കിഫ്ബിയിലെ റെയ്ഡ്, അതിനെതിരെ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും കടുത്ത പ്രതികരണങ്ങള്‍, രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ നിയമയുദ്ധം. ഇപ്പോഴിതാ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണവും. കേരളരാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറക്കുകയാണ്.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്തെ ആദായനികുതി വകുപ്പിന്‍റെ പരിശോധനയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി കിഫ്ബി. ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന വിചിത്രമാണ്. ആദായ നികുതി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ ഫെബ്രുവരി-25 ന് തന്നെ നൽകിയതാണെന്നും കിഫ്ബി വാർത്താക്കുറിപ്പിൽ പറയുന്നു. ഐ.ടി. ആക്ടിന്‍റെയും കിഫ്ബി നടപടി ക്രമങ്ങളുടെയും തെറ്റായ വ്യാഖ്യാനമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്നതെന്നും കിഫ്ബി ആരോപിക്കുന്നു.
പോളിംഗ്ബൂത്തിലേക്ക് പോകാന്‍ 10 ദിവസം മാത്രം ശേഷിക്കെയാണ് കേന്ദ്രവുമായി തുറന്ന യുദ്ധത്തിന് സംസ്ഥാനം തയ്യാറാകുന്നത്. ബിജെപിക്കെതിരെയുള്ള ശക്തമായ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന സന്ദേശമാണ് എല്‍ഡിഎഫ് നല്‍കുന്നത്. സിപിഎം, ബിജെപി ഒത്തുകളിയുടെ മറ്റൊരു മുഖമെന്ന് യുഡിഎഫും, നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്ന് പരിഹസിച്ച് ബിജെപിയും രംഗത്തെത്തിയതോടെ അവസാനലാപ്പിലെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായി ഇക്കാര്യം മാറി.
undefined
നിയമപരമായി സാധുതയൊന്നുമില്ലാത്ത ഒരു കാര്യം ചെയ്യുന്നതിലൂടെ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ കാണിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പരിഹസിക്കുന്നു. കിഫ്ബിയെ കേന്ദ്രസർക്കാരിന് ഒരു ചുക്കും ചെയ്യാനാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വെല്ലുവിളിച്ചത്. ഒരു ചുക്കിനേയും പേടിയില്ലെങ്കിൽ പിന്നെ എന്തിനാണ് സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്ന് മുരളീധരൻ ചോദിച്ചു. നരേന്ദ്രമോദിയുടെ നട്ടെല്ലിന് നല്ല ഉറപ്പാണെന്ന് ഇന്ത്യയിൽ എല്ലാവര്‍ക്കും അറിയാം. ഇതുകൊണ്ടൊന്നും കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാൻ സാധിക്കില്ലെന്നും കേന്ദ്രഏജൻസികളെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും മുരളീധരൻ പറഞ്ഞു.
എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടക്കം അന്വേഷണ ഏജൻസികൾക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുന്നത് അമിതാധികാര പ്രകടനമാണെന്നാണ് ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മുഖ്യമന്ത്രിയുടെ കാട്ടിക്കൂട്ടലുകളൊന്നും വിലപ്പോകില്ല. അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാർ നടപടി ഭരണഘടന വിരുദ്ധമാണെന്നും കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ പ്രതികരിച്ചു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് എതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് പ്രഹസനമാണെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. ഇത് വലിയ തമാശയാണെന്ന വി മുരളീധരന്‍റെ വാദം ചെന്നിത്തലയും ആവർത്തിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ സ്റ്റണ്ടാണെന്നും ചെന്നിത്തല പറയുന്നു. ബിജെപിയുമായി സിപിഎം നേരത്തെയുണ്ടാക്കിയിട്ടുള്ള ധാരണ പ്രകാരമുള്ള തീരുമാനമെന്നാണ് യുഡിഎഫിന്‍റെ പൊതുആരോപണം.
