വിധി ദിനം; 144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകൾ, വോട്ടെണ്ണുന്നത് ഇങ്ങനെ

By Web Team  |  First Published May 2, 2021, 12:56 AM IST

 കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരിക്കുന്ന ഇലട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ രാവിലെ ആറ് മണിക്ക് പുറത്തെടുക്കുന്നതോടെ വോട്ടെണ്ണൽ നടപടികൾ തുടങ്ങും.


തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ  കേരളം ആരു ഭരിക്കുമെന്ന് ഏകദേശം വ്യക്തമാകും. സായുധസേനയുടെ സുരക്ഷയിൽ കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരിക്കുന്ന ഇലട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ രാവിലെ ആറ് മണിക്ക് പുറത്തെടുക്കുന്നതോടെ വോട്ടെണ്ണൽ നടപടികൾ തുടങ്ങും.

957 സ്ഥാനാർത്ഥികൾ,  40,771 ബൂത്തുകൾ, രണ്ട് കോടിയിലധികം വോട്ടുകൾ. റിസര്‍വ് ഉൾപ്പടെ 50496 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 54349 വിവിപാറ്റ് മെഷീനുകളുമാണ് ഇത്തവണ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്.  എട്ടുമണിക്ക് ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി നാലായിരം മുതൽ അയ്യായിരം വരെ തപാൽ വോട്ടുകളുണ്ട്. ഇവയെണ്ണാൻ അഞ്ച് മുതൽ എട്ട് വരെ മേശകൾ ക്രമീകരിച്ചിട്ടുണ്ട്. 

Latest Videos

undefined

എട്ടരയ്ക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങും. ഒരു റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണുക. ലീഡ് നില തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ എൻകോർ എന്ന സോഫ്റ്റ്‍വെയറിലാണ് അപ്ലോഡ് ചെയ്യുന്നത്. പിന്നീട് വെബ്സൈറ്റിലേക്കും അപ്ഡേറ്റ് ചെയ്യും. കഴിഞ്ഞതവണ ട്രെൻഡ് എന്ന സോഫ്റ്റ്‍വെയറിലായിരുന്നുവെങ്കിലും ഇത്തവണ അതില്ല. പകരമുള്ള സോഫ്റ്റ്‍വെയർ വഴി വിവരം നൽകുമെന്നാണ് കമ്മീഷന്‍റെ വിശദീകരണം

144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെണ്ണാനായി സജ്ജീകരികരിച്ചിരിക്കുന്നത്. 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും.  ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 ഹാളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യമെണ്ണുക തപാൽ വോട്ടുകളായിരക്കും.

2019 ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ 14 മേശകളാണുണ്ടായിരുന്നത് എന്നാൽ കൊവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം ഉറപ്പാക്കാനായി ഇത്തവണ ഓരോ ഹാളിലും ഏഴ് മേശകളാണ്  തയ്യാറാക്കുക. ഒരോ മേശയിലും കൗണ്ടിംഗ് സൂപ്പർവൈസറും അസിസ്റ്റന്‍റ് കൗണ്ടിംഗ് ഏജന്‍റുമാരും ഉണ്ടാകും ആവശ്യമെങ്കിൽ തപാൽ വോട്ടെണ്ണുന്ന മേശകളുടെ എണ്ണം രണ്ടാക്കാനും നിർദ്ദേശമുണ്ട്. ഇത്തവണ  ഓരോ റൗണ്ടിലും 21 ബൂത്തുകളുടെ വോട്ടെണ്ണാവുന്ന സംവിധാനമാണ് ഒരുക്കുന്നത്. കഴിഞ്ഞ തവണ ഓരോ റൗണ്ടിലും 14 ബൂത്തുകളാണ് എണ്ണിയിരുന്നത്

തപാല്‍ ബാലറ്റ് എണ്ണാൻ ഓരോ മേശയിലും എ.ആര്‍.ഒ.യെ നിയോഗിച്ചിട്ടുണ്ട്.  ഒരു മേശയില്‍ 500 വോട്ടുകളാണ് എണ്ണുന്നത്. അസാധുവായ ബാലറ്റ് തള്ളും. സര്‍വീസ് വോട്ടുകള്‍ ക്യു.ആര്‍ കോഡുപയോഗിച്ച് നമ്പരും മറ്റും പരിശോധിക്കും. തപാല്‍ ബാലറ്റുകള്‍ പൂര്‍ണമായും എണ്ണിത്തീര്‍ന്ന ശേഷമേ ഇവിഎമ്മിലെ അവസാനറൗണ്ട് എണ്ണുകയുള്ളു. 5,84,238 തപാല്‍ ബാലറ്റുകളാണ് ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെ വിതരണം ചെയ്തത്. ഏപ്രില്‍ 28 വരെ  4,54,237 തപാൽ ബാലറ്റുകൾ തിരികെ ലഭിച്ചു.

