ജില്ലയിൽ നിന്നുള്ളൊരാളെ സ്ഥാനാർത്ഥിയാക്കിയില്ലെന്ന് ആരോപിച്ച് കോൺഗ്രസിനകത്ത് പൊട്ടിത്തെറി ഉണ്ടായതോടെയാണ് കൽപ്പറ്റ തെരഞ്ഞെടുപ്പ് കാലത്ത് വാർത്തകളിൽ നിറഞ്ഞത്
വയനാട് ജില്ലയിലെ ഏറ്റവും ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് ജില്ലാ ആസ്ഥാനം കൂടി സ്ഥിതി ചെയ്യുന്ന കൽപ്പറ്റ മണ്ഡലം. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എംവി ശ്രേയാംസ് കുമാർ ഇക്കുറി ഇടതുകോട്ടയിൽ തിരിച്ചെത്തി, സ്ഥാനാർത്ഥിയായി. ജില്ലയിൽ നിന്നുള്ളൊരാളെ സ്ഥാനാർത്ഥിയാക്കിയില്ലെന്ന് ആരോപിച്ച് കോൺഗ്രസിനകത്ത് പൊട്ടിത്തെറി ഉണ്ടായതോടെയാണ് കൽപ്പറ്റ തെരഞ്ഞെടുപ്പ് കാലത്ത് വാർത്തകളിൽ നിറഞ്ഞത്.
കോഴിക്കോട് ഡിസിസി അധ്യക്ഷനായ ടി സിദ്ധിഖിനെയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. ബിജെപിക്ക് വേണ്ടി ടിഎം സുബീഷും മത്സര രംഗത്തിറങ്ങി. എന്നാൽ കോൺഗ്രസിൽ ക്യാംപിലെ അസ്വാരസ്യങ്ങൾ വലിയ വെല്ലുവിളിയായില്ലെന്നാണ് വിലയിരുത്തൽ. ടി സിദ്ധിഖ് ശക്തമായ മത്സരം തന്നെ ഇവിടെ കാഴ്ചവച്ചു. അതുകൊണ്ട് തന്നെ മത്സരഫലം എന്താകുമെന്ന് പറയാൻ സാധിക്കാത്ത സ്ഥിതിയാണ്.
undefined
കഴിഞ്ഞ തവണ സികെ ശശീന്ദ്രനാണ് മണ്ഡലത്തിൽ സിപിഎമ്മിന് വേണ്ടി യുഡിഎഫ് സ്ഥാനാർത്ഥിയായ എംവി ശ്രേയാംസ് കുമാറിനെ മലർത്തിയടിച്ചത്. മുന്നണി മാറി വന്ന ശ്രേയാംസ് കുമാറിന് വേണ്ടി ശശീന്ദ്രൻ പിന്മാറിയപ്പോൾ വലിയ വിജയപ്രതീക്ഷയോടെയാണ് സിദ്ധിഖിനെ സ്ഥാനാർത്ഥിയാക്കിയത്. വയനാട്ടുകാരൻ തന്നെ സ്ഥാനാർത്ഥിയാകണമെന്ന നിർബന്ധ ബുദ്ധി മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്കുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേയിൽ കൽപ്പറ്റയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നിട്ടുണ്ട്. ഇടതുമുന്നണിക്കും ഐക്യ ജനാധിപത്യ മുന്നണിക്കും ഒരേ പോലെ വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് ഇവിടം. എന്നാൽ നേരിയ മുൻതൂക്കം എംവി ശ്രേയാംസ് കുമാറിനാണെന്ന് സർവേ ഫലം പ്രവചിക്കുന്നു.