ഏപ്രിൽ ആറിന് പോളിംഗ് ദിനത്തിൽ രാത്രിയോടെയാണ് പാനൂരിലെ ലീഗ് പ്രവര്‍ത്തകനായ മുഹസിനും സഹോദരൻ മൻസൂറിനും നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായത്.
കണ്ണൂര്‍: പാനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകൻ മൻസൂറിൻ്റെ കൊലപാതകം കണ്ണൂരിലെ മുൻകാല കൊലപാതക പരമ്പരകളെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ ടി.വി.സുഭാഷ്. പാനൂർ മേഖലയിൽ ജാഗ്രതയോടെയിരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കണ്ണൂരിൽ തുടർസംഘർഷം ഇല്ലാതിരിക്കാൻ രാഷ്ട്രീയ നേതൃത്വം മുന്നിട്ടിറങ്ങണം. ഇന്ന് കണ്ണൂര്‍ കളക്ടറേറ്റിൽ വിളിച്ച സമാധാന യോഗത്തിൽ എല്ലാ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുക്കുമെന്നും ടി.വി.സുഭാഷ് പറഞ്ഞു.
ഏപ്രിൽ ആറിന് പോളിംഗ് ദിനത്തിൽ രാത്രിയോടെയാണ് പാനൂരിലെ ലീഗ് പ്രവര്‍ത്തകനായ മുഹസിനും സഹോദരൻ മൻസൂറിനും നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായത്. യുഡിഎഫിൻ്റെ പോളിംഗ് ഏജൻ്റായിരുന്ന മുഹസിനുമായി രാവിലെ ഓപ്പണ്‍ വോട്ടിനെ ചൊല്ലി സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. തെരഞ്ഞെടുപ്പിൻ്റെ പോളിംഗ് കഴിഞ്ഞ ശേഷം രാത്രി എട്ട് മണിയോടെ ഇവര്‍ മുഹസിൻ്റെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു.