നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അന്തിമ ദിവസമായ ഇന്ന് ഡമ്മി സ്ഥാനാർത്ഥികൾ പിന്മാറും. വൈകീട്ട് മൂന്നു മണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം ഇന്ന് തെളിയും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അന്തിമ ദിവസമായ ഇന്ന് ഡമ്മി സ്ഥാനാർത്ഥികൾ പിന്മാറും. വൈകീട്ട് മൂന്നു മണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം.
140 മണ്ഡലങ്ങളിലേക്ക് ആയിരത്തി അറുപത്തൊന്ന് സാധുവായ പത്രികകളാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആയിരത്തി ഇരുന്നൂറ്റി മൂന്നു സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇത്തവണ എണ്ണം കുറയും. എല്ലാ മണ്ഡലങ്ങളിലെയും അന്തിമ സ്ഥാനാർത്ഥികളുടെ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ചിഹ്നം അനുവദിക്കാനുള്ള നടപടിക്രമങ്ങൾ നാളെ മുതൽ തുടങ്ങും.
അതേസമയം, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിന്‍റെ കാര്യത്തിൽ ഇന്ന് തീരുമാനമാകും. പാർട്ടിയുടെ 10 സ്ഥാനാർത്ഥികൾക്കും ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം ലഭിക്കാനാണ് സാധ്യത. ചങ്ങാനാശ്ശേരിയൊഴികെ മറ്റ് ഒൻപത് ഇടത്തും വേറെ രജിസ്ട്രേഡ് പാർട്ടികളാരും ഈ ചിഹ്നം ആവശ്യപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉച്ചയോടെ ചിഹ്നത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കും.