കഴിഞ്ഞ തവണ വെറും 4000ത്തോളം വോട്ടിന് പിന്നിലായതിന്റെ ക്ഷീണം ഇക്കുറി നികത്താനാവുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് ക്യാംപിലുള്ളത്
കഴിഞ്ഞ ഒൻപത് നിയമസഭാ തെരഞ്ഞെടുപ്പുകളിലായി ഇടതോരം ചേർന്ന് മുന്നോട്ട് പോകുന്നൊരു മണ്ഡലമാണ് പേരാമ്പ്ര. 1980 ന് ശേഷം സിപിഎം സ്ഥാനാർത്ഥികളല്ലാതെ ആരും ഇവിടെ വിജയിച്ചിട്ടില്ല. മൂന്നാം വട്ടമാണ് മണ്ഡലത്തിൽ ടിപി രാമകൃഷ്ണനെ തന്നെ സിപിഎം രംഗത്തിറക്കിയത്. 2001 ലും 2006 ലും വിജയതീരം തൊട്ടതിനാൽ ഇക്കുറിയും വർധിതവീര്യത്തോടെ മുന്നേറാനാകുമെന്നാണ് മന്ത്രി ടിപി രാമകൃഷ്ണന്റെയും സിപിഎമ്മിന്റെയും പ്രതീക്ഷ.
സിഎച്ച് ഇബ്രാഹിംകുട്ടിയെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് ഇക്കുറി യുഡിഎഫ് ശ്രമിച്ചത്. കഴിഞ്ഞ തവണ വെറും 4000ത്തോളം വോട്ടിന് പിന്നിലായതിന്റെ ക്ഷീണം ഇക്കുറി നികത്താനാവുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് ക്യാംപിലുള്ളത്. കെവി സുധീറിനെയാണ് മണ്ഡലത്തിൽ ബിജെപി രംഗത്തിറക്കിയത്. കഴിഞ്ഞ തവണ മണ്ഡലത്തിൽ ബിഡിജെഎസ് നടത്തിയ പ്രകടനത്തേക്കാൾ മികച്ച നിലയിൽ വോട്ട് പിടിക്കാനാവുമെന്ന പ്രതീക്ഷയോടെയാണ് ബിജെപി ക്യാംപ്.
അതേസമയം ഏഷ്യാനെറ്റ് ന്യൂസ് - സി ഫോർ പോസ്റ്റ് പോൾ സർവേയിൽ വ്യക്തമായത്, മണ്ഡലത്തിൽ ടിപി രാമകൃഷ്ണന് വലിയ വെല്ലുവിളിയാകാൻ മറ്റ് രണ്ട് മുന്നണികളിലെ സ്ഥാനാർത്ഥികൾക്കും സാധിച്ചിട്ടില്ലെന്നാണ്. താരതമ്യേന മികച്ച ഭൂരിപക്ഷത്തിൽ തന്നെ ടിപി രാമകൃഷ്ണന് മണ്ഡലത്തിൽ വിജയിക്കാനാവുമെന്നും സർവേ വ്യക്തമാക്കുന്നു. ഇവിടെ യുഡിഎഫ് രണ്ടാം സ്ഥാനത്തും ബിജെപി മൂന്നാം സ്ഥാനത്തുമായിരിക്കുമെന്നാണ് പ്രവചനം.