അഴീക്കോട് കെ എം ഷാജി തന്നെ? പ്രത്യേക കൺവെൻഷന്‍ വിളിച്ച് ഷാജി

By Web Team  |  First Published Feb 10, 2021, 9:29 PM IST

സീറ്റ് വച്ചുമാറാൻ കോൺഗ്രസ് തയ്യാറാകാത്തതും മറ്റ് സ്ഥാനാർത്ഥികൾക്ക് അഴീക്കോട് ജയസാധ്യതയില്ലെന്ന ലീഗ് നേതൃത്വത്തിന്‍റെ വിലയിരുത്തലുമാണ് കാരണം.


കണ്ണൂര്‍: ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ കണ്ണൂർ അഴീക്കോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ എം ഷാജി തന്നെ എത്താൻ സാധ്യതയേറുന്നു. സീറ്റ് വച്ചുമാറാൻ കോൺഗ്രസ് തയ്യാറാകാത്തതും മറ്റ് സ്ഥാനാർത്ഥികൾക്ക് അഴീക്കോട് ജയസാധ്യതയില്ലെന്ന ലീഗ് നേതൃത്വത്തിന്‍റെ വിലയിരുത്തലുമാണ് കാരണം. നാളെ അഴീക്കോടെത്തുന്ന കെ എം ഷാജി പ്രത്യേക കൺവെൻഷനും വിളിച്ച് ചേ‍ർത്തിട്ടുണ്ട്.

അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ കെ എം ഷാജി എംഎൽഎ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിച്ചെന്ന കേസ് വിജിലൻസ് അന്വേഷിച്ച് വരികയാണ്. ഒരുതവണ ഷാജിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കമറുദ്ദീനും ഇബ്രാഹിം കുഞ്ഞിനും പിന്നാലെ ഷാജിയും അറസ്റ്റിലാകുമെന്ന പ്രചാരണം സിപിഎം കേന്ദ്രങ്ങൾ നടത്തുന്നത് അഴീക്കോടെ ജയത്തിന് തടസ്സമാകുമെന്ന് ഷാജിക്ക് ആശങ്കയുണ്ടായിരുന്നു. ഇതോടെയാണ് കണ്ണൂർ മണ്ഡലവുമായി അഴീക്കോട് വച്ച്മാറാനുള്ള ശ്രമം എംഎൽഎ നടത്തിയത്. 

Latest Videos

എന്നാൽ സതീശൻ പാച്ചേനി ഉടക്കിട്ടു. കാസർകോടെ ഒരു സുരക്ഷിത മണ്ഡലത്തിൽ മത്സരിക്കാനുള്ള നീക്കവും പാളി. അഴീക്കോടല്ലാതെ മറ്റ് സാധ്യതകൾ ഇല്ലെന്ന് വന്നതോടെയാണ് രണ്ടും കൽപ്പിച്ചിറങ്ങാൻ ഷാജി തയ്യാറായതെന്നാണ് വിവരം. ഷാജിക്ക് മാത്രമേ അഴീക്കോട് വിജയ സാധ്യതയുള്ളു എന്നാണ് കോൺഗ്രസിന്‍റെയും ലീഗിന്‍റെയും പ്രാദേശിക നേതൃത്വം യുഡിഎഫ് നേതാക്കളെ അറിയിച്ചത്. ഒരിക്കൽ കൂടി കെ എം ഷാജി എന്ന പോസ്റ്ററുകൾ ലീഗ് അണികൾ പ്രചരിപ്പിച്ച് തുടങ്ങിയത് ഷാജിയുടെ മൗനാനുവാദത്തോടെയാണ്. നാളെ നടക്കുന്ന മുസ്ലിംലീഗ് അഴിക്കോട് നിയോജക മണ്ഡലം കമ്മിറ്റി സ്പെഷ്യൽ കൺവെൻഷൻ കെ എം ഷാജി ഉദ്ഘാടനം ചെയ്യും. 

click me!