കോണ്‍ഗ്രസ് നേതാവിനെ ദത്തെടുത്ത് മുസ്ലീം ലീഗ്: കുന്ദമംഗലത്ത് ദിനേശ് പെരുമണ്ണ യുഡിഎഫ് സ്വതന്ത്രനാവും

By Web Team  |  First Published Mar 12, 2021, 5:48 PM IST

മുസ്ലീംവോട്ടുകൾ നിര്‍ണായകമായ കോഴിക്കോട് സൗത്ത് ഒരു നഗരമണ്ഡലമാണ് എന്നതാണ് അവിടെ വനിതയെ സ്ഥാനാര്‍ത്ഥിയെ ഇറക്കാൻ ലീഗിന് ധൈര്യം നൽകിയത്


കോഴിക്കോട്: കോണ്‍ഗ്രസിൽ നിന്നും മുസ്ലീം ലീഗ് ഏറ്റെടുത്ത കുന്ദമംഗലത്ത് കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണ യുഡിഎഫിന്റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കഴിഞ്ഞ തവണ 24 സീറ്റിൽ മത്സരിച്ച മുസ്ലീംലീഗിന് ഇക്കുറി മൂന്ന് സീറ്റുകളാണ് കോണ്‍ഗ്രസ് അധികമായി അനുവദിച്ചത്. പുതുതായി തരുന്ന മൂന്ന് സീറ്റുകളിലൊന്നിൽ മുന്നണി സ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകൾ തുടങ്ങിയ ഘട്ടത്തിൽ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതാണ് കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്രൻ എന്ന തന്ത്രത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ രണ്ട് ടേമുകളിലായി എം.കെ.മുനീര്‍ വിജയിച്ചു വന്ന കോഴിക്കോട് സൗത്തിലാണ് മുസ്ലീം ലീഗ് 25 വര്‍ഷത്തിന് ശേഷം വനിതാ സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കുന്നത്. മുസ്ലീംവോട്ടുകൾ നിര്‍ണായകമായ കോഴിക്കോട് സൗത്ത് ഒരു നഗരമണ്ഡലമാണ് എന്നതാണ് അവിടെ വനിതയെ സ്ഥാനാര്‍ത്ഥിയെ ഇറക്കാൻ ലീഗിന് ധൈര്യം നൽകിയത്. കോഴിക്കോട് സൗത്തിൽ യുഡിഎഫിൽ നിന്നും മുസ്ലീം ലീഗും, എൽഡിഎഫിൽ നിന്നും ഐഎൻഎല്ലും, എൻഡിഎയിൽ നിന്നും ബിഡിജെഎസുമാണ് മത്സരിക്കുന്നത്. ഇതും ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ അവിടെ പരീക്ഷിക്കാൻ മുസ്ലീം ലീഗിന് അനുകൂല ഘടകമായി മാറി. 

Latest Videos

undefined

അഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുന്ന കൊടുവള്ളി സീറ്റിലേക്ക് മുനീര്‍ എത്തുന്നതോടെ സീറ്റ് തിരികെ പിടിക്കാനാവും എന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. എം.കെ.മുനീര്‍ എവിടെ മത്സരിക്കണം എന്നതിനെ ചൊല്ലി കാര്യമായ ചര്‍ച്ചകൾ പാര്‍ട്ടിക്കുള്ളിൽ നടന്നിരുന്നു. ദീര്‍ഘകാലമായി മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന കെ.പി.എ മജീദ് വീണ്ടും പാര്‍ലമെൻ്റ രംഗത്തേക്ക് വരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. തിരൂരങ്ങാടി സീറ്റിലാണ് കെപിഎ മജീദ് മത്സരിക്കുന്നത്. നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്ന അബ്ദുൾ വഹാബിനെ ഒഴിവാക്കിയാണ് മജീദ് സീറ്റുറപ്പിച്ചത്. 

മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ എം.സി.കമറുദ്ദീനെതിരെ വിമതസ്വരം ഉയര്‍ത്തിയ എ.കെ.എം.അഷ്റഫ് ഇത്തവണ സ്ഥാനാര്‍ത്ഥിത്വം നേടിയെടുത്തു. മണ്ഡലം മാറുമെന്ന വാര്‍ത്തകൾ തള്ളി കെ.എം.ഷാജി വീണ്ടും അഴിക്കോട് മത്സരിക്കും. യൂത്ത് ലീഗ് നേതാക്കളായ നജീബ് കാന്തപുരം പെരിന്തൽമണ്ണയിലും, പികെ ഫിറോസ് താനൂരിലും വീണ്ടും ജനവിധി തേടും. പാലക്കാട്ടെ സംവരണ സീറ്റായ കോങ്ങാട് യു.സി.രാമനെയാണ് ലീഗ് ഇറക്കുന്നത്. ലോക്സഭയിലേക്ക് മത്സരിക്കാൻ നീക്കം നടത്തിയ അഡ്വ.എൻ.ഷംസുദ്ദീൻ വീണ്ടും മണ്ണാര്‍ക്കാട് തന്നെ മത്സരിക്കും. മഞ്ഞളാംകുഴി അലി മങ്കടയിലും കെഎൻഎ ഖാദര്‍ ഗുരുവായൂരിലും ജനവിധി തേടും. 

മുസ്ലീംലീഗിൻ്റെ സ്ഥാനാര്‍ത്ഥികൾ -

മലപ്പുറം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി : എം.പി. അബ്ദുസ്സമദ് സമദാനി
ഒഴിവ് വരുന്ന രാജ്യ സഭ സീറ്റിലേക്ക്: പി.വി. അബ്ദുല്‍ വഹാബ് 

1.    മഞ്ചേശ്വരം    :    എ.കെ.എം. അഷ്റഫ്
2.    കാസറഗോഡ്     :    എൻഎ നെല്ലിക്കുന്ന്
3.    അഴീക്കോട്     :     കെ.എം ഷാജി
4.     കൂത്തുപറമ്പ്     :     പൊട്ടന്‍കണ്ടി അബ്ദുള്ള
5.     കുറ്റ്യാടി     :     പാറക്കല്‍ അബ്ദുള്ള
6.     കോഴിക്കോട് സൗത്ത്     : അഡ്വ. നൂര്‍ബീന റഷീദ് 
7.     കുന്ദമംഗലം     :     ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രന്‍)
8.     തിരുവമ്പാടി     :     സി.പി. ചെറിയ മുഹമ്മദ്
9.     മലപ്പുറം      :     പി. ഉബൈദുല്ല
10.     വള്ളിക്കുന്ന്     :     പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ 
11.     കൊണ്ടോട്ടി     :    ടി.വി. ഇബ്രാഹിം
12.     ഏറനാട്      :    പി. കെ ബഷീര്‍
13.     മഞ്ചേരി      :    അഡ്വ. യു.എ. ലത്തീഫ് 
14.    പെരിന്തല്‍മണ്ണ    : നജീബ് കാന്തപുരം 
15.    താനൂര്‍    :     പി.കെ. ഫിറോസ്
16.    കോട്ടക്കല്‍    :     കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍
17.    മങ്കട    :    മഞ്ഞളാംകുഴി അലി
18.    വേങ്ങര    :    പി.കെ. കുഞ്ഞാലിക്കുട്ടി
19.    തിരൂര്‍    :    കുറുക്കോളി മൊയ്തീന്‍  
20.    ഗുരുവായൂര്‍     :    അഡ്വ. കെ.എന്‍.എ. ഖാദര്‍
21.    തിരൂരങ്ങാടി     :     കെ.പി.എ. മജീദ് 
22.     മണ്ണാര്‍ക്കാട്     :     അഡ്വ. എന്‍. ഷംസുദ്ദീന്‍ 
23.     കളമശ്ശേരി     :     അഡ്വ. വി.ഇ. ഗഫൂര്‍ 
24.     കൊടുവള്ളി     :     ഡോ. എം.കെ. മുനീര്‍ 
25.     കോങ്ങാട്    :    യു.സി. രാമന്‍ 

26.    പുനലൂര്‍/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും 
27.    പേരാമ്പ്ര     : പിന്നീട് പ്രഖ്യാപിക്കും

click me!