കുന്ദംകുളത്ത് ശക്തമായ മത്സരമാണ് നടന്നതെങ്കിലും നേരിയ മേൽക്കൈ ഇടത് സ്ഥാനാർത്ഥിയായ മന്ത്രി എസി മൊയ്തീനുണ്ട്
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും സിപിഐക്കും ഏറെ പ്രതീക്ഷയുള്ള ജില്ലയാണ് തൃശ്ശൂർ. കഴിഞ്ഞ തവണ വ്യക്തമായ മേൽക്കൈയുണ്ടായിരുന്നു ഇടതിന് ഇവിടെ. ഒരു സീറ്റിൽ മാത്രമാണ് മുന്നണി പരാജയപ്പെട്ടത്. എന്നാൽ ഇക്കുറി അത്രയും എളുപ്പമല്ല ജില്ലയിലെ സ്ഥിതിയെന്നാണ് പോസ്റ്റ് പോൾ ഫലം.
ചേലക്കരയിൽ സിപിഎം സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ വിജയിക്കും. കുന്ദംകുളത്ത് ശക്തമായ മത്സരമാണ് നടന്നതെങ്കിലും നേരിയ മേൽക്കൈ ഇടത് സ്ഥാനാർത്ഥിയായ മന്ത്രി എസി മൊയ്തീനുണ്ട്. മണലൂരിൽ സിപിഎമ്മിന്റെ പി മുരളിക്കാണ് ജയസാധ്യത. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വടക്കാഞ്ചേരി മണ്ഡലം നേരിയ മേൽക്കൈയോടെ സിപിഎം സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പള്ളി, അനിൽ അക്കരയിൽ നിന്ന് തിരിച്ചുപിടിക്കും. ഗീതാ ഗോപിയുടെ സിറ്റിങ് സീറ്റായ നാട്ടികയിൽ സിസി മുകുന്ദനിലൂടെ സിപിഐ സീറ്റ് നിലനിർത്തും. കയ്പമംഗലത്ത് ശക്തമായ മത്സരമാണെങ്കിലും സിപിഐ സ്ഥാനാർത്ഥി ഇടി ടൈസൺ മാസ്റ്റർക്കാണ് മേൽക്കൈ. പുതുക്കാട് സിപിഎം സ്ഥാനാർത്ഥി കെകെ രാമചന്ദ്രൻ ജയിക്കും. കടുത്ത മത്സരമാണ് ചാലക്കുടിയിൽ. ഇവിടെ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി ഡെന്നിസ് കെ ആന്റണിക്ക് നേരിയ മേൽക്കൈയുണ്ട്.
കൊടുങ്ങല്ലൂരിൽ സിപിഐയുടെ സിറ്റിങ് എംഎൽഎ കടുത്ത മത്സരമാണ് നേരിടുന്നത്. ഇവിടെ കോൺഗ്രസിന്റെ എൻപി ജാക്സണാണ് മേൽക്കൈ. ഇരിങ്ങാലക്കുടയിൽ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്റെ ഭാര്യ ബിന്ദു പരാജയപ്പെടുമെന്നാണ് സർവേ ഫലം. കേരള കോൺഗ്രസ് സ്ഥാനാർത്ഥി തോമസ് ഉണ്ണ്യാടനാണ് ഇവിടെ ജയസാധ്യത. സിപിഐയുടെ സിറ്റിങ് സീറ്റായ ഒല്ലൂരിൽ കെ രാജനെ പരാജയപ്പെടുത്തി കോൺഗ്രസിന്റെ ജോസ് വെള്ളൂർ വിജയിക്കും. തൃശ്ശൂർ നഗര മണ്ഡലത്തിൽ പദ്മജ വേണുഗോപാലിനാണ് ജയസാധ്യത. ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ഇവിടെ രണ്ടാമതെത്തും. സിപിഐ സ്ഥാനാർത്ഥി ഇവിടെ മൂന്നാമതാകും. മന്ത്രി സുനിൽകുമാറിന്റെ സിറ്റിങ് സീറ്റാണിത്. ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാതിരുന്ന ഗുരുവായൂർ മണ്ഡലം കെഎൻഎ ഖാദർ മികച്ച ഭൂരിപക്ഷത്തോടെ തിരിച്ച് പിടിക്കുമെന്നാണ് സർവേ ഫലം.