തെരഞ്ഞെടുപ്പ് കമ്മീഷന് തലവേദനയായി ഇരട്ട വോട്ട്; ആയിരക്കണക്കിന് വോട്ടുകൾ എങ്ങനെ നീക്കുമെന്നതിൽ വ്യക്തതയില്ല

By Web Team  |  First Published Mar 23, 2021, 6:59 AM IST

സംസ്ഥാനത്ത് വ്യാജ വോട്ടർമാർ ഏറെയുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം, പ്രാഥമിക പരിശോധനക്ക് ശേഷം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ശരിവച്ചിരുന്നു.


തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന് തലവേദനയായി ഇരട്ട വോട്ട്. ആയിരക്കണക്കിന് വോട്ടുകൾ എങ്ങനെ നീക്കുമെന്നതിൽ ഇനിയും വ്യക്തതയായില്ല. പ്രത്യേക പട്ടികയുണ്ടാക്കി പോളിംഗ് ഓഫീസർമാർക്ക് കൈമാറാനാണ് ശ്രമം. എന്നാൽ ഇത് പ്രായോഗികമല്ലെന്നാണ് ആശങ്ക. സംസ്ഥാനത്ത് വ്യാജ വോട്ടർമാർ ഏറെയുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം, പ്രാഥമിക പരിശോധനക്ക് ശേഷം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ശരിവച്ചിരുന്നു.

സംസ്ഥാനത്ത് 3.25 ലക്ഷം ഇരട്ടവോട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി. ആദ്യം പരാതി നൽകിയ അഞ്ച് മണ്ഡലങ്ങളിൽ കളക്ടർമാർ നടത്തിയ പ്രാഥമിക പരിശോധയിൽ പരാതിയിലെ 60 ശതമാനം പേർക്കും ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തി. വിജ്ഞാപനം വന്നതിനാൽ ഇരട്ടിപ്പ് ഇപ്പോൾ മാറ്റാൻ കഴിയില്ല. എന്നാൽ ഇരട്ട വോട്ട് ചെയ്യുന്നില്ലെന്ന് ഏങ്ങനെ ഉറപ്പിക്കാമെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. 

Latest Videos

കാസർകോട് ഉദുമയിലെ കുമാരി എന്ന വോട്ടർക്ക് അ‍ഞ്ച് തിരിച്ചറിയൽ കാർഡുകൾ നൽകിയ എ ഇ ആർ ഒയെ സസ്പെന്റ് ചെയ്തു. ഇരട്ടവോട്ട് കാലാകാലങ്ങളായുള്ള പ്രശ്നമാണെന്നാണ് കമ്മീഷൻ പറയുന്നത്. ബിഎൽഒമാർ നേരിട്ട് പരിശോധന നടത്താത്തതാണ് ഇതിനുള്ള കാരണമെന്ന് പറയുന്ന കമ്മീഷൻ രാഷ്ട്രീയപ്പാർട്ടികളെയും കുറ്റപെടുത്തുന്നു. പരാതി അംഗീകരിക്കപ്പെട്ടെന്നും മുഴുവൻ മണ്ഡലങ്ങളിലെയും കള്ളവോട്ടർമാരെ കണ്ടെത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

click me!