സീറ്റ് വിഭജനം പോലും തീരും മുമ്പേ സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കമിട്ടയാളാണ് കെ ബി ഗണേഷ്കുമാര്‍...
കൊല്ലം: സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലെല്ലാം ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം തുടങ്ങിയെങ്കിലും വോട്ടു തേടി ഇറങ്ങാനാവാത്ത സ്ഥിതിയിലാണ് പത്തനാപുരത്തെ ഇടതു സ്ഥാനാർത്ഥി അപ്രതീക്ഷിതമായി ഉണ്ടായ കൊവിഡ് ബാധയാണ് കെ ബി ഗണേഷ്കുമാറിന് തെരഞ്ഞെടുപ്പിന്‍റെ പടിവാതിലില്‍ വിനയായത്. എന്നാല്‍ ആശുപത്രിക്കിടക്കയിലുളള സ്ഥാനാര്‍ത്ഥിയുടെ അസാന്നിധ്യത്തില്‍ സാക്ഷാല്‍ ബാലകൃഷ്ണപിളള തന്നെ മകന്‍റെ പ്രചാരണത്തിന് ഊര്‍ജം പകരാന്‍ രംഗത്തിറങ്ങി.
സീറ്റ് വിഭജനം പോലും തീരും മുമ്പേ സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കമിട്ടയാളാണ് കെ.ബി.ഗണേഷ്കുമാര്‍. സ്ഥാനാര്‍ഥിയ്ക്കായുളള ചുവരെഴുത്തുകളും ബോര്‍ഡുകളുമൊക്കെ മണ്ഡലത്തില്‍ നിറയുകയും ചെയ്തു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി കൊവിഡ് ബാധിതനായ ഗണേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി കിടക്കയിലേക്ക് ഒതുങ്ങേേണ്ടി വന്നത്. രണ്ടു തവണ നടത്തിയ കൊവിഡ് ടെസ്റ്റിലും പോസിറ്റീവ് ഫലം കിട്ടിയതോടെ ആശുപത്രി കിടക്കയില്‍ കുറഞ്ഞപക്ഷം ഈ മാസം പതിനേഴാം തീയതി വരെയെങ്കിലും തുടരേണ്ട സ്ഥിതിയിലാണ് സ്ഥാനാര്‍ഥി.ഈ സാഹചര്യത്തിലാണ് പ്രായത്തിന്‍റെ അവശതകള്‍ മാറ്റിവച്ച് മകന് വോട്ടു തേടി അച്ഛന്‍ ബാലകൃഷ്ണപിളള തന്നെ ഇറങ്ങിയത്.
പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനായെത്തിയ ബാലകൃഷ്ണപിളളയുടെ സാന്നിധ്യം തന്നെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുമെന്നാണ് ഇടത് നേതാക്കളുടെ വിലയിരുത്തല്‍. അതേസമയം നടി ആക്രമണ കേസിലെ സാക്ഷിയെ സ്വാധീനിച്ചെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഗണേഷിന്‍റെ മുന്‍ പിഎ പ്രദീപ് ഒരിടവേളയ്ക്കു ശേഷം മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. വിവാദങ്ങളെ തുടര്‍ന്ന് പ്രദീപിനെ പുറത്താക്കിയെന്ന് ഗണേഷ് തന്നെ പറഞ്ഞിരുന്നെങ്കിലും മണ്ഡലത്തിലെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചുളള പ്രദീപിന്‍റെ വരവ് ഇടതുമുന്നണിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ അമര്‍ഷത്തിനും വഴിവച്ചിട്ടുണ്ട്.