ആഴക്കടല്‍, ശബരിമല വിവാദങ്ങള്‍ കത്തിനില്‍ക്കെ അല്പമൊന്ന് പ്രതിരോധത്തിലായ സര്‍ക്കാരിന് പുത്തന്‍ ഉണര്‍വ് നല്കുന്നതാണ് ഇന്നത്തെ തീരുമാനം. കൂടുതല്‍ നേതാക്കള്‍ ഏറ്റുപിടിക്കുന്നതോടെ അവസാന റൗണ്ട് ആവേശത്തിന് തീ പകരാന്‍ മറ്റൊരു വിഷയം കൂടി വന്നിരിക്കുന്നു.
നിയമപരമായി നേരിടാനൊരുങ്ങി കിഫ്ബി
ലൈഫ് മിഷൻ പദ്ധതിക്ക് പിന്നാലെ കിഫ്ബിയെ ലക്ഷ്യമിട്ടുള്ള കേന്ദ്ര ഏജൻസികളുടെ നീക്കത്തെ ശക്തമായ എതിർക്കുകയാണ് സർക്കാരും സിപിഎമ്മും. കിഫ്ബി വായ്പ വഴിയുള്ള പദ്ധതികളുടെ കരാറുകാരുടെ നികുതിപ്പണത്തെ ചൊല്ലിയാണ് കിഫ്ബിയും ആദായനികുതിവകുപ്പും തമ്മിലുള്ള തർക്കം.
ഓരോ വകുപ്പിന് കീഴിലും രൂപീകരിച്ച കമ്പനികള്‍ക്കാണ് കിഫ്ബി പണം കൊടുക്കുന്നത്. ഈ കമ്പനിയാണ് കരാറുകാരെ കണ്ടെത്തുന്നത്. കരാർ തുകക്ക് നൽകേണ്ട നികുതി കിഫ്ബി ഈ കമ്പനികളുടെ അക്കൗണ്ടിലേക്കാണ് കൈമാറുന്നത്. ഇങ്ങനെ 73 കോടി കൈമാറിയെന്ന് കിഫ്ബി പറയുന്നു. നികുതി അടയ്ക്കേണ്ട ഉത്തരവാദിത്വം പൂർണമായും കമ്പനികള്‍ക്കെന്നാണ് കിഫ്ബി പറയുന്നത്.
എന്നാൽ നികുതിപ്പണം ഇങ്ങോട്ട് കിട്ടിയില്ലെന്നും കിഫ്ബി നേരിട്ടാണ് പണമടയ്ക്കേണ്ടതുമെന്നാണ് ആദായ നികുതിവകുപ്പിന്‍റെ വാദം. ആദായനികുതി നിയമപ്രകാരം നിലനിൽക്കാത്ത കാര്യത്തെ മറയാക്കി കിഫ്ബിയെ തകർക്കാനാണ് അർദ്ധരാത്രിയിലെ പരിശോധനയെന്നാണ് സർക്കാരിന്‍റെ ആരോപണം.
ആദായനികുതി കമ്മീഷണർ മൻജീത് സിംഗിന്‍റെ നേതൃത്വത്തിലായിരുന്നു ഇന്നലെ നടന്ന പരിശോധന. കരാറുകാരുടെ നികുതിപ്പണം കണ്ടെത്തണമെങ്കിൽ കരാർ കമ്പനികളോടാണ് ചോദിക്കേണ്ടതെന്ന് കിഫ്ബി സിഇഒ കെ എം എബ്രഹാം ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ പരിശോധനയെ തടയൻ ശ്രമിക്കുകയാണെന്നും ഒരു മാസംവരെ തടവു ലഭിക്കുമെന്നും പറഞ്ഞായിരുന്നു ആദായനികുതി ഉദ്യോഗസ്ഥർ തിരിച്ചടിച്ചത്. ഇരുഭാഗവും തമ്മിൽ രൂക്ഷമായ വാക്കേറ്റത്തിനൊടുവിലാണ് പരിശോധന അവസാനിപ്പിച്ച് ആദായനികുതി ഉദ്യോഗസ്ഥർ മടങ്ങിയത്. ആദായനികുതി വകുപ്പ് കേസെടുത്താൽ നിയമപരമായി നേരിടാനൊരുങ്ങുകയാണ് കിഫ്ബി.