ഓർത്തഡോക്സ് സഭയുമായി സമവായമുണ്ടാക്കാമെന്ന് കേന്ദ്ര സർക്കാരും ബിജെപി കേന്ദ്ര നേതൃത്വവും വാക്കുകൊടുത്ത പശ്ചാത്തലത്തിലാണ് താമരയെ ചേർത്തുപിടിക്കാൻ യാക്കോബായ സഭ ആലോചിച്ചത്
ദില്ലി: ബിജെപി ദേശീയ നേതൃത്വവുമായുള്ള യാക്കോബായ സഭയുടെ ചർച്ചകൾക്ക് തിരിച്ചടി. അമിത്ഷായെ കാണാതെ സഭാ നേതാക്കൾ ദില്ലിയിൽ നിന്ന് മടങ്ങി. ബിജെപി അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് സഭാനേതൃത്വം വ്യക്തമാക്കി. മുൻ തെരഞ്ഞെടുപ്പുകളിലേത് പോലെ സഭയുടെ സമദൂര നിലപാട് തന്നെ തുടരാൻ തീരുമാനിച്ചു. പള്ളി തർക്ക വിഷയത്തിൽ കൃത്യമായ ഉറപ്പുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ചർച്ച പരാജയപ്പെട്ടതെന്നാണ് വിവരം.
ഓർത്തഡോക്സ് സഭയുമായി സമവായമുണ്ടാക്കാമെന്ന് കേന്ദ്ര സർക്കാരും ബിജെപി കേന്ദ്ര നേതൃത്വവും വാക്കുകൊടുത്ത പശ്ചാത്തലത്തിലാണ് താമരയെ ചേർത്തുപിടിക്കാൻ യാക്കോബായ സഭ ആലോചിച്ചത്. എറണാകുളത്തെ 5 മണ്ഡലങ്ങളിൽ എൻഡിഎയ്ക്കായി സഭാ സ്ഥാനാർഥികൾ മത്സരിക്കുന്നതും പരിഗണിച്ചിരുന്നു. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാൻ ശ്രമിച്ച ബിജെപി ഈ നീക്കത്തെ സുവർണാവസരമായിട്ടാണ് കണ്ടത്.
മെത്രാപ്പൊലീത്തൻ ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസിന്‍റെ നേതൃത്വത്തിൽ നാല് ബിഷപ്പുമാരാണ് ദില്ലിക്ക് പോയത്. അമിത് ഷാ അടക്കമുള്ള നേതാക്കളിൽ നിന്ന് അനുകൂലമായ തീരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യാക്കോബായ സംഘം. എന്നാൽ ഇതുണ്ടായില്ല. ഇതാണ് രാഷ്ട്രീയ നിലപാടിലടക്കം മാറ്റം വരുത്തേണ്ടെന്ന നിലപാടിലേക്ക് സഭ എത്തിച്ചേർന്നത്.