടങ്ങിയ അദ്ദേഹം, തനിക്കെതിരായി നടന്ന പോസ്റ്റർ പ്രതിഷേധം അടക്കം എടുത്ത് പറയുന്നു. തൊഴിലാളി വർഗ സംസ്കാരത്തിന് നിരക്കാത്ത രീതിയായിരുന്നു അത്. തനിക്ക് എതിരെ കള്ള കേസുകൾ നൽകി. രാഷ്ട്രീയ ക്രിമിനലിസം സജീവമായിരുന്നെന്നും സുധാകരൻ ആവർത്തിക്കുന്നു. എതിർചേരിയെ വെറുതെവിടില്ലെന്ന് സൂചിപ്പിക്കുന്ന വരികളും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. 

Latest Videos

undefined

പാർട്ടി നേതൃത്വത്തെ ആദരിച്ചും അംഗീകരിച്ചും പ്രവർത്തിക്കാത്തവർക്ക് പാർട്ടിയുടെ ഹൃദയത്തിൽ സ്ഥാനമുണ്ടാവില്ലെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകുന്നു. ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയിൽ വൈകാതെ പാർട്ടി സംസ്ഥാന നേതൃത്വം ഇടപെടും. തുറന്നുപറച്ചിലുമായി മന്ത്രി നടത്തിയ വാർത്താസമ്മേളനവും അദ്ദേഹത്തിനെതിരായ പുതിയ ചേരിയുടെ ചെയ്തികളും നേതൃത്വത്തിന്‍റെ കണക്കുപുസ്തകത്തിലുണ്ട്. പാർട്ടി സമ്മേളനങ്ങളിലേക്ക് നീങ്ങുമ്പോൾ ജി സുധാകരന്‍റെ ഇനിയുള്ള നീക്കങ്ങൾ തന്നെയാണ് അണിയറയിലെ ചർച്ച. ഗ്രൂപ്പ് സമവാക്യങ്ങ‌ൾ മാറ്റി സ്വാധീനം ഉറപ്പിക്കാൻ പുതിയ ചേരിയും ശക്തമായി രംഗത്തുണ്ട്.

ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്:

 

click me!