ശോഭയ്ക്കായി കഴക്കൂട്ടത്ത് പ്രചാരണത്തിനെത്തി മുരളീധരൻ, മാധ്യമങ്ങൾക്ക് വിമർശനം

By Web Team  |  First Published Mar 21, 2021, 7:12 AM IST

കഴക്കൂട്ടത്തെ വിവാദങ്ങൾക്ക് പഴി മാധ്യമങ്ങൾക്ക്. തീരുമാനം വൈകിയതിന്റെ ഉത്തരവാദിത്തം ശോഭയ്ക്കും. ശോഭാ സുരേന്ദ്രൻ മത്സരിക്കുന്നത് തടഞ്ഞിരുന്നെങ്കിൽ താൻ പ്രചാരണത്തിന് എത്തുമായിരുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് തനിക്കെതിരെ ഉയർന്ന വിവാദങ്ങളെ മുരളീധരൻ പ്രതിരോധിക്കുന്നത്.


കഴക്കൂട്ടം: മത്സരിക്കാൻ തയാറായ ശോഭാ സുരേന്ദ്രന് നന്ദി പറഞ്ഞ് കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിക്കായി പ്രചാരണത്തിനിറങ്ങി വി മുരളീധരൻ. താനും ശോഭയും തമ്മിൽ മല്ലയുദ്ധം ഉണ്ടായിട്ടില്ലെന്നാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച വിവാദങ്ങൾക്കുള്ള വി മുരളീധരന്റെ മറുപടി. ശബരിമല വിഷയം മുഖ്യ പ്രചാരണ വിഷയമാക്കുന്ന ശോഭാ സുരേന്ദ്രൻ പ്രസംഗത്തിൽ കടകംപള്ളി സുരേന്ദ്രനെ പൂതനയോടുപമിച്ച് കടന്നാക്രമിച്ചു.

2016ൽ രണ്ടാം സ്ഥാനംവരെയെത്തി, എ പ്ലസ് ആയി ഉയർന്ന പ്രതീക്ഷകൾക്ക് ഉലച്ചിലുണ്ടായ വിവാദങ്ങളാണ് കഴക്കൂട്ടത്തെച്ചൊല്ലി ബിജെപിയിലുണ്ടായത്. സർപ്രൈസ് സ്ഥാനാർത്ഥികൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലും ഗ്രൂപ്പ് വടംവലികളിലും നീണ്ടു പോയി ഒടുവിൽ, വിവാദങ്ങളുടെ കേന്ദ്ര സ്ഥാനത്തുണ്ടായിരുന്ന നേതാക്കൾ തന്നെ ശോഭാ സുരേന്ദ്രന് വേണ്ടി പ്രചാരണ രംഗത്ത്. 

Latest Videos

undefined

കഴക്കൂട്ടത്തെ വിവാദങ്ങൾക്ക് പഴി മാധ്യമങ്ങൾക്ക്. തീരുമാനം വൈകിയതിന്റെ ഉത്തരവാദിത്തം ശോഭയ്ക്കും. ശോഭാ സുരേന്ദ്രൻ മത്സരിക്കുന്നത് തടഞ്ഞിരുന്നെങ്കിൽ താൻ പ്രചാരണത്തിന് എത്തുമായിരുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് തനിക്കെതിരെ ഉയർന്ന വിവാദങ്ങളെ മുരളീധരൻ പ്രതിരോധിക്കുന്നത്.

മണ്ഡലത്തിൽ ബിജെപിയുണ്ടാക്കിയ വളർച്ച തന്നെയാണ് നിർണായക മത്സര ഘട്ടത്തിൽ തർക്കം തുടർന്ന നേതാക്കൾക്കുള്ള മുന്നറിയിപ്പും വെല്ലുവിളിയുമായത്. ആറായിരം വോട്ടുകളിൽ നിന്നും 2016ൽ വോട്ടുകൾ നാൽപത്തിരണ്ടായിരത്തിലേക്കു വളർന്നു. വി മുരളീധരന്റെ പോരാട്ട വീര്യം രണ്ടാം സ്ഥാനത്തുമെത്തിച്ചു. 

ശബരിമല മുന്നണിപ്പോരാളി ഇമേജിൽ ശോഭയെത്തുക കൂടി ചെയ്യുമ്പോഴുണ്ടാകുന്ന ചലനവും പ്രതീക്ഷകൾ കൂട്ടി. പ്രതീക്ഷിച്ച വിജയമുണ്ടായില്ലെങ്കിൽ മാത്രമല്ല, നിലവിലെത്തി നിൽക്കുന്ന വളർച്ചയിൽ നിന്ന് താഴേക്കു പോയാലും ബിജെപിയിൽ ചർച്ചകളുയരുമെന്ന് ചുരുക്കം. ഒപ്പം കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദേശവും. ഈ സാഹചര്യത്തിലാണ് ഉടക്കി നിന്നവരുടെ സാന്നിധ്യം ശ്രദ്ധേയമാവുന്നത്. 

നേതാക്കളുടെ സാന്നിധ്യത്തിനപ്പുറം താഴേത്തട്ടിൽ പാർട്ടിയുടെ പ്രവർത്തനവും വരും ദിവസങ്ങളിൽ നിർണായകം. വരും ദിവസങ്ങളിൽ കേന്ദ്ര നേതാക്കളുമെത്തും. യുഡിഎഫും ഇടതുമുന്നണിയുമാകട്ടെ പ്രചാരണത്തിൽ ഇതിനോടകം മുന്നിലാണ്.

click me!