മലമ്പുഴ സീറ്റ് വേണ്ടെന്ന് ജോണ്‍ ജോൺ, എസ്.കെ.അനന്തകൃഷ്ണൻ മത്സരിക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം

By Web Team  |  First Published Mar 13, 2021, 6:53 PM IST

എലത്തൂര്‍ സീറ്റ് മതിയെന്ന ആവശ്യത്തിലുറച്ച് നില്‍ക്കാനാണ് തൃശൂരില്‍ ചേര്‍ന്ന ഭാരതീയ നാഷണല്‍ ജനതാദള്‍ സംസ്ഥാന സമിതി യോഗത്തിന്‍റെ തീരുമാനം.


പാലക്കാട്: പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മലമ്പുഴ സീറ്റ് വേണ്ടെന്ന് ഭാരതീയ നാഷണല്‍ ജനതാദള്‍ കോണ്‍ഗ്രസിനെ അറിയിച്ചു. എലത്തൂര്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടി അധ്യക്ഷൻ അഡ്വ. ജോണ്‍ ജോണ്‍ പറഞ്ഞു. ദുര്‍ബലരായ ഘടക കക്ഷികള്‍ക്ക് മലമ്പുഴ കൈമാറുന്നതിനെതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു.

എലത്തൂര്‍ സീറ്റ് മതിയെന്ന ആവശ്യത്തിലുറച്ച് നില്‍ക്കാനാണ് തൃശൂരില്‍ ചേര്‍ന്ന ഭാരതീയ നാഷണല്‍ ജനതാദള്‍ സംസ്ഥാന സമിതി യോഗത്തിന്‍റെ തീരുമാനം. മലമ്പുഴ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന കലാപത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന വിലയിരുത്തലും മലമ്പുഴ കൈവിടാന്‍ കാരണമായി. ഇന്നലെ രാത്രി മുതല്‍ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുയര്‍ത്തിയത്.

Latest Videos

undefined

ബിജെപിയെ സഹായിക്കാനാണ് ദുര്‍ബലരായ ഘടകകക്ഷിക്ക് സീറ്റ് വച്ചു നീട്ടിയതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്. പുതുശേരിയില്‍ ഇന്നും പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ഡിസിസി ഭാരവാഹികളുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനും വിളിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എസ്.കെ. അനന്തകൃഷ്ണനെ മത്സരിപ്പിക്കണമെന്ന പ്രമേയവും 
കണ്‍വൻഷൻ പാസ്സാക്കി.

മലമ്പുഴയിൽ കോണ്‍ഗ്രസ് പിന്നിലാവുന്നത് കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികളെ ചുമക്കേണ്ടി വരുന്നതു കൊണ്ടെന്ന വികാരം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്ക് നേരത്തെയുണ്ടായിരുന്നു. പിന്നാലെ ഘടക കക്ഷിക്ക് സീറ്റ് കൈമാറാനുള്ള നീക്കം കൂടിയായപ്പോള്‍ അടക്കിവച്ച അമര്‍ഷം  കലാപമായി മാറുകയായിരുന്നു.

click me!