ആശ്വാസിപ്പിക്കാന്‍ ഷാഫി പറമ്പില്‍ നേരിട്ടെത്തിയതോടെയാണ് ലീലാമ്മയുടെ സങ്കടമടങ്ങിയത്.
പാലക്കാട്: പോളിംഗ് ബൂത്തിൽ ആവേശത്തോടെ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പാലക്കാട്ടെ 65 വയസ്സുകാരി ലീല അറിയുന്നത് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന്. പിന്നെ മണപ്പുള്ളിക്കാവ് സ്‌കൂളിലെ വലിയ മരത്തിന് ചുവട്ടിലിരുന്ന് മുത്തശ്ശി വിതുമ്പിക്കരഞ്ഞു. ഒടുവില്‍ ആശ്വാസിപ്പിക്കാന്‍ ഷാഫി പറമ്പില്‍ നേരിട്ടെത്തിയതോടെയാണ് ലീലാമ്മയുടെ സങ്കടമടങ്ങിയത്.
രാവിലെ മണപ്പള്ളിക്കാവ് സ്‌കൂളിലെ ബൂത്തിലെത്തിയപ്പോള്‍ പേര് വോട്ടര്‍ പട്ടികയിലില്ല എന്ന് ഉദ്യോഗസ്ഥർ ലീലയെ അറിയിക്കുകയായിരുന്നു. ഇതോടെ മുത്തശ്ശിക്ക് സങ്കടമടക്കാനായില്ല. സങ്കടത്തോടെയിരിക്കുന്ന മുത്തശ്ശിയെ ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടുമുട്ടി. പാലക്കാട് നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന ഷാഫി പറമ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് പകര്‍ത്താന്‍ എത്തിയതായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് സംഘം.
undefined
'എന്‍റെ ജീവനാണ് ഷാഫി സാര്‍'...എന്നായിരുന്നു കണ്ണീരോടെ ലീലയുടെ ആദ്യ പ്രതികരണം. ഷാഫിക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിലുള്ള എല്ലാ സങ്കടവും ആ വാക്കുകളില്‍ വ്യക്തം.
എന്നാല്‍ മുത്തശ്ശിയെ ആശ്വാസിപ്പിക്കാന്‍ ഷാഫി പറമ്പില്‍ എംഎല്‍എ നേരിട്ടെത്തി. ഇതോടെ മാധ്യമങ്ങളെല്ലാം ലീലയെ വളഞ്ഞു. അന്തിമ പട്ടിക വന്നപ്പോള്‍ ഒഴിവായതാണോ, മറ്റെവിടെങ്കിലും മാറിക്കിടപ്പുണ്ടോ എന്ന് ഉടന്‍ പരിശോധിക്കാമെന്ന് ഷാഫി പറമ്പില്‍ ഉറപ്പുനല്‍കിയതോടെയാണ് മുത്തശ്ശിക്ക് ആശ്വാസമായത്.
പാലക്കാട് സിവില്‍ സ്റ്റേഷന് അടുത്താണ് ലീലയുടെ താമസം. കഴിഞ്ഞ ലോക്‌സഭാ തരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പട്ടികയില്‍ ലീലയ്‌ക്ക് ഇടമില്ലാതെപോവുകയായിരുന്നു.