ചെങ്ങന്നൂര്‍ സീറ്റ് കിട്ടാതായതിന് പിന്നാലെയാണ് ആര്‍എസ്എസ് സൈദ്ധാന്തികൻ ആർ ബാലശങ്കര്‍ വോട്ട് ഒത്തുകളി ആരോപണവുമായി രംഗത്തെത്തിയത്. ശോഭാ സുരേന്ദ്രനും ബാലശങ്കറും ഉയർത്തിവിട്ട വിവാദങ്ങളും എങ്ങനെ പ്രതിഫലിക്കും.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നിര്‍ണ്ണായക മത്സരം നേരിടുന്ന ബിജെപിക്ക് അനുകൂലമായും പ്രതികൂലമായും പലവിധ ചര്‍ച്ചകളാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ഉയര്‍ന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മെട്രോമാൻ ഇ ശ്രീധരന്‍റെ ബിജെപി പ്രവേശം വലിയ വാര്‍ത്തയുമായി. ഇ.ശ്രീധരന്റെ വരവ് ബിജെപിക്ക് കാര്യമായ ഗുണമുണ്ടാക്കുമോ? എന്ന ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസ് സി വോട്ടര്‍ സര്‍വെയിൽ ഗുണമുണ്ടാകില്ലെന്ന പക്ഷക്കാരാണ് മുന്നിൽ . 58 ശതമാനം ആളുകൾ ഇ ശ്രീധരന്റെ വരവ് ഗുണം ചെയ്യില്ലെന്ന് പറഞ്ഞപ്പോൾ ഗുണമുണ്ടാക്കും എന്ന് അഭിപ്രായപ്പെട്ടത് 30 ശതമാനം ആളുകളാണ്. അറിയില്ലെന്ന് പ്രതികരിച്ചവര്‍ 12 ശതമാനം പേരും.
ചെങ്ങന്നൂര്‍ സീറ്റ് കിട്ടാതായതിന് പിന്നാലെയാണ് ആര്‍എസ്എസ് സൈദ്ധാന്തികൻ ആർ ബാലശങ്കര്‍ വോട്ട് ഒത്തുകളി ആരോപണവുമായി രംഗത്തെത്തിയത്. വോട്ട് മറി വിവാദം പ്രചാരണ വേദിയിലാകെ ആളിക്കത്തി. ആർഎസ്എസ് നേതാവ് ആർ ബാലശങ്കറിന്റെ ആരോപണം ബിജെപിയെ ബാധിക്കുമോ എന്ന ചോദ്യത്തിന് ബാധിക്കും എന്ന് ഉത്തരം നൽകിയത് 34 ശതമാനം പേരാണ്. ഇല്ലെന്ന് 39 ശതമാനവും അറിയില്ലെന്ന് 27 ശതമാനവും പറഞ്ഞു.
ശോഭ സുരേന്ദ്രനെ ഒഴിവാക്കി നിർത്താൻ അവസാനസമയം വരെ ബിജെപി സംസ്ഥാനനേതൃത്വം ശ്രമിച്ചത് ശരിയോ എന്ന ചോദ്യത്തിന് അല്ലെന്ന ഉത്തരത്തിനാണ് മുൻതൂക്കം ഏറെ. അല്ലെന്ന് പറഞ്ഞത് 54 ശതമാനം പേര്‍. ശരിയാണെന്ന് അഭിപ്രായം ഉള്ളവർ 24 ശതമാനം. അറിയില്ലെന്ന് അഭിപ്രായം രേഖപ്പെടുത്തിയത് 22 ശതമാനം.