അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ റോസമ്മ പുന്നൂസ് 1957ലും 58ലും വിജയിച്ചതൊഴിച്ചാൽ തമിഴ് വംശജരല്ലാത്ത ആരും ദേവികുളത്ത് നിന്ന് നിയമസഭയിൽ എത്തിയിട്ടില്ല
ഇടുക്കി: ജാതി സമവാക്യങ്ങൾ നിർണായകമായ ഇടുക്കി ദേവികുളത്ത് സ്ഥാനാർത്ഥിയെ നിശ്ചയിക്കാനാകാതെ ഇടതു മുന്നണി. എസ് രാജേന്ദ്രന് പകരമുള്ള സ്ഥാനാർത്ഥിയെ ഏത് വിഭാഗത്തിൽ നിന്ന് തെരഞ്ഞെടുക്കുമെന്നതിലാണ് ആശങ്ക. യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമാകും ദേവികുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് തവണയും സിപിഎം നേതാവ് എസ് രാജേന്ദ്രൻ വിജയിച്ച മണ്ഡലമാണ് ദേവികുളം. സംവരണ മണ്ഡലമായ ദേവികുളത്ത് ഭൂരിപക്ഷവും തമിഴ് തോട്ടം തൊഴിലാളികളാണ്. രണ്ട് പ്രബല ജാതി വിഭാഗങ്ങളാണ് ഇവർക്കിടയിലുള്ളത്.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ റോസമ്മ പുന്നൂസ് 1957ലും 58ലും വിജയിച്ചതൊഴിച്ചാൽ തമിഴ് വംശജരല്ലാത്ത ആരും ദേവികുളത്ത് നിന്ന് നിയമസഭയിൽ എത്തിയിട്ടില്ല. വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ രാജയും സിപിഎം ജില്ലകമ്മിറ്റി അംഗം ആർ ഈശ്വരനുമാണ് ദേവികുളത്ത് സിപിഎമ്മിന്‍റെ അന്തിമപട്ടികയിൽ ഉള്ളത്. തോട്ടം തൊഴിലാളികൾക്കിടയിൽ ഐഎൻടിയുസിക്ക് നിർണായക സ്വാധീനമുള്ളതിനാൽ യുഡിഎഫ് സ്ഥാനാർത്ഥി ആരെന്ന് വ്യക്തമായതിന് ശേഷമാകും ദേവികുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം.