കുറ്റ്യാടിയിൽ നിന്ന് കേന്ദ്രനേതൃത്വത്തിന് കത്ത്; സിപിഎമ്മിന് തലവേദനയായി നാലിടത്തെ തർക്കം

By Web Team  |  First Published Mar 9, 2021, 9:40 PM IST

സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് ഇമെയിലായി നേരിട്ട് പരാതി അയച്ച കുറ്റ്യാടി മണ്ഡലം കമ്മിറ്റി സീറ്റ് ഘടകകക്ഷിക്ക് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ്


തിരുവനന്തപുരം: സംസ്ഥാനത്തെ നാല് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ചൊല്ലി സിപിഎമ്മിൽ തർക്കം തുടരുന്നത് സംസ്ഥാന നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കുറ്റ്യാടി കേരള കോൺഗ്രസിന് നൽകിയതും പൊന്നാനിയിൽ നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കിയതും മഞ്ചേശ്വരത്തും കോങ്ങാട്ടും നിശ്ചയിച്ച സ്ഥാനാർത്ഥികളെ വേണ്ടെന്നുമാണ് മണ്ഡലം കമ്മിറ്റികളുടെ നിലപാട്. സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് ഇമെയിലായി നേരിട്ട് പരാതി അയച്ച കുറ്റ്യാടി മണ്ഡലം കമ്മിറ്റി സീറ്റ് ഘടകകക്ഷിക്ക് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ്.

സിപിഎം സംസ്ഥാന നേതൃത്വം നാല് മണ്ഡലം കമ്മിറ്റികളുടെയും നിലപാടിനോട് അത്ര അനുഭാവത്തോടെയല്ല പ്രതികരിക്കുന്നത്. എങ്കിലും  ഇന്ന് ചേർന്ന കുറ്റ്യാടി മണ്ഡലം കമ്മറ്റി സീറ്റ് തിരിച്ചെടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.  കേന്ദ്ര കമ്മിറ്റിയുടെ ഇടപെടൽ ആവശ്യപ്പെടാനും മണ്ഡലം കമ്മിറ്റി ആലോചിക്കുന്നുണ്ട്. മുൻപ് കൊയിലാണ്ടി സീറ്റ് ഐഎൻഎല്ലിന് നൽകിയ ഘട്ടത്തിലും കുറ്റ്യാടിയിൽ തർക്കം ഉണ്ടാവുകയും കേന്ദ്ര നേതൃത്വം ഇടപെട്ട് സിപിഎം സ്ഥാനാർത്ഥിയെ നിർത്തുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മണ്ഡലം കമ്മറ്റിയുടെ നീക്കം..

Latest Videos

undefined

എന്നാൽ പൊന്നാനിയിൽ നേതൃത്വം പ്രതീക്ഷിക്കാത്ത നിലയിലാണ് പ്രവർത്തകരുടെ വലിയ സംഘം ടിഎം സിദ്ദിഖിനെ സ്ഥനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയത്. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപ് മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജി പ്രഖ്യാപിച്ചു. ടികെ മഷൂദ്, നവാസ് നാക്കോല, ജമാൽ എന്നിവരാണ് ലോക്കൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. നാല് ബ്രാഞ്ച് സെക്രട്ടറിമാർ രാജി സന്നദ്ധത അറിയിച്ചു. പ്രതിഷേധം ജീവിതാനുഭവങ്ങളിൽ നിന്നുള്ള പ്രതികരണമാണെന്നായിരുന്നു ടിഎം സിദ്ദിഖിന്റെ പ്രതികരണം. പ്രതിഷേധം ഭയന്ന് ഇന്നത്തെ മണ്ഡലം കമ്മറ്റി യോഗം ഏരിയാ കമ്മറ്റി ഓഫീസിൽ നിന്ന് മാറ്റി. അതേസമയം കെടി ജലീലിനെ പൊന്നാനിയിലേക്കും നന്ദകുമാറിനെ തവനൂരിലേക്കും മാറ്റി പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

കാസർഗോട്ടെ മഞ്ചേശ്വരത്ത് ജയാനന്ദയെ സ്ഥാനാർത്ഥിയാക്കാൻ പറ്റില്ലെന്നാണ് മഞ്ചേശ്വരം മണ്ഡലം സിപിഎം നേതൃയോഗത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം മണ്ഡലം കമ്മിറ്റിയോഗം ജില്ലാ നേതൃത്വത്തെ അറിയിച്ചു. ഇതേ തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റ് അടിയന്തിരയോഗം ചേർന്നു. ഹിന്ദു സമുദായങ്ങളുടെ വോട്ടുകൾ ജയാനന്ദയ്ക്ക് സമാഹരിക്കാനാവില്ലെന്നതാണ് മണ്ഡലം കമ്മിറ്റി കാരണമായി പറയുന്നത്. മഞ്ചേശ്വരത്ത് നാളെ വീണ്ടും മണ്ഡലം കമ്മിറ്റി യോഗം സിപിഎം വിളിച്ചുചേർത്തിട്ടുണ്ട്. രാവിലെ 10 മണിക്ക് തുടങ്ങുന്ന യോഗത്തിൽ മുതിർന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കരുണാകരൻ പങ്കെടുക്കും. 

പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലമാണ് തർക്കമുള്ള നാലാമത്തെ ഇടം. ഇവിടെ പാർട്ടി നിശ്ചയിച്ച അഡ്വ കെ ശാന്തകുമാരിയെ സ്ഥാനാർത്ഥിയായി അംഗീകരിക്കാനാവില്ലെന്നാണ് മണ്ഡലം കമ്മിറ്റി പറയുന്നത്. മണ്ഡലത്തിൽ നിന്ന് തന്നെയുള്ളയാളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം. ഒവി സ്വാമിനാഥന്റെ പേരാണ് പ്രാദേശിക നേതൃത്വം മുന്നോട്ട് വെക്കുന്നത്. അവസാന മണിക്കൂറുകളിൽ മണ്ഡലം കമ്മറ്റികൾ നിലപാട് കടുപ്പിച്ചതോടെ വെട്ടിലായിരിക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം.

click me!