ഡിസിസി ഭാരവാഹികളടക്കം അറുപതിലധികം പേരാണ് രാജിവെക്കാനൊരുങ്ങുന്നത്.പീരുമേട് സീറ്റിലേക്ക് റോയ് കെ പൗലോസിനെ പരിഗണിക്കുന്നതായാണ് നേരത്തെ പറഞ്ഞിരുന്നത്. ഇന്നലെ ഉച്ച വരെ അങ്ങനെയൊരു പ്രതീക്ഷയാണ് പാർട്ടി നൽകിയത്.
തൊടുപുഴ: ഡിസിസി മുൻ പ്രസിഡൻ്റ് റോയ് കെ പൗലോസിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഇടുക്കി കോൺഗ്രസ്സിൽ കൂട്ടരാജി ഭീഷണി. ഡിസിസി ഭാരവാഹികളടക്കം അറുപതിലധികം പേരാണ് രാജിവെക്കാനൊരുങ്ങുന്നത്.
സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് 5 ബ്ലോക്ക് പ്രസിഡന്റുമാർ, 40 മണ്ഡലം പ്രസിഡന്റുമാർ, 15 ഡിസിസി ഭാരവാഹികൾ, കെ എസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നിവർ രാജിവയ്ക്കാൻ തയ്യാറായിക്കഴിഞ്ഞു. റോയ് കെ പൗലോസിൻ്റെ വീട്ടിൽ സംഘം യോഗം ചേരുകയാണ്.
ഇടുക്കി ഡിസിസി മുൻ പ്രസിഡന്റും കെപിസിസി ജനറല് സെക്രട്ടറിയുമാണ് റോയ് കെ പൗലോസ്. പീരുമേട് സീറ്റിലേക്ക് റോയ് കെ പൗലോസിനെ പരിഗണിക്കുന്നതായാണ് നേരത്തെ പറഞ്ഞിരുന്നത്. ഇന്നലെ ഉച്ച വരെ അങ്ങനെയൊരു പ്രതീക്ഷയാണ് പാർട്ടി നൽകിയത്. വൈകുന്നേരത്തോടെ ആ സാധ്യത മങ്ങി. സ്ഥാനാർത്ഥി പട്ടികയിലുണ്ടാവില്ലെന്ന് കേന്ദ്രനേതൃത്വത്തിൽ നിന്ന് അറിയിപ്പ് വന്നു. തുടർന്ന് പലയിടങ്ങളിലും റോയ് കെ പൗലോസ് അനുകൂലികൾ യോഗം ചേർന്നിരുന്നു. അതിനു ശേഷമാണ് ഇവരെല്ലാം ഇപ്പോൾ റോയ് കെ പൗലോസിൻ്റെ കരിമണ്ണൂരിലെ വീട്ടിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും സ്ഥാനാർത്ഥി നിർണയത്തിൽ സമാന അനുഭവമുണ്ടായി. അവസാന ഘട്ടത്തിൽ ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. അനുകൂലതീരുമാനം ഉണ്ടായില്ലെങ്കിൽ രാജി വെയ്ക്കുമെന്നാണ് യോഗത്തിനെത്തിയവർ പറയുന്നത്. അങ്ങനെ വന്നാൽ ജില്ലയിലെ എല്ലാ സ്ഥാനാർത്ഥികളുടെയും വിജയസാധ്യതയെ ഇവരുടെ രാജി ബാധിക്കുമെന്നാണ് വിലയിരുത്തൽ.