കൗണ്ടിംഗ് ടേബിളിൽ സംഭവിക്കുന്നത്

രാവിലെ ആറ് മണിയോടെ വരണാധികാരി സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍  വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂം തുറക്കും. ചാര്‍ജ് ഓഫീസര്‍ വോട്ടിങ് യന്ത്രങ്ങള്‍ ഏറ്റെടുത്ത് സുരക്ഷിതമായി വോട്ടെണ്ണല്‍ ഹാളിലേക്ക് മാറ്റും.

വോട്ടെണ്ണല്‍ ഹാളില്‍ ഓരോ മേശയ്ക്കും സൂപ്പര്‍ വൈസര്‍, അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുണ്ടാകും. പ്രധാനഹാളില്‍ വരണാധികാരിയും മറ്റു ഹാളുകളില്‍ എ.ആര്‍.ഒയുമുണ്ടാകും. 150 ചതുരശ്ര അടി സ്ഥലമാണ് ഒരു കൗണ്ടിങ് ടേബിളിനു ചുറ്റുമുണ്ടാകുക. സമീപം ബാരിക്കേഡിനു പുറത്ത് ഓരോ സ്ഥാനാര്‍ഥിയുടെയും കൗണ്ടിങ് ഏജന്റുമാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിപ്പിടമൊരുക്കും.

കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രത്തിന്റെ സീല്‍പൊട്ടിക്കും. ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഡിസ്പ്ലേ  നോക്കി വോട്ട് വിവരം രേഖപ്പെടുത്തുന്നു. അസിസ്റ്റന്റും നിരീക്ഷകനും ഈ വിവരങ്ങള്‍ രേഖപ്പെടുത്തും.

വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ നിരീക്ഷകനും വരണാധികാരിയും അത് അംഗീകരിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സൈറ്റിലേക്ക് വിശദാംശങ്ങള്‍ നല്‍കും.

വിട്ടുവീഴ്ചയില്ലാത്ത മുൻകരുതൽ

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട നോഡല്‍ ഓഫീസര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായിരിക്കും. ഇതിന് നോഡല്‍ ഹെല്‍ത്ത് ഓഫീസറുടെ സഹായവുമുണ്ടാകും.

കൊവിഡ് പരിശോധനയിൽ  നെഗറ്റീവ് ആയതിന്‍റെ ഫലമോ രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാര്‍ഥികളെയോ ഏജന്റുമാരേയോ വോട്ടെണ്ണല്‍ ഹാളില്‍ കയറ്റില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് ജനങ്ങള്‍ കൂട്ടം കൂടരുതെന്നും നിർദ്ദേശമുണ്ട്. അത് കൊണ്ട് ഇത്തവണ ഫലമറിയുന്നത് വീട്ടിൽ നിന്നാവാം. തത്സമയ അപ്ഡേറ്റുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് കാണുക.

പോസ്റ്റ്പോള്‍ സര്‍വ്വേ സൂചന അനുസരിച്ച് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച ഉറപ്പിക്കുന്നു. അതേസമയം സര്‍വ്വേ ഫലങ്ങളെ മറികടന്ന് ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഏഷ്യാനെറ്റ് സീഫോര്‍ പോസ്റ്റ്പോള്‍ സര്‍വ്വേയടക്കം ഭൂരിപക്ഷം സര്‍വ്വേകളും ഭരണത്തുടര്‍ച്ചയാണ് പ്രവചിക്കുന്നത്. ചില സര്‍വ്വേകളനുസരിച്ച് എല്‍ഡിഎഫിന് 100 സീറ്റിന് മുകളില്‍ ലഭിച്ചേക്കുമെന്നാണ് സൂചന.

സര്‍വ്വേഫലങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസത്തില്‍, വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു. സര്‍വ്വേ ഫലങ്ങള്‍ തിരിച്ചടിയാണെങ്കിലും യുഡിഎഫ് അത് പുറത്ത് കാണിക്കുന്നില്ല. സര്‍ക്കാര്‍ വിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് തന്നെയാണ് യുഡിഎഫ് വിലയിരുത്തുന്നത്.

നേരിയ സീറ്റുകളുടെ ഭൂരിപക്ഷത്തിന് അധികാരത്തിലത്തൊമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. സര്‍വ്വേകള്‍ കാര്യമായ നേട്ടം പ്രവചിക്കുന്നില്ലെങ്കിലും ബിജെപിയും ശക്തമായി രംഗത്തുണ്ട്. സീറ്റ് നേട്ടം രണ്ടക്കം പിന്നിടുകയും ഇരു മുന്നണികള്‍ക്കും ഭൂരിപക്ശമില്ലാത്ത സാഹചര്യവും ഉണ്ടാകുമെന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തല്‍.

ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. വോട്ടെണ്ണി തുടങ്ങുന്നതു മുതല്‍ ഫല പ്രഖ്യാപനം വരെ ഓരോ മണ്ഡലത്തിലേയും തത്സമയ വിവരങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് ഏഷ്യാനെറ്റ് ന്യൂസ് വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും  കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ, തത്സമയം

click me!