കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം മാറ്റും

By Web Team  |  First Published Mar 6, 2021, 8:31 AM IST

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നല്‍കുന്ന കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. 


ദില്ലി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കൊവിഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടിയന്തരമായി ഒഴിവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം. പശ്ചിമബംഗാളില്‍ വാക്സിനഷേന്‍ ബിജെപി പ്രചാരണായുധമാക്കുന്നുവെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പരാതിയിലാണ് നടപടി. അസമിലെ സീറ്റ് ചര്‍ച്ചയില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ മഹിള കോണ്‍ഗ്രസ് അധ്യക്ഷ പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ഇതിനിടെ ശക്തമായി.

ബംഗാളിലെ ബിജെപിയുടെ പ്രചാരണത്തില്‍ വടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാനമന്ത്രിയുടെ ചിത്രമുള്ള വാക്സിനേഷവന്‍ സര്‍ട്ടിഫിക്കേറ്റ് അടിയന്തരമായി പിന്‍വലിക്കണമെന്നാണ് നിര്‍ദ്ദേശം. കേരളമടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസഥാനങ്ങളിലും പുതുച്ചേരിയിലും നിര്‍ദ്ദേശം ബാധകമാണ്. സര്‍ട്ടിഫിക്കേറ്റ് പിന്‍വലിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. എന്നാല്‍ വിജ്ഞാപനം വരും മുന്‍പേ സര്‍ട്ടിഫിക്കറ്റുകള്‍ രൂപ കല്‍പന ചെയ്തതാണെന്നും, പ്രചാരണ വിഷയമല്ലെന്നുമാണ് ബിജെപിയുടെ പ്രതികരണം.

Latest Videos

ഇതിനിടെ. ഗുലാംനബി ആസാദിനെ പാര്‍ട്ടിയോടടുപ്പിക്കാനുള്ള ശ്രമം ബിജെപി ഊര്‍ജ്ജിതമാക്കി. സ്വാതന്ത്യത്തിന്‍റെ എഴുപത്തിയഞ്ചാം ആഘോഷത്തിന് പ്രധാനമന്ത്രി രൂപീകരിച്ച സമിതിയില്‍ ഗുംലാംനബി ആസാദിനെയും ഉള്‍പ്പെടുത്തി. എന്നാല്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനറങ്ങുമെന്നാണ് ഗുലാംനബി ആസാദിന്‍റെ പ്രതികരണം. അതേസമയം പാര്‍ട്ടിയെ ഞെട്ടിച്ച് മഹിള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ രാജി ഭീഷണി മുഴക്കിയിരിക്കുകയാണ്. അസമില്‍ എഐയുഡിഎഫിന് 21 സീറ്റ് നല്‍കിയതാണ് സുഷ്മിത ദേവിനെ ചൊടിപ്പിച്ചത്. വര്‍ഗീയ പശ്ചാത്തലമുള്ള പാര്‍ട്ടിയോട് കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെടുന്നതിനെ സുഷ്മിത എതിര്‍ത്തിരുന്നു. സുഷ്മിതയുടെ നീക്ക്തിന് പിന്നല്‍ തിരുത്തല്‍വാദികളായ നേതാക്കളുണ്ടെന്നാണ് സൂചന.

click me!