ഉമ്മൻചാണ്ടി നേമത്ത് പോയാൽ യുഡിഎഫ് കേരളം പിടിക്കുമോയെന്നും കെ.സി.ജോസഫ് ചോദിച്ചു.
കോട്ടയം: ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫ്. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ വീണ്ടും ജനവിധി തേടണം. ഉമ്മൻചാണ്ടി നേമത്ത് പോയാൽ യുഡിഎഫ് കേരളം പിടിക്കുമോയെന്നും കെ.സി.ജോസഫ് ചോദിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സങ്കീര്‍ണമാക്കിയ പലഘടകങ്ങളിലൊന്ന് കെ.സി.ജോസഫിന് സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നായിരുന്നു. വിശ്വസ്തനായ കെ.സി.ജോസഫിന് സീറ്റുറപ്പിക്കാൻ കടുത്ത സമ്മര്‍ദ്ദമാണ് ഉമ്മൻ ചാണ്ടി ചെലുത്തിയത് എന്നാണ് സൂചന. കാഞ്ഞിരപ്പള്ളി സീറ്റിൽ കെസിക്കായി ഉമ്മൻ ചാണ്ടി വാദിച്ചെങ്കിലും ഹൈക്കമാൻഡ് ഇതിനു തടയിട്ടു. ഉമ്മൻ ചാണ്ടി നേമത്ത് ഇറങ്ങുകയാണെങ്കിലും പുതുപ്പള്ളി പിടിക്കാൻ കെ.സി.ജോസഫിനെ എഗ്രൂപ്പ് ഇറക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
അതേസമയം മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിനെ ഉമ്മൻചാണ്ടി പുതുപ്പള്ളിക്ക് വിളിപ്പിച്ചു. ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ ലതികാ സുഭാഷിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയിൽ അവരില്ലെന്നാണ് സൂചന. ലതികയെ ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉമ്മൻ ചാണ്ടി അവരെ കാണുന്നതെന്നാണ് സൂചന.