ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഒപ്പ് രേഖപ്പെടുത്താത്ത സത്യവാങ്മൂലം സമർപ്പിച്ചതാണ് പത്രിക തള്ളാൻ കാരണം
തൃശ്ശൂർ: ദേവികുളത്തിനും തലശേരിക്കും പിന്നാലെ ബിജെപിക്കും എൻഡിഎക്കും തിരിച്ചടിയായി ഗുരുവായൂരും. ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി അഡ്വ നിവേദിതയുടെ പത്രിക തള്ളി. ബിജെപിക്ക് ഇവിടെ ഡമ്മി സ്ഥാനാർത്ഥിയും ഉണ്ടായിരുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഒപ്പ് രേഖപ്പെടുത്താത്ത സത്യവാങ്മൂലം സമർപ്പിച്ചതാണ് പത്രിക തള്ളാൻ കാരണം..
മാർച്ച് 14നാണ് നിവേദിതയുടെ സ്ഥാനാർത്ഥിത്വം ദില്ലിയിൽ കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. തുടർന്ന് സജീവ പ്രചാരണത്തിലായിരുന്നു ഇവർ. പത്രിക തള്ളപ്പെട്ടതോടെ മുസ്ലിം ലീഗും സിപിഎമ്മും തമ്മിൽ കരുത്തുറ്റ പോരാട്ടം നടക്കുന്ന മണ്ഡലമായി ഗുരുവായൂർ മാറും. എൻകെ അക്ബറാണ് സിപിഎമ്മിന്റെ ഇവിടുത്തെ സ്ഥാനാർത്ഥി. കെഎൻഎ ഖാദറിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ മുസ്ലിം ലീഗ് രംഗത്തിറക്കിയിരിക്കുന്നത്.
ഇന്ന് മൂന്നാമത്തെ മണ്ഡലത്തിലാണ് എൻഡിഎക്ക് സ്ഥാനാർത്ഥികളില്ലാതാവുന്നത്. നേരത്തെ തലശ്ശേരിയിൽ എൻ ഹരിദാസിന്റെ പത്രികയും ദേവികുളത്ത് ആർ എം ധനലക്ഷ്മിയുടെ പത്രികയുമാണ് തള്ളിയത്. ദേശീയ പ്രസിണ്ടൻ്റ് ജെ പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം എ ഹാജരാക്കാൻ കഴിയാത്തതിനാലാണ് തലശ്ശേരിയിൽ എൻ ഹരിദാസിന്റെ പത്രിക തള്ളയിത്. ബിജെപി കണ്ണൂർ ജില്ലാ പ്രസിഡൻ്റാണ് ഹരിദാസ്. അണ്ണാ ഡിഎംകെ സ്ഥാനാർത്ഥിയായിരുന്നു ദേവികുളത്ത് ആർ എം ധനലക്ഷ്മി.