വാശിയേറിയ പോരാട്ടമെന്നത് അഴീക്കോടിനെ സംബന്ധിച്ച് വെറും വാചകമല്ല. കെ എം ഷാജിയെ തോൽപ്പിച്ച് അഴീക്കോട് തിരിച്ചു പിടിച്ചേ പറ്റുവെന്ന് സിപിഎമ്മിൻ്റെ വാശിയാണ്. ഒരു കാരണവശാലും തോൽക്കില്ലെന്ന വാശിയിൽ കെ എം ഷാജിയും.
അഴീക്കോട്: പിടിച്ചെടുക്കണമെന്ന വാശിയോടെ സിപിഎം മത്സരിക്കാനിറങ്ങുന്ന മണ്ഡലമാണ് അഴീക്കോട്. വയനാടൻ ചുരമിറങ്ങി വന്ന് അഴീക്കോട്ട് കൊടി നാട്ടിയ ഷാജിയെ ഇക്കുറി തറപറ്റിച്ചേ പറ്റുവെന്ന വാശിയിലാണ് സിപിഎം. അതിനായി നിർത്താവുന്നതിൽ എറ്റവും മികച്ച സ്ഥാനാർത്ഥിയെയാണ് അവർ നിയോഗിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റെന്ന നിലയിൽ പേരെടുത്ത കെ വി സുമേഷ്. സംസ്ഥാന സെക്രട്ടറി കൂടിയായ കെ രഞ്ജിത്ത് ആണ് ബിജെപിയുടെ സ്ഥാനാർത്ഥി. വോട്ട് വിഹിതം കാര്യമായി വർദ്ധിപ്പിക്കാമെന്നാണ് എൻഡിഎ പ്രതീക്ഷ.
undefined
ഷാജിയുടെ അഴീക്കോട്
2011ൽ മണ്ഡല പുനർനിർണ്ണയത്തിൽ അലകും പിടിയും മാറിയ അഴീക്കോട്ട് സിറ്റിംഗ് എംഎൽഎ പ്രകാശൻ മാസ്റ്ററെ 453 വോട്ടിന് അട്ടിമറിച്ചായിരുന്നു ഷാജിയുടെ തുടക്കം. 2016ൽ കേരളം മുഴുവൻ ശ്രദ്ധിച്ച പോരാട്ടത്തിൽ മാധ്യമപ്രവർത്തകൻ നികേഷ് കുമാറിനെ 2287 വോട്ടിന് തോൽപിച്ചു. എന്നിട്ടും മൂന്നാം അങ്കത്തിന് അഴീക്കോട് കണ്ണുംപൂട്ടിയിറങ്ങാൻ ഷാജി അറച്ചു നിന്നു. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണവും വളപട്ടണം പഞ്ചായത്തിൽ ലീഗ് കോൺഗ്രസ് തമ്മിലടിയും പണിയാകുമോ എന്നായിരുന്നു ഷാജിയുടെ ആശങ്ക.
കാസർകോടേക്കോ കളമശ്ശേരിയിലേക്കോ മാറാൻ ഷാജി ശ്രമിച്ചെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഷാജിക്ക് മാത്രമേ അഴീക്കോട് ജയസാധ്യതയുള്ളു എന്ന് യുഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായി പറഞ്ഞു. അങ്ങനെയാണ് ഷാജി അഴീക്കോട്ട് മൂന്നാം പോരിന് ഇറങ്ങിയിരിക്കുന്നത്.
മുൻ എംഎൽഎമാർ
ചടയൻ ഗോവിന്ദനായിരുന്നു അഴീക്കോടിന്റെ ആദ്യ എംഎൽഎ. പി ദേവൂട്ടി, ഇ പി ജയരാജൻ, ടി കെ ബാലൻ എന്നിവരും അഴീക്കോട് നിന്ന് നിയമസഭയിലെത്തി. 1987-ൽ എം വി രാഘവൻ യുഡിഎഫിൽ നിന്ന് വിജയിച്ചു. 2005 ലെ ഉപതിരഞ്ഞെടുപ്പ് മുതൽ 2011വരെ സിപിഎമ്മിന്റെ എം പ്രകാശനായിരുന്നു മണ്ഡലത്തിന്റെ എംഎൽഎ. 2011ൽ ഷാജി മണ്ഡലം പിടിച്ചെടുത്തു.
മണ്ഡല ഭൂമി ശാസ്ത്രം
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ അഴീക്കോട്, ചിറക്കൽ, വളപട്ടണം, നാറാത്ത്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകളും ഇപ്പോൾ കണ്ണൂർ കോർപ്പറേഷൻ്റെ ഭാഗമായ പള്ളിക്കുന്നും, പുഴാതിയും ഉൾപ്പെട്ടതാണ് അഴീക്കോട് നിയമസഭാമണ്ഡലം. എൽഡിഎഫിനോ യുഡിഎഫിനോ പുതിയ അഴീക്കോട്ട് മേൽക്കൈ അവകാശപ്പെടാനാകില്ല. 2008ലെ മണ്ഡല പുനർനിർണ്ണയത്തോട ചെറുകുന്നും, കണ്ണപുരവും കല്ല്യാശ്ശേരിയും പോയതാണ് അഴീക്കോടിനെ ഇടത് കോട്ടയല്ലാതാക്കിയത്. പകരം വന്നതാവട്ടേ യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ പുഴാതിയും പള്ളിക്കുന്നും അങ്ങനെയാണ് മണ്ഡലം ബലാബലത്തിലേക്കെത്തിച്ചത്.
സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിച്ച 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 21857 വോട്ടിന്റെ ഭൂരിപക്ഷമാണ് അഴീക്കോട് ഐക്യ ജനാധിപത്യ മുന്നണിക്ക് സമ്മാനിച്ചത്. എന്നാൽ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഈ നേട്ടം നിലനിര്‍ത്താനായില്ല. തദ്ദേശ കണക്കിൽ 6454 വോട്ടുകളുടെ മുൻതൂക്കമാണ് ഇടത് പക്ഷത്തിനുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ 12580 വോട്ടുകള്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ 15705 ആക്കി ഉയര്‍ത്താന്‍ ബിജെപിക്കും സാധിച്ചു.
ഇപ്പോഴത്തെ നിലയിൽ അഴീക്കോട്, പാപ്പിനിശ്ശേരി, ചിറക്കൽ, നാറാത്ത് പഞ്ചായത്തുകൾ ഇടത് പക്ഷത്തിന്റെ കയ്യിലാണ്. വളപട്ടണവും കണ്ണൂർ കോർപ്പറേഷൻ്റെ രണ്ട് സോണുകളും യുഡിഎഫിനൊപ്പവും ഈ കണക്കനുസരിച്ച് ഇടത് പക്ഷത്തിന് മുൻതൂക്കമുണ്ടെങ്കിലും കെ എം ഷാജിയുടെ മണ്ഡലത്തിലെ സ്വാധീനമാണ് ഇടത് ക്യാമ്പിന്റെ ചങ്കിടിപ്പ് കൂട്ടുന്നത്.