നേമം വെല്ലുവിളി ഏറ്റെടുക്കാൻ ഉമ്മൻചാണ്ടി മുന്നോട്ടുവെച്ച ഉപാധികള്‍ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാൻ കെ ബാബുവിനെ ഇറക്കിയേ മതിയാവൂ എന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്.
തിരുവനന്തപുരം: ധാരണയിലെത്താത്ത പത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ച ദില്ലിയില്‍ പുരോഗമിക്കുമ്പോള്‍ നേമത്തിന്‍റെ കാര്യത്തില്‍ അവ്യക്തത തുടരുന്നു.വെല്ലുവിളി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി മുന്‍പോട്ട് വച്ച ഉപാധികള്‍ അംഗീകരിക്കണോയെന്നതില്‍ രണ്ടഭിപ്രായങ്ങളുണ്ട്. മറ്റ് മണ്ഡലങ്ങളിലെ പ്രശ്നപരിഹാരത്തിന് ഉമ്മന്‍ചാണ്ടിയോടും, ചെന്നിത്തലയോടും നേരിട്ട് ഇടപെടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏത് വിധേനെയും നാളെ പ്രഖ്യാപനം നടത്താനുള്ള തിരക്കിട്ട ശ്രമങ്ങളാണ് നടക്കുന്നത്.
നേമം വെല്ലുവിളി ഏറ്റെടുക്കാൻ ഉമ്മൻചാണ്ടി മുന്നോട്ടുവെച്ച ഉപാധികള്‍ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാൻ കെ ബാബുവിനെ ഇറക്കിയേ മതിയാവൂ എന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. രാഹുൽ ഗാന്ധിക്കായി ലോക്സഭ തെരഞ്ഞെടുപ്പില്‍ വഴിമാറിയ ടി സിദ്ദിഖിനും സീറ്റ് നല്‍കണമെന്ന് ഉമ്മൻ ചാണ്ടി വാദിക്കുന്നു.
undefined
എന്നാൽ അഴിമതി ആരോപണം നേരിടുന്ന ബാബു മത്സരിക്കുന്നത് മറ്റു മണ്ഡലങ്ങളിലെ ജയസാധ്യതയെ ബാധിക്കുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. ബാബുവിനെ വെട്ടിയാൽ തൃപ്പൂണിത്തുറയിൽ സൗമിനി ജയിൻ സ്ഥാനാർഥിയേയേക്കും. നിലമ്പൂരിലും, കല്‍പറ്റയിലും,പട്ടാമ്പിയിലും പ്രതിഷേധമുള്ളതിനാല്‍ സിദ്ദിഖിനെ എവിടെ മത്സരിപ്പിക്കണമെന്നതിലും ആശയക്കുഴപ്പമുണ്ട്.
നിലമ്പൂരില്‍ ഡിസിസി അധ്യക്ഷൻ വി.വി.പ്രകാശിനെ മത്സരിപ്പിക്കാനായി സമ്മര്‍ദ്ദമുണ്ട്. കല്‍പറ്റയുടെ കാര്യത്തിൽ തീരുമാനം രാഹുല്‍ഗാന്ധിക്ക് വിട്ടിരിക്കുകയാണ്. കൊല്ലത്തിനായി പി.സി.വിഷ്‌ണുനാഥ് പിടിമുറുക്കിയതോടെ കുണ്ടറ, ആറന്മുള മണ്ഡലങ്ങളിൽ തർക്കം രൂക്ഷമായിട്ടുണ്ട്. ആറന്മുളയാണ് നേതൃത്വം വിഷ്‌ണുനാഥിനായി നിർദേശിച്ചത്.
കുണ്ടറ വേണ്ടെന്നും കൊല്ലമാണെങ്കിൽ മത്സരിക്കാമെന്നുമാണ് ബിന്ദു കൃഷ്ണയുടെ നിലപാട്. പ്രാദേശിക പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനത്തിന് മുന്‍പേ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കേരളത്തിലേക്ക് മടങ്ങിയത്. ദില്ലിയില്‍ തുടരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ മുതിര്‍ന്ന നേതാക്കളായ എ.കെ.ആന്‍റണി, സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്‍ എച്ച്.കെ.പാട്ടീല്‍ എന്നിവരുമായി അവസാന വട്ട ചര്‍ച്ചകളിലാണ